News

ഇടക്കാല ബജറ്റ്: ആദായ നികുതിയില്‍ ഇളവ് ഉറപ്പ്

ന്യൂഡല്‍ഹി : പൊതു തിരഞ്ഞെടുപ്പിനു മുമ്പായുള്ള ഇത്തവണത്തെ ഇടക്കാല ബജറ്റില്‍ ആദായ നികുതിയില്‍ ഇളവ് ഉണ്ടായേക്കുമെന്ന് സൂചന. നിലവിലുള്ള രണ്ടര ലക്ഷത്തില്‍നിന്ന് മൂന്നു ലക്ഷം രൂപയായി ഉയര്‍ത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്. അതായത്, മൂന്നു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആദായ നികുതി കൊടുക്കേണ്ടി വരില്ല.

നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ ബജറ്റിലാണ് ആദായ നികുതി പരിധി രണ്ടര ലക്ഷം രൂപയായി ഉയര്‍ത്തിയത്, 2014-ല്‍. അതുവരെ രണ്ടു ലക്ഷം രൂപയായിരുന്നു പരിധി. ആദായ നികുതി പരിധി ഉയര്‍ത്തുന്നതിനൊപ്പം നികുതി ഇളവ് ലഭിക്കാനുള്ള നിക്ഷേപങ്ങളുടെ പരിധിയും ഉയര്‍ത്തുമെന്നാണ് സൂചന. ’80സി’ പ്രകാരം നിലവില്‍ ഒന്നര ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ക്കും ചെലവുകള്‍ക്കുമാണ് ഇളവുള്ളത്. ഇത് രണ്ടു ലക്ഷമെങ്കിലുമായി ഉയര്‍ത്തുമെന്ന് കരുതുന്നു. എന്നാല്‍, വിപണിയില്‍ ഉണര്‍വുണ്ടാക്കാന്‍ ആദായ നികുതി പരിധി അഞ്ച് ലക്ഷമായും 80സി പ്രകാരമുള്ള ആനുകൂല്യം രണ്ടര ലക്ഷം രൂപയായും ഉയര്‍ത്തണമെന്നാണ് വ്യവസായികളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി.ഐ.ഐ.) സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുള്ളത്.ആദായ നികുതി പരിധി ഉയര്‍ത്തിയാല്‍, നികുതി സ്ലാബുകളിലും മാറ്റം വരും. നിലവില്‍ രണ്ടര മുതല്‍ അഞ്ചു ലക്ഷം രൂപ വരെ വരുമാനത്തിന് അഞ്ചു ശതമാനവും 5-10 ലക്ഷം വരുമാനത്തിന് 20 ശതമാനവും 10 ലക്ഷത്തിനു മേലെ 30 ശതമാനവുമാണ് നികുതി. ഇതില്‍ മാറ്റം വന്നാല്‍, മുതിര്‍ന്ന പൗരന്മാരുടെ നികുതി ഘടനയിലും മാറ്റമുണ്ടാകും. നിലവില്‍ 60 മുതല്‍ 80 വയസ്സ് വരെയുള്ളവര്‍ക്ക് മൂന്നു ലക്ഷം രൂപ വരെ നികുതി ഇല്ല. 80 വയസ്സിനു മുകളിലുള്ളവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെയാണ് നികുതി ഒഴിവ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button