തിരുവനന്തപുരം: കുഞ്ഞിനെ ഉപേക്ഷിച്ച നടപടി പുനരാലോചിക്കണമെന്ന സന്ദേശം കേള്‍പ്പിക്കുന്നതുള്‍പ്പെടെ അമ്മത്തൊട്ടില്‍ ഹൈടെക് ആകുന്നു. പുതിയ കുഞ്ഞ് എത്തിയാലുടന്‍ തൊട്ടിലിലെ സെന്‍സറുകളില്‍ നിന്നുള്ള സന്ദേശം ശിശുക്ഷേമസമിതി അധികൃതരുടെ മൊബൈല്‍ ഫോണിലേക്ക് എത്തും. കുഞ്ഞിനെ ബന്ധപ്പെട്ടവര്‍ തൊട്ടിലില്‍ നിന്ന് എടുക്കുന്നത് വരെ രണ്ടു മിനിറ്റ് എസ്എംഎസ് ആവര്‍ത്തിക്കും. തൊട്ടിലില്‍ കിടത്തുന്നവരെ കാണാത്ത വിധം തൊട്ടിലിലേക്ക് മാത്രം സൂം ചെയ്ത നിലയിലായിരിക്കും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കുന്നത്. പുനരാലോചനയ്ക്ക് വേണ്ടത്ര സമയം നല്‍കും.
കുഞ്ഞിനെ കിടത്തിയ ശേഷം രക്ഷിതാക്കള്‍ തിരികെയിറങ്ങി 30 സെക്കന്‍ഡിനുള്ളില്‍ വാതിലുകള്‍ അടയും. പിന്നിലെ വാതില്‍ വഴി ശിശു ക്ഷേമ സമിതി അധികൃതര്‍ക്ക് കുട്ടിയെ എടുക്കാനും സാധിക്കും. കുഞ്ഞുമായി തൊട്ടിലിന് അരികെ എത്തുമ്പോള്‍ തന്നെ സെന്‍സര്‍ പ്രവര്‍ത്തനക്ഷമമാകുകയും വാതിലുകള്‍ തുറക്കുകയും ചെയ്യും. അപ്പോള്‍ത്തന്നെ ശീതീകരണ സംവിധാനം, ഫാന്‍ എന്നിവയെല്ലാം സ്വയം പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്യും. കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ നേതൃത്വത്തിലാണ് അമ്മത്തൊട്ടിലുകള്‍ ഹൈടെക് ആക്കുന്നത്. തൈക്കാട്ടെ അമ്മത്തൊട്ടിലിലാണ് പുതിയ സംവിധാനം ആദ്യമായി നിലവില്‍ വരുന്നത്. എറണാകുളം, കണ്ണൂര്‍ എന്നിവിടങ്ങളിലെ തൊട്ടിലുകളിലും സെന്‍സറുകള്‍ ഉടന്‍ ഘടിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments