Latest NewsNewsIndia

സാമ്പത്തിക വര്‍ഷ ക്രമം മാറ്റുന്നു

ന്യൂഡല്‍ഹി: വരാന്‍ പോകുന്ന ലോകസഭ തെരഞ്ഞെടുപ്പിന് മുമ്പ് രാജ്യത്തിന്റെ സാമ്പത്തിക വര്‍ഷം കണക്കാക്കുന്ന നിലവിലെ രീതി മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. നിലവിലെ സാമ്പത്തിക വര്‍ഷം ഏപ്രില്‍ 1ന് ആരംഭിച്ച് മാര്‍ച്ച് 31ന് അവസാനിക്കുന്ന രീതിയിലാണ് അത് ജനുവരി-ഡിസംബര്‍ എന്ന പുതിയ രീതിയിലേക്ക് മാറ്റാനാണ് ആലോചന നടക്കുന്നത്.

ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കുമെന്ന് രാജ്യതലസ്ഥാനത്ത് നിന്നുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. രാജ്യത്ത് കൃഷിയിറക്കുന്ന സീസണുകളുമായി യോജിച്ച് പോകുന്ന സാമ്പത്തിക വര്‍ഷത്തിന് വേണ്ടിയാണ് ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷം ആലോചിക്കുന്നത്. കഴിഞ്ഞ വര്‍ഷം ചേര്‍ന്ന നീതി ആയോഗിന്റെ ഭരണസമിതിയില്‍ മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ ജനുവരി-ഡിസംബര്‍ സാമ്പത്തിക വര്‍ഷമെന്ന ആശയത്തിന് പ്രധാനമന്ത്രി തന്നെ അംഗീകാരം നല്‍കിയിരുന്നു.

കേന്ദ്രസര്‍ക്കാര്‍ രണ്ട് വര്‍ഷം മുമ്പ് പുതിയ രീതിയിലുള്ള സാമ്പത്തിക വര്‍ഷം നടപ്പിലാക്കുന്നതിനുള്ള സാധ്യത പഠിക്കാന്‍ ഉന്നതതല സമിതിയെ നിയമിച്ചിരുന്നു. ഈ സമിതി കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിക്കഴിഞ്ഞു. കാര്‍ഷിക സീസണുകള്‍ക്ക് അനുസൃതമായി സാമ്പത്തിക വര്‍ഷം ക്രമീകരിക്കുന്നത് ഉല്‍പ്പാദനത്തിനും നികുതി സംവിധാനത്തിനും അടക്കം മൊത്തത്തില്‍ പ്രയോജനകരമാണെന്ന് സമിതി റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

ഇപ്പോഴുള്ള സാമ്പത്തിക വര്‍ഷ ക്രമം അനുസരിച്ച് പല പദ്ധതികളും തുടങ്ങാന്‍ ജൂണിലെ മഴക്കാലം കഴിയുന്നത് വരെ കാത്തിരിക്കേണ്ട സ്ഥിതിയാണ്. ഇതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് സാമ്പത്തിക വര്‍ഷ ക്രമം മാറ്റുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button