Latest NewsFootballSports

സലയ്ക്ക് വേണ്ടി കാത്തിരിപ്പ് തുടരുന്നു; സ്വന്തം നിലയ്ക്ക് തിരച്ചില്‍ തുടരുമെന്ന് ബന്ധുക്കള്‍

വിമാന യാത്രക്കിടെ ദുരൂഹമായി കാണാതായ ഫുട്‌ബോള്‍ താരം എമിലിയാനോ സലയ്ക്ക് വേണ്ടി സ്വന്തം നിലക്ക് തെരച്ചില്‍ ആരംഭിച്ച് ബന്ധുക്കള്‍. ഒരാഴ്ച്ച പിന്നിട്ടശേഷവും താരത്തെ കണ്ടെത്താന്‍ സാധിക്കാതിരിക്കുകയും, പൊലീസ് തെരച്ചില്‍ അവസാനിപ്പിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് സുഹൃത്തുക്കളുടെയും എന്‍.ജി.ഓകളുടെയും സഹായത്തോടെ തെരച്ചില്‍ തുടരാന്‍ ബന്ധുക്കള്‍ തീരുമാനിച്ചിരിക്കുന്നത്.

തെരച്ചിലിനായി ഫണ്ട് റൈസിംഗ് പരിപാടി നടത്തിയിരുന്നു. ഇതിന് വലിയ പിന്തുണയാണ് ഓണ്‍ലൈന്‍ കൂട്ടായ്മകളില്‍ നിന്നും ലഭിച്ചത്. രണ്ട് ബോട്ടുകളുള്‍പ്പടെയുള്ള സംഘമാണ് സലക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിക്കുവേണ്ടി ശനിയാഴ്ച 19.3 ദശലക്ഷം ഡോളറിന് കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് ദുരൂഹ കാണാതാകല്‍. കാര്‍ഡിഫിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ തുകയായിരുന്നു ഇത്. ഫ്രഞ്ച് ക്ലബായ നാന്റസിലാണ് സല കളിച്ചിരുന്നത്.

നാന്റസ് ടീമംഗങ്ങളോട് യാത്രപറഞ്ഞശേഷം പുതിയ ക്ലബിലേക്ക് പുറപ്പെട്ടതായിരുന്നു സല. ചെറു വിമാനത്തിലാണ് ഉത്തര ഫ്രാന്‍സിലെ നാന്റസില്‍നിന്ന് കാര്‍ഡിഫിലേക്ക് പുറപ്പെട്ടത്. ചാനല്‍ ദ്വീപിന് സമീപം വെച്ച് റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അപകടം. അഞ്ചു വിമാനങ്ങളും രണ്ടു ലൈഫ് ബോട്ടുകളും ഉള്‍പ്പെട്ട രക്ഷാസംഘം ഉടന്‍ രംഗത്തെത്തി മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല.

അര്‍ജന്റീനന്‍ പ്രസിദ്ധീകരണമായ ഒലെയുടെ വെബ്‌സൈറ്റിലൂടെയാണ് സല, ഉറ്റസുഹൃത്തുക്കള്‍ക്ക് അയച്ചതെന്ന് കരുതപ്പെടുന്ന ശബ്ദസന്ദേശം പുറത്തുവന്നത്. താന്‍ യാത്ര ചെയ്യുന്ന വിമാനത്തിന്റെ അവസ്ഥയെ കുറിച്ച് ആശങ്ക പങ്കുവെയ്ക്കുന്നതായിരുന്നു ശബ്ദസന്ദേശം. ആദ്യത്തെ ശബ്ദസന്ദേശത്തില്‍ നാന്റസിലെ ഓര്‍മകളും രണ്ടാമത്തെ സന്ദേശത്തില്‍ താന്‍ കാര്‍ഡിഫിലേക്കുള്ള വിമാനയാത്രയിലാണെന്നുമായിരുന്നു സല പറഞ്ഞത്. മൂന്നാമത്തെ ശബ്ദസന്ദേശത്തിലാണ് സല വിമാനാപകട സൂചന നല്‍കിയത്. ”എല്ലാവര്‍ക്കും സുഖമല്ലേ ? ഒന്നര മണിക്കൂറിനുള്ളില്‍ എന്നെ കുറിച്ച് വിവരമൊന്നും നിങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെങ്കില്‍, എന്നെ കണ്ടെത്താന്‍ ആരെയെങ്കിലും പറഞ്ഞയക്കേണ്ടി വരുമോയെന്ന് എനിക്കറിയില്ല. എനിക്ക് ഭയമാകുന്നു.” ഇതായിരുന്നു സലയുടെ അവസാന സന്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button