KeralaLatest News

പിഞ്ചുകുഞ്ഞ് ഉള്‍പ്പെട്ട കുടുംബത്തെ കുടിയിറക്കിയ ബാങ്ക് മാനേജരെ വിളിച്ചുവരുത്തും- മനുഷ്യാവകാശ കമ്മിഷന്‍

ആലപ്പുഴ: പിഞ്ചുകുഞ്ഞ് ഉള്‍പ്പെട്ട കുടുംബത്തെ വീട്ടില്‍നിന്ന് പുറത്താക്കിയ ബാങ്ക് മാനേജരെ വിളിച്ചുവരുത്തുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍. ആലപ്പുഴ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് മാനേജരെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ വിളിച്ചുവരുത്തുക. ഫെബ്രുവരി 12-ന് ആലപ്പുഴ ഗവ. ഗസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ നേരിട്ട് ഹാജരാകാന്‍ മാനേജര്‍ക്ക് കമ്മിഷന്‍ ജുഡീഷ്യല്‍ അംഗം പി.മോഹനദാസ് നിര്‍ദേശം നല്‍കി. ആലപ്പുഴ കളക്ടര്‍ വിഷയത്തില്‍ ഇടപെട്ട് ജപ്തിയുടെ ഭാഗമായി കുടിയിറക്കപ്പെട്ട കുടുംബത്തെ പുനരധിവസിപ്പിക്കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.

ജില്ലാ സാമൂഹികനീതി ഓഫീസറും വിഷയത്തില്‍ ഇടപെടണം. കളക്ടറും സാമൂഹികനീതി ഓഫീസറും സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങള്‍ സിറ്റിങ്ങില്‍ സമര്‍പ്പിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു. പാവപ്പെട്ട കുടുംബത്തിനോടുള്ള ബാങ്കിന്റെ നടപടി മനുഷ്യത്വരഹിതമാണെന്നും കമ്മിഷന്‍ ഉത്തരവില്‍ പറഞ്ഞു. മത്സ്യത്തൊഴിലാളിയും മാരാരിക്കുളം സ്വദേശിയുമായ സെറാഫിനെയും കുടുംബത്തെയുമാണ് ബാങ്ക് കുടിയിറക്കിയത്. രണ്ടുലക്ഷം രൂപയുടെ വായ്പ 2015-ല്‍ അര്‍ബന്‍ ബാങ്കില്‍നിന്നുമെടുത്തിരുന്നു. മകളുടെ വിവാഹാവശ്യത്തിനായിട്ടായിരുന്നു വായ്പയെടുത്തത്. 90000 രൂപ തിരിച്ചടച്ചു. എന്നിട്ടും ബാങ്ക് വീടും സ്ഥലവും ജപ്തിചെയ്ത് മകളുടെ കുഞ്ഞ് അടക്കമുള്ളവരെ വീട്ടില്‍നിന്ന് ഇറക്കിവിട്ടു. ഇപ്പോള്‍ വീടിന് സമീപമുള്ള ഒരു കടവരാന്തയിലാണ് ഇവര്‍ അഭയം തേടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button