Latest NewsKerala

ഗാന്ധി വധം പുനരാവിഷ്കരിച്ച് ആഘോഷിച്ച ഹിന്ദുമഹാസഭയുടെ നടപടിയ്‌ക്കെതിരെ വിമർശനവുമായി കൊടിക്കുന്നിൽ സുരേഷ്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 71 -ാം രക്തസാക്ഷി ദിനത്തില്‍ മഹാത്മാവിന്‍റെ ചിത്രത്തില്‍ പ്രതീകാത്മകമായി വെടിവെച്ച് ഗാന്ധി വധം പുനരാവിഷ്കരിച്ച് ആഘോഷിച്ച സംഘപരിവാര്‍ സംഘടനയായ ഹിന്ദു മഹാസഭയുടെ ഹീനമായ നടപടി ഇന്ത്യയെ ഇരുണ്ട യുഗത്തിലേക്ക് കൊണ്ടുപോകാനുള്ള ഗൂഢനീക്കമാണെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നില്‍ സുരേഷ് എംപി ആരോപിച്ചു.
മഹാത്മാ ഗാന്ധിയുടെ ചിത്രത്തില്‍ കൃത്രിമ തോക്ക് ഉപയോഗിച്ച് നിറ ഒഴിച്ച ഹിന്ദു മഹാസഭയുടെ ഭാരവാഹികള്‍ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെയുടെ പ്രതിമയില്‍ മാല ചാര്‍ത്തുകയും മധുര പലഹാരം നല്‍കുകയും ചെയ്തത് കേന്ദ്ര സര്‍ക്കാരിന്‍റേയും ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റേയും അറിവോടുകൂടിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ സംഭവത്തെ പ്രധാനമന്ത്രി അപലപിക്കാത്തത് സംഘപരിവാര്‍ സംഘടനകളെ പേടിച്ചാണ്. ആര്‍.എസ്.എസ് പ്രചാരകനായ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിക്കുമ്പോള്‍ മഹാത്മാഗാന്ധിയുടെ രൂപത്തിന് പോലും രക്ഷയില്ലാത്ത അവസ്ഥയാണ് ഉണ്ടായിരിക്കുന്നതെന്നും എം.പി പറഞ്ഞു.

വര്‍ഗ്ഗീയ ഫാസിസത്തെ താലോലിക്കുന്ന കേന്ദ്ര സര്‍ക്കാരിന്‍റെ മറ്റൊരു മുഖമാണ് ഹിന്ദു മഹാസഭയുടെ ഹീനമായ പ്രവൃത്തിയിലൂടെ രാജ്യം കണ്ടത്. രാജ്യത്തെ വര്‍ഗ്ഗീയ ഫാസിസത്തിലൂടെ വിഭജിക്കാന്‍ ശ്രമിക്കുന്ന സംഘപരിവാര്‍ സംഘടനയിലെ ഏറ്റവും പ്രമുഖമായ സംഘടനയാണ് ഹിന്ദു മഹാസഭ. നരേന്ദ്ര മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിന് ശേഷവും രാജ്യത്ത് സംഘപരിവാര്‍ സംഘടനകളെ ഉപയോഗിച്ച് വര്‍ഗ്ഗീയ ഫാസിസത്തിലൂടെ രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഉത്തര്‍പ്രദേശിലെ അലിഘട്ടില്‍ കൃത്രിമ തോക്ക് ഉപയോഗിച്ച് ഗാന്ധി ചിത്രത്തെ വെടിവെച്ച സംഭവം വരാന്‍ ഇരിക്കുന്ന നാളുകളില്‍ രാജ്യത്തെ അരാജകത്വത്തിലേക്കും അസഹിഷ്ണുതയിലേക്കും കൊണ്ടു പോകുമെന്നതിന്‍റെ തെളിവാണ് ഈ പരസ്യമായ വെല്ലുവിളിയെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button