Travel

ഉഡുപ്പി, കൊല്ലൂർ,ഗോകർണ്ണം, മുരുടേശ്വരം വഴിയൊരു യാത്ര -കുംഭാസിക്കാഴ്ച്ചകൾ

ജ്യോതിർമയി ശങ്കരൻ

അദ്ധ്യായം -3

ക്ഷേത്രാങ്കണം അത്ര തിരക്കേറിയതായിരുന്നില്ല എങ്കിലും സന്ദർശകർ വന്നുകൊണ്ടേയിരിയ്ക്കുന്നുണ്ടായിരുന്നു. രണ്ടു ഭാവങ്ങളിലും രൂപങ്ങളിലും, അതായത് നിൽക്കുന്നതും ഇരിയ്ക്കുന്നതും, മഹാഗണപതിദർശനം കാംക്ഷിച്ചെത്തുന്നവരാണധികവും. സമയമില്ലാത്തതിനാൽ ഇത്തവണ ഞങ്ങൾക്കാ മോഹം സാക്ഷാത്ക്കരിയ്ക്കാനാവില്ലെന്ന് ഖേദത്തോടെയോർത്തു. കുറച്ചു മുന്നോട്ടു വന്ന് വിശാലമായ ക്ഷേത്രമൈതാനിയുടെ നടുക്കു നിന്ന് തിരിഞ്ഞു നോക്കിയപ്പോൾ ക്ഷേത്രം മനോഹരമായൊരു ചിത്രം പോലെ നീണ്ടു പരന്നു കിടക്കുന്ന കാഴ്ച്ച ഏറെ ഹൃദ്യമായിത്തോന്നി. പടർന്നു പന്തലിച്ചു നിൽക്കുന്ന ആലിന്റെ ഇലകൾ പഴുത്ത് സ്വർണ്ണ നിറമാണ്ടിരിയ്ക്കുന്ന പശ്ചാത്തലത്തിൽ ആൽച്ചുവട്ടിലെ ചെറിയ പ്രതിഷ്ഠയും പുറകിലെ മനോഹരമായ ഗോപുരവും, ഗോപുരത്തിന്മേൽ കൊത്തിവച്ചിരിയ്ക്കുന്ന സ്വർണ്ണ നിറത്തിൽ തിളങ്ങുന്ന അനേകം ഗണപതിവിഗ്രഹങ്ങളും കണ്ടപ്പോൾ ഒന്നുകൂടി ഭക്തിപൂർവ്വം തൊഴാതിരിയ്ക്കാനായില്ല. മഹാഭാരതകാലഘട്ടത്തിലെന്നോണം അലങ്കാര വൈവിദ്ധ്യം നിറഞ്ഞ അമ്പലത്തിലെ തൂണുകളും വാതിലുകലും കൊത്തുപണികൾ നിറഞ്ഞ തട്ടും മുൻപേ ശ്രദ്ധിച്ചിരുന്നുവെങ്കിലും പുറത്തു കടന്നപ്പോഴേ രണ്ടു നിലയിലായുള്ള ഗോപുരത്തിന്റെ മനോഹാരിത ശ്രദ്ധയിൽ‌പ്പെട്ടുള്ളൂ. ഇരുണ്ട നീലനിറമാർന്നു കാണപ്പെട്ട ഗോപുരത്തിന്റെ നാലുവശത്തേയ്ക്കും തിരിഞ്ഞിരിയ്ക്കുന്ന അതിമനോഹരമായ സ്വർണ്ണ നിറമാർന്ന ഗണപതിവിഗ്രഹങ്ങൾ കണ്ണിനു വിരുന്നേകി. ഇരുവശത്തും കാവൽനിൽക്കുന്ന സിംഹരൂപികളായ കാവൽക്കാർ. ഗോപുരത്തിന്റെ രണ്ടാം നിലയിലും മനോഹരമായ ഗണപതിവിഗ്രഹം സ്വർണ്ണനിറമാർന്നു തന്നെ കാണപ്പെട്ടു. ഭഗവാന്റെ രണ്ടുഭാഗത്തുമായി ഇരുന്ന് സംഗീതഭേരിയുയർത്തുന്ന രണ്ടു ദ്വാരപാലകരേയും കാണാൻ കഴിഞ്ഞു

