KeralaLatest NewsNews

മാലക്കള്ളനെ മണിക്കൂറുകള്‍ക്കകം കുടുക്കിയ പോലീസിന് ആദരം; മോഷ്ടാവിനെ പിടികൂടിയ വഴി വെളിപ്പെടുത്തി ട്രാഫിക് പൊലീസ് ഓഫീസര്‍

തിരുവനന്തപുരം: തിരുവനന്തപുരം പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിയോട് ചേര്‍ന്നുള്ള റോഡില്‍ വഴി ചോദിക്കാനെന്ന് ഭാവത്തില്‍ വൃദ്ധയുടെ മാലപൊട്ടിച്ച് കടന്നുകളഞ്ഞ സംഭവം ആരും മറന്നിട്ടുണ്ടാവില്ല. വൃദ്ധയുടെ മാലപൊട്ടിച്ച് അതിക്രൂരമായി അവരെ തള്ളിയിട്ട് പോകുന്ന മോഷ്ടാവിന്റെ ദൃശ്യം നിമിഷങ്ങള്‍ക്കകം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പൊലീസും അതീവ ജാഗ്രതയോടെ വിഷയം ഏറ്റെടുത്തിരുന്നു. സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ പ്രതി 33 കാരനായ സജീവിനെ പൊലീസ് പിടികൂടുകയും ചെയ്തു.

സജീവിനെ പിടികൂടിയത് ഒരു ട്രാഫിക് പൊലീസ് ഓഫീസറായിരുന്നു. ആജാനുബാഹുവായ സജീവിനെ എങ്ങനെയാണ് ബിജുകുമാര്‍ ഒറ്റയ്ക്ക് കീഴ്പ്പെടുത്തിയത് എന്നതായിരുന്നു എല്ലാവരുടെയും സംശയം. പൂജപ്പുരയിലെ സ്വകാര്യ ആശുപത്രിക്കടുത്തെ ഇടറോഡില്‍ വഴിചോദിക്കാനെന്ന വ്യാജേന വൃദ്ധയ്ക്കടുത്തെത്തി മാലപൊട്ടിച്ച് സ്‌കൂട്ടറില്‍ കടന്ന മോഷ്ടാവ് സജീവിനെ മണിക്കൂറുകള്‍ക്കകം കുടുക്കിയതാണ് ബിജുവിനെ പ്രശസ്തനാക്കിയത്. സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ മാലപൊട്ടിക്കല്‍ വീഡിയോ ലക്ഷക്കണക്കിനാളുകളാണ് കണ്ടത്. സജീവിനെ, കഷ്ടിച്ച് അഞ്ചരയടി പൊക്കമുള്ള മെലിഞ്ഞ ബിജു എങ്ങനെയാണ് കീഴടക്കിയത്. പൊലീസിലെ സഹപ്രവര്‍ത്തകരും റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളുമെല്ലാം ചോദിക്കുന്ന ചോദ്യത്തിന്റെ ഉത്തരം, ഇന്നലെ സിറ്റി പൊലീസിന്റെ ആദരം കമ്മിഷണറില്‍ നിന്ന് സ്വീകരിച്ചശേഷം ബിജുകുമാര്‍ വെളിപ്പെടുത്തി.

പൂജപ്പുരയില്‍ നിന്ന് മൂന്ന് പവന്റെ മാലയും മോഷ്ടിച്ച് സജീവ് നേരെ എത്തിയത് കനകക്കുന്നിലേക്കായിരുന്നു. പാര്‍ക്കിങ് ഏരിയയില്‍ സ്‌കൂട്ടര്‍ നിര്‍ത്തി കനകക്കുന്നിലേക്ക് കയറി. ഇതിനകം പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തുകയും വണ്ടിയുടെ നമ്പര്‍ സഹിതമുള്ള വിവരങ്ങള്‍ വയര്‍ലെസ് വഴി എല്ലാ സ്റ്റേഷനുകളിലേക്കും കൈമാറുകയും ചെയ്തിരുന്നു. ആ സമയം മ്യൂസിയം സ്റ്റേഷന്‍ പരിസരത്ത് ട്രാഫിക് ഡ്യൂട്ടിയിലായിരുന്നു ബിജുകുമാര്‍. വയര്‍ലെസ് വഴി സ്‌കൂട്ടറിന്റെ നമ്പറടക്കമുള്ള വിവരങ്ങള്‍ ബിജുകുമാറിനും കിട്ടി. നിരവധി ബൈക്കുകള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന കനകക്കുന്നിലെ പാര്‍ക്കിങ് ഏരിയയില്‍ ബിജുകുമാര്‍ വെറുതെ ഒരു പരിശോധന നടത്തി. വെറുതെ ഒരു തോന്നലായിരുന്നു അത്, അല്ലെങ്കില്‍ ഒരു കൗതുകം. പെട്ടെന്ന് ആ നമ്പര്‍ കണ്ണിലുടക്കി. അതേ നമ്പറിലുള്ള സ്‌കൂട്ടര്‍. ആളെ കണ്ടെത്താനായി നോക്കിനില്‍ക്കുന്നതിനിടെ സജീവ് സ്‌കൂട്ടറിനടുത്തെത്തി. ആജാനബാഹുവായ സജീവിനെ കണ്ടപ്പോഴേ ബിജുകുമാറിന് മനസിലായി, താന്‍ ഒറ്റയ്ക്ക്, ബലം പ്രയോഗിച്ച് പിടികൂടാനാവില്ല പ്രതി രക്ഷപ്പെടാനേ അത് ഇടയാക്കൂ. സ്റ്റേഷനില്‍ നിന്ന് കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തുമ്പോഴേക്കും പ്രതി കടന്നുകളയാനിടയുണ്ട്. അതുകൊണ്ട് അയാളെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് തൊട്ടടുത്തുള്ള മ്യൂസിയം സ്റ്റേഷനിലