Latest NewsLife Style

ഓഫീസ് ജോലിക്കിടെ ചെയ്യാം ചെറുവ്യായാമം; കാക്കാം ഹൃദയാരോഗ്യം

പകല്‍ മുഴുവന്‍ ഒരേ കസേരയില്‍ കംപ്യൂട്ടറിന് മുന്നില്‍ നീണ്ട ഇരിപ്പ്. ഭക്ഷണം കഴിക്കാനോ ചായ കുടിക്കാനോ മാത്രം ഇടയ്ക്ക് എഴുന്നേല്‍ക്കും. വീണ്ടും അതേ ഇരിപ്പ്. ഓഫീസ് ജോലി ചെയ്യുന്നവരുടെയെല്ലാം അവസ്ഥ മിക്കവാറും ഇതുതന്നെ. ഇത്തരം ജോലികള്‍ ചെയ്യുന്നവരുടെ എണ്ണവും മുമ്പത്തേതില്‍ നിന്ന് കൂടിവരികയാണ്.

പലതരത്തിലുള്ള ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഈ ജീവിതരീതി നമുക്ക് സമ്മാനിക്കുക. അമിതവണ്ണം, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദ്ദം- അങ്ങനെ പോകും അസുഖങ്ങളുടെ ലിസ്റ്റ്. ക്രമേണ ഇതെല്ലാം ബാധിക്കുക ഹൃദയത്തിന്റെ ആരോഗ്യത്തെ ആയിരിക്കും. ഈ പ്രശ്‌നത്തിന് ചെറിയൊരു പരിഹാരമെന്നോണം ഓഫീസില്‍ വച്ചുതന്നെ ചെയ്യാവുന്ന ഒരു വ്യായാമത്തെ കുറിച്ചാണ് ഒരു കൂട്ടം ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

നീണ്ട ഇരിപ്പിനിടയില്‍ എഴുന്നേറ്റ് പടികള്‍ കയറുകയും ഇറങ്ങുകയും ചെയ്യുകയെന്നതാണ് ഈ വ്യായാമം. ഇതൊരു വ്യായാമമുറയായിത്തന്നെ പലരും പരിശീലിക്കാറുണ്ട്. എന്നാല്‍ ഹൃദയാരോഗ്യത്തിന് വളരെ ഫലപ്രദമായ വ്യയാമമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കാനഡയില്‍ നിന്നുള്ള ഒരു കൂട്ടം വിദഗ്ധര്‍ ഇത് ഓഫീസ് ജോലിക്കിടെയും പരീക്ഷിക്കാമെന്ന വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.

ഓഫീസ് ജോലി ചെയ്യുന്ന ഒരു കൂട്ടം യുവാക്കളെ ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തിനൊടുവിലാണ് വിദഗ്ധരുടെ സംഘം ഇക്കാര്യം പഠനറിപ്പോര്‍ട്ടായി പ്രസിദ്ധീകരിച്ചത്. പഠനത്തിന് തെരഞ്ഞെടുത്ത ഗ്രൂപ്പിനെ രണ്ടായി തരം തിരിച്ച്, അതിലൊരു വിഭാഗത്തോട് ദിവസവും മൂന്നിലധികം തവണ പടികള്‍ കയറിയിറങ്ങാന്‍ നിര്‍ദേശിച്ചു. ആറ് ആഴ്ചയ്ക്ക് ശേഷം ഇവരുടെ ആരോഗ്യം വിലയിരുത്തിയ പഠനസംഘം കാര്യമായ മാറ്റങ്ങളാണ് ഇവരില്‍ കണ്ടെത്തിയത്. പ്രത്യേകിച്ചും ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍.

‘ചായയോ ഭക്ഷണമോ കഴിക്കാനെഴുന്നേല്‍ക്കുന്ന സമയങ്ങളില്‍ ഓഫീസ് ജോലിക്കാര്‍ക്ക് പടികള്‍ ഒന്ന് കയറിയിറങ്ങി ഈ വ്യായാമം ചെയ്യാവുന്നതേയുള്ളൂ. ഇതിന്റെ ഫലത്തെ കുറിച്ച് വേണ്ടരീതിയില്‍ അവബോധമില്ലാത്തതാണ് നമ്മുടെ പ്രശ്‌നം’- പഠനത്തിന് നേതൃത്വം കൊടുത്ത മെക്-മാസ്റ്റര്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ മാര്‍ട്ടിന്‍ ജിബാല പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button