Latest NewsGulf

നീതി നിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്നു; മൂന്നാമത്തെ ഔദ്യോഗിക ഭാഷ ഇനി ഹിന്ദി

അബുദാബി: നീതിനിര്‍വഹണം കൂടുതല്‍ സുതാര്യമാക്കുന്ന നടപടികളുടെ ഭാഗമായി അബുദാബി ജുഡീഷ്യല്‍ സംവിധാനത്തില്‍ ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചു. അറബി, ഇംഗ്ലീഷ് എന്നിവക്ക് പുറമെ ഹിന്ദി ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത് ഇന്ത്യക്കാര്‍ക്ക് ഏറെ ഗുണം ചെയ്യും. ഇന്ത്യക്ക്പുറമെ പാകിസ്താന്‍, നേപ്പാള്‍ തുടങ്ങിയ രാജ്യക്കാര്‍ക്കും ഈ നടപടി ഗുണകരമാകും. കോടതികളില്‍ നഷ്ടപരിഹാരം ആവശ്യപ്പെടാനും പരാതി ബോധിപ്പിക്കാനും വിദേശികള്‍ക്ക് ഇനി ഇന്ത്യയുടെ ദേശീയ ഭാഷയായ ഹിന്ദിയും ഉപയോഗിക്കാം. യു.എ.ഇയിലെ വിദേശികളില്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യക്കാര്‍ ഉള്‍പ്പെട്ട നിരവധി തൊഴില്‍ തര്‍ക്ക കേസുകളാണ് കോടതിയിലെത്തുന്നത്. ഇതിനെ തുടര്‍ന്നാണ് ഹിന്ദി മൂന്നാം ഔദ്യോഗിക ഭാഷയായി അംഗീകരിച്ചത്.

വകുപ്പിന്റെ വെബ്‌സൈറ്റില്‍ ഹിന്ദിയിലുള്ള ഫോറങ്ങള്‍ ലഭ്യമാക്കുമെന്ന് അബുദാബി നീതിന്യായ വകുപ്പ്‌വ്യക്തമാക്കി. നഷ്ടപരിഹാര അപേക്ഷ, ഹരജി തുടങ്ങിയവ സമര്‍പ്പിക്കാനുള്ള ഫോറങ്ങള്‍ ബഹു ഭാഷകളില്‍ ലഭ്യമാക്കുന്നത് അബുദാബി സര്‍ക്കാറിന്റെ ‘ടുമോറോ 2021’ പദ്ധതികള്‍ക്ക് അനുസൃതമായി നീതിനിര്‍വഹണ സേവനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും കേസ് നടപടികളുടെ സുതാര്യത വര്‍ധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇത്തരമൊരു നീക്കം.സങ്കീര്‍ണമായ നിയമ സംജ്ഞകള്‍ വിശദീകരിക്കുന്നതിന് അധികൃതര്‍ ദ്വിഭാഷ സഹായികള്‍ തയാറാക്കുകയും കോടതി നടപടികള്‍ മനസ്സിലാക്കുന്നതിന് ജനങ്ങളെ സഹായിക്കുന്നതിനുള്ള പ്രയത്‌നങ്ങളുടെ ഭാഗമായി ചിത്രരൂപത്തില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നും യൂസുഫ് സഈദ് അല്‍ അബ്‌റി അറിയിച്ചു.

കേസിലെ പ്രതി അറബി സംസാരിക്കുന്ന ആളല്ലെങ്കില്‍ സിവില്‍ കോമേഴ്‌സ്യല്‍ കേസുകളിലെ പരാതിക്കാരന്‍ എല്ലാ രേഖകളും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി നല്‍കണമെന്ന് 2018 നവംബറില്‍ അബുദാബിയില്‍ നിയമം കൊണ്ടുവന്നിരുന്നു.കോടതി നടപടികള്‍, സ്വന്തം അവകാശങ്ങള്‍, ഉത്തരവാദിത്വങ്ങള്‍ എന്നിവ ഹിന്ദി സംസാരിക്കുന്നവര്‍ക്ക് ഭാഷാതടസ്സമില്ലാതെ മനസ്സിലാക്കാന്‍ പുതിയ മാറ്റത്തിലൂടെ സാധിക്കുമെന്നും വകുപ്പ് പറഞ്ഞു. നീതി ന്യായ നടപടികളുടെ കാര്യക്ഷമതയും സുസ്ഥിരതയും ശാക്തീകരിക്കാനും ലോകത്തെ എല്ലാവര്‍ക്കും സേവനം ലഭ്യമാക്കാനുമുള്ള പദ്ധതിയുടെ ഭാഗമായായി കൂടിയാണ് ഇത്തരമൊരു പദ്ധതി അംഗീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button