KeralaNews

കുറ്റനാട്-എറണാകുളം ഗെയില്‍ പൈപ്പ് ലൈന്‍ മാര്‍ച്ചില്‍ കമ്മീഷന്‍ ചെയ്യും

 

പാലക്കാട്: ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതിയില്‍ കൂറ്റനാട്– എറണാകുളം ഭാഗം മാര്‍ച്ച് 31നകം കമീഷന്‍ ചെയ്യും. ഈ പ്രദേശത്ത് 96 കിലോമീറ്റര്‍ ദൂരം പൈപ്പ് ലൈന്‍ സ്ഥാപിച്ചു. ദക്ഷിണേന്ത്യയില്‍ ലൈനിന്റെ സംഗമ കേന്ദ്രമായ കൂറ്റനാട് പാലയ്ക്കാപ്പറമ്പില്‍ നിര്‍മാണം അന്തിമ ഘട്ടത്തിലാണ്. ഇവിടെനിന്നാണ് മംഗലാപുരത്തേക്കും ബംഗളൂരുവിലേക്കും പൈപ്പ് ലൈന്‍ തിരിയുന്നത്. കൂറ്റനാട്– മംഗലാപുരം പൈപ്പ് ലൈന്‍ ജൂണ്‍ 30നകം കമീഷന്‍ ചെയ്യാനാകുമെന്നും ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് അധികൃതര്‍ അറിയിച്ചു.

ഭൂമി ഏറ്റെടുത്തവര്‍ക്ക് നഷ്ടപരിഹാരം നല്‍കി. സ്ഥലം ഉടമസ്ഥതയുമായി ബന്ധപ്പെട്ട രേഖകള്‍ ശരിയാക്കാത്തവര്‍ക്കാണ് തുക നല്‍കാനുള്ളത്. സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിലാണ് നിര്‍ത്തിവച്ച പദ്ധതി പുനരാരംഭിച്ചത്.

മുന്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പദ്ധതി നിര്‍മാണം ഇഴഞ്ഞുനീങ്ങി. 2012 മുതല്‍ 2016വരെ ആകെ 22 കിലോമീറ്റര്‍ ദൂരം മാത്രമേ ലൈന്‍ ഇട്ടുള്ളു. ഭൂമാഫിയാ നേതൃത്വത്തില്‍ നടത്തിയ സമരത്തെത്തുടര്‍ന്ന് യുഡിഎഫ് സര്‍ക്കാര്‍ പദ്ധതി നിര്‍മാണം നിര്‍ത്തിവച്ചു.

പദ്ധതി കമ്മിഷന്‍ ചെയ്യുന്നതോടെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതകം ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ മുഖേന വിതരണം ചെയ്യും. ഇതിനായി കൂറ്റനാട്– എറണാകുളം ലൈനില്‍ നാല് കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നു. ഇവയുടെ പണി പൂര്‍ത്തിയായശേഷമാകും ഗാര്‍ഹിക കണക്ഷന്‍ നല്‍കുക.

നിലവില്‍ എറണാകുളം കളമശേരിയില്‍ സിറ്റി ഗ്യാസ് പദ്ധതി പ്രകാരം 200 വീടുകള്‍ക്ക് പാചകവാതകം വിതരണം ചെയ്യുന്നുണ്ട്. കളമശേരിയില്‍ 16 കിലോമീറ്റര്‍ ദൂരത്തില്‍ ഒമ്പത് വന്‍കിട കമ്പനികള്‍ക്കും ഗെയില്‍ നേരിട്ട് വാതകം വിതരണം നടത്തുന്നു. എഫ്എസിടി, ബിപിസിഎല്‍, ടാറ്റ സിറാമിക്‌സ്, കൊച്ചിന്‍ റിഫൈനറീസ് തുടങ്ങിയവയ്ക്കാണ് വിതരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button