NewsFootballSports

ദേശീയ പൊലീസ് ഫുട്‌ബോള്‍; കേരളത്തിന് രണ്ടാംജയം, ചുവടുറപ്പിച്ച് ബിഎസ്എഫ്

 

മലപ്പുറം: ദേശീയ പൊലീസ് ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ ബിഎസ്എഫിന് വിജയത്തുടക്കം. കേരളത്തിന് രണ്ടാം മത്സരത്തില്‍ തകര്‍പ്പന്‍ജയം. എതിരില്ലാത്ത മൂന്നുഗോളിന് ഉത്തര്‍പ്രദേശിനെ തോല്‍പ്പിച്ചു. മഹാരാഷ്ട, സിഐഎസ്എഫ്, അസം റൈഫിള്‍സ്, പഞ്ചാബ്, മേഘാലയ, ബംഗാള്‍ ടീമുകളും രണ്ടാംജയം നേടി.

ചൊവ്വാഴ്ച രാവിലെ എംഎസ്പി മൈതാനത്ത് നാഗാലാന്‍ഡിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബിഎസ്എഫ് പരാജയപ്പെടുത്തിയത്. ചാമ്പ്യന്മാരെ ഞെട്ടിച്ച് നാലാം മിനിറ്റില്‍തന്നെ ലിമ നാഗാലാന്‍ഡിനെ മുന്നിലെത്തിച്ചു. ഗോള്‍ വീണതോടെ ബിഎസ്എഫ് ഉണര്‍ന്നു. എന്നാല്‍ നാഗാലാന്‍ഡ് പ്രതിരോധത്തെ മറികടക്കാന്‍ 80-ാം മിനിറ്റ് വരെ കാത്തിരിക്കേണ്ടിവന്നു. പിന്നെ വിജയഗോള്‍ വീണത് ഇഞ്ച്വറി ടൈമിലായിരുന്നു. രണ്ട് ഗോളും നേടിയത് എസ് എ നിലാംപര്‍ ആണ്.

മഹാരാഷ്ട്ര പൊരുതിക്കളിച്ച അസമിനെ ഒന്നിനെതിരെ രണ്ട് ഗോളിനും സിഐഎസ്എഫ് ചണ്ഡിഗഢിനെ ഏകപക്ഷീയമായ അഞ്ച് ഗോളിനും അസം റൈഫിള്‍സ് ഒന്നിനെതിരെ നാല് ഗോളിന് രാജസ്ഥാനെയും തോല്‍പ്പിച്ചു. നിലവിലെ രണ്ടാം സ്ഥാനക്കാരയ പഞ്ചാബ് ഡല്‍ഹിയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്. രണ്ട് ജയങ്ങളോടെ എല്ലാം ടീമുകളും നാല് പോയിന്റ് നേടി. മേഘാലയ മണിപ്പൂരിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് തോല്‍പ്പിച്ചത്. ബംഗാള്‍ ആന്ധ്രയെ നാല് ഗോളിന് തകര്‍ത്തു. പാണ്ടിക്കാട് ഐആര്‍ബിഎന്‍ ഗ്രൗണ്ടില്‍ വൈകിട്ട് നടന്ന മത്സരത്തില്‍ ജമ്മുകശ്മീര്‍—ആര്‍പിഎഫ് മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

shortlink

Post Your Comments


Back to top button