KeralaLatest News

ഓഖി ദുരന്തം: സര്‍ക്കാര്‍ നല്‍കിയ വാഗ്ദാനങ്ങളെല്ലാം നടപ്പാക്കിയെന്ന് മേഴ്സിക്കുട്ടിയമ്മ, മരിച്ചവരുടെ ഭാര്യമാരില്‍ ജോലി ലഭിക്കാത്തവര്‍ക്ക് ഉടന്‍ നിയമനം

40 വയസ്സുവരെ പ്രായമുള്ള 42 പേര്‍ക്ക് മുട്ടത്തറയിലെ വലനിര്‍മ്മാണ ഫാക്ടറിയില്‍ ജോലി നല്‍കി

തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാര്‍ നല്‍കിയ വാഗാദാനങ്ങളെല്ലാം നടപ്പാക്കിയെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ. കൂടാതെ ദുരന്തത്തില്‍ മരിച്ചവരുടെ ഭാര്യമരില്‍ ഇനി ജോലി ലഭിക്കാത്തവര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്നും മന്ത്രി പറഞ്ഞു. നിയമ സഭയില്‍ വി എസ്. ശിവകുമാറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.

ഇതിനകം തന്നെ 40 വയസ്സുവരെ പ്രായമുള്ള 42 പേര്‍ക്ക് മുട്ടത്തറയിലെ വലനിര്‍മ്മാണ ഫാക്ടറിയില്‍ ജോലി നല്‍കി. ബാക്കിയുള്ളവര്‍ക്ക്
വിഴിഞ്ഞത്ത് തുടങ്ങുന്ന ഭക്ഷ്യസംസ്‌കരണ പദ്ധതിയില്‍ ജോലി നല്‍കും. 40 വയസ്സിനു മുകളിലുള്ളവര്‍ക്കാണ് ഇനി ജോലി ലഭിക്കാനുള്ളതെന്നും മന്ത്രി അറിയിച്ചു.

143 മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് 20 ലക്ഷം രൂപ വീതം നല്‍കി. വീടു നഷ്ടപ്പെട്ട 72 പേരില്‍ അഞ്ചുപേര്‍ക്ക് ഫ്ളാറ്റ് അനുവദിച്ചു. ഒമ്പതുപേരുടെ വീട് നിര്‍മ്മാണത്തിലാണെന്നും, 24 പേര്‍ സ്ഥലം രജിസ്റ്റര്‍ ചെയ്യുന്ന ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു. ഇതിനായി 2.41 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്.

ഓഖി ദുരന്ത ബാധിതര്‍ക്ക് അനുവദിച്ച മറ്റു സഹായങ്ങള്‍ ചുവടെ-

  • മത്സ്യബന്ധനോപകരണങ്ങള്‍ നഷ്ടമായവര്‍ക്ക് 6.76 കോടി
  • 309 കുട്ടികള്‍ക്ക് ബിരുദതലംവരെ വിദ്യാഭ്യാസത്തിന് 13.92 കോടി
  • സാറ്റലൈറ്റ് ഫോണ്‍ നല്‍കുന്നതിനായി 9.42 കോടി രൂപ
  • 40,000 പേര്‍ക്ക് ലൈഫ് ജാക്കറ്റ് വിതരണം ചെയ്യുന്നതിനുള്ള നടപടി അന്തിമ ഘട്ടത്തില്‍
  • 15.93 കോടി രൂപ ചെലവില്‍ 15,000 മത്സ്യത്തൊഴിലാളികള്‍ക്ക് നാവിക് ഉപകരണം നല്‍കുന്നു
  • 120 എഫ്.ആര്‍.പി. ബോട്ടുകള്‍ക്ക് കേന്ദ്ര സഹായമായി 1.94 കോടി രൂപ

അതേസമയം എഫ്.ആര്‍.പി. ബോട്ടുകള്‍ക്ക് ബാക്കി വേണ്ട 7.94 കോടി രൂപ ഓഖി ഫണ്ടില്‍നിന്ന് ലഭ്യമാക്കാനുള്ള നിര്‍ദ്ദേശം പരിശോധിക്കുകയാണെന്നും ദുരന്ത പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച 2000 കോടി രൂപയുടെ പ്രത്യേക പാക്കേജില്‍ 900 കോടി രൂപയുടെ പദ്ധതികള്‍ വിവിധ ഘട്ടത്തിലാണെന്നും മന്ത്രി അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button