മുന്നിൽ നിരകളായി കണ്ട കടകളിലേയ്ക്കൊന്നു കണ്ണോടിച്ചപ്പോൾ കണ്ട നിറച്ചാർത്തിൽ ഉള്ളിൽ കുളുർമ്മ നിറഞ്ഞു. നിറയെ പൂജാദ്രവ്യങ്ങൾ വിൽ‌പ്പനയ്ക്കായി ഒരുക്കി വച്ചിരിയ്ക്കുന്നു.അവയിൽ മഞ്ഞയും വെള്ളയും നിറത്തിലായി ജമന്തിപ്പൂക്കളും ചുവപ്പും വെള്ളുപ്പും വയലറ്റും നിരങ്ങളിലെ ഡാലിയയും കണ്ടു. മുല്ലമൊട്ടിനു സമം ഒരുക്കിയ കവുങ്ങിൻപൂക്കുലമാല അതിമനോഹരം തന്നെ. സന്ദർശകർ കൊണ്ടു പോകുന്ന പൂജാത്തട്ടിലേയ്ക്കു നോക്കിയപ്പോൾ മനസ്സിലാക്കാനായി, വിനായകഭഗവാന്റെ പ്രിയപുഷ്പ്പം കവുങ്ങിൻ പൂക്കുലയിലെ പൂക്കൾ തന്നെയാണെന്ന്. കൂമ്പാളകൾക്കിടയിൽ നിന്നും പുറത്തുവരാത്ത പൂങ്കുലകൾ ധാരാളമായി എല്ലാ കടകളിലും കാണാം ഇളം കതിർക്കുലകൾ നീളത്തിൽ അടർത്തിയെടുത്ത് അലങ്കാരത്തിന്നായുപയോഗിയ്ക്കുന്നു. അവ തന്നെ മനോഹരമായ മാലകളായും മാറുന്നു. കവുങ്ങിന്റെ പട്ടയിൽ നിന്നും ഇലകൾ നീളത്തിൽ വെട്ടിയെടുത്ത് റിബണുകൾ പോലെ മനോഹരമായി മടക്കിയൊതുക്കി കോർത്ത കരിംപച്ച നിറത്തിലുള്ള അതിമനോഹരങ്ങളായ വലിയ മാലകൾ കടകളിലെല്ലാം തൂങ്ങിക്കിടക്കുന്നുണ്ട്. പഴവും കൊട്ടകൾ നിറയെ നാളികേരവുമെല്ലാം എല്ലാ കടയിലും കാണാം. ഭഗവാനു സമർപ്പിയ്ക്കാൻ ഭക്തർക്കായി ഒരുക്കിയിരിയ്ക്കുന്ന മുളകൊണ്ടുണ്ടാക്കിയ പൂക്കൂടയും അതിലെ സാമഗ്രികളും കൌതുകം ജനിപ്പിച്ചു. വിനായക ചതുർത്ഥിദിനം ഇവിടെ പ്രമുഖമാണു. അന്ന് ഭഗവാനെതേരിൽ പ്രദക്ഷിണം ചെയ്യും.

നാഗാചല ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രവും,ഹരിഹരക്ഷേത്രവും.

നല്ല തണൽ പരത്തി നിൽക്കുന്ന അനേകം മരങ്ങൾക്കു കീഴിലായി വിശാലമായ അമ്പലമൈതാനിയിൽ സന്ദരശകരുടെ കാറുകൾ പാർക്കു ചെയ്യുവാൻ ഇഷ്ടം പോലെയിടമുണ്ട്. പൂരപ്പറമ്പു പോലെ ഭക്തരുടെ ശ്രദ്ധയാകർഷിച്ചുകൊണ്ട് കുറെയേറെ വഴിവാണിഭക്കാരും ഐസ്ക്രീ വിൽ‌പ്പനക്കാരും ഇടം പിടിച്ചിരിയ്ക്കുന്നു.മരത്തണലിലൂടെ വഴിവാണിഭങ്ങളും നോക്കി മുന്നോട്ടു നടക്കുമ്പോൾ ദൂരെയായി പല ക്ഷേത്രകവാടങ്ങളും ദൃഷ്ടിയിൽ‌പ്പെട്ടു. ആദ്യം കണ്ടത് താഴോട്ടു ഇറങ്ങുന്നതിനായി ഒട്ടേറെ പടവുകളുള്ള ഒരു മുഖമണ്ഡപമാണ്.പടവുകളിറങ്ങിച്ചെന്നാൽ ഹരിഹരഭഗവാനെ കാണാം. ഒരു കുളത്തിനു നടുവിലായി പണി കഴിപ്പിച്ച അതിമനോഹരമായൊരു ക്ഷേത്രമാണത്. ഗജഗിരിയുടെ മുകളിലായി ഗണപതി ഭഗവാനും കുന്നിൻ താഴ്വരയിലായി ഹരിഹരഭഗവാ‍നും വസിയ്ക്കുന്നുവെന്നാ‍ണ് സങ്കൽ‌പ്പം. താഴേയ്ക്കിറങ്ങാതെ ഞങ്ങൾ മുന്നോട്ടു തന്നെ നടന്നപ്പോൾ നാഗാചല ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം എന്നെഴുതി ഒരു ബോർഡ് ശ്രദ്ധയിൽ‌പ്പെട്ടു. പുതിയതായി നിർമ്മിയ്ക്കപ്പെട്ടതാണെന്നു തോന്നി. പടികൾ കയറി മുകളിലെത്തി അയ്യപ്പദർശനം നടത്തി. ക്ഷേത്രത്തിന്റെ പിന്നിലെ നടയിലൂടെ കയറാൻ ശബരിമലയിലെന്നോണം 18 പടികൾ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവിടെ നിന്നുള്ള കവാടം പൂട്ടിയിട്ടിരിയ്ക്കുന്നു. ദർശനാനന്തരം പുറത്തു വന്നപ്പോൾ മറ്റു ചില ചെറിയ ശ്രീകോവിലുകളും കണ്ട്. ഒരു ചെറിയ സ്റ്റേഷനറിക്കടയ്ക്കപ്പുറമായി മുൻപു കണ്ട മുഖമണ്ഡപത്തിലെത്തി. താഴോട്ടു നോക്കിയപ്പോൾ താഴോട്ടിറങ്ങിപ്പോകാനുള്ള വീതിയേറിയതെങ്കിലും എണ്ണമില്ലാത്ത കോൺക്രീറ്റു കൊണ്ടുണ്ടാക്കിയ പടികൾ മാടി വിളിയ്ക്കാൻ തുടങ്ങി.. ധൈര്യം സംഭരിച്ച് പടികൾ എണ്ണിക്കൊണ്ട് ഇറക്കം തുടങ്ങിയെങ്കിലും . എവിടെയോ വെച്ച് പടികളുടെ എണ്ണമെടുക്കൽ നിന്നുപോയത് അറിഞ്ഞതേയില്ല. ശ്രദ്ധ മുഴുവനും താഴോട്ടിറങ്ങുന്നതിലായിരുന്നല്ലോ. അൽ‌പ്പം ഉയരത്തിൽ തന്നെ നിൽക്കുന്ന താഴത്തെ തട്ടിൽ നിന്നു നോക്കിയപ്പോൾ ഒരു കുളത്തിനു നടുവിലായി സ്ഥിതിചെയ്യുന്ന മനോഹരമാ‍യ ക്ഷേത്രവും പരിസരവും സ്വപ്നസദൃശമായ ഒരു മനോഹര ദൃശ്യമായി മനസ്സിൽ ഇടം പിടിച്ചു. കുംഭാസുര നിഗ്രഹത്തിന്നായി ഹരിയോടും ഹരനോടും പ്രത്യക്ഷപ്പെടാൻ അപേക്ഷിച്ച് മുനിമാർ ഒരുക്കിയ ഇടം.രണ്ടുപേരും ഒന്നിച്ചു പ്രത്യക്ഷപ്പെടാൻ വൈകിയപ്പോൾ അതിനായി ഒരുക്കിവച്ച സ്ഥലത്തെ പാത്രങ്ങൾ മുനിമാർ തുറന്നു നോക്കുകയും ഹരിയും ഹരനും അക്കാരണത്താൽ പ്രത്യക്ഷപ്പെടാതെ വരുകയും ചെയ്തെന്നാണ് ഐതിഹ്യം. പകരമായി ഭീമസേനൻ അവിടെയെത്തി കുംഭാസുരനിഗ്രഹം നടത്തുമെന്ന വരവും മുനികൾക്കു കിട്ടി.

ബാക്കി പടികളും ഇറങ്ങി താഴെയെത്തി, ചെരിപ്പുകൾ ഊരി വച്ച് ക്ഷേത്രദർശനത്തിന്നായി ഞങ്ങൾ മുന്നോട്ടു നടക്കുമ്പോൾ ക്ഷേത്രവും നിറഞ്ഞു കിടക്കുന്ന ക്ഷേത്രക്കുളവും അതിലെ ജലത്തിൽ മുങ്ങിയൂളിയിട്ടുകൊണ്ടിരിയ്ക്കുന്ന മത്സ്യക്കൂട്ടങ്ങളും മാത്രമേ കണ്ണിൽ‌പ്പെട്ടുള്ളൂ.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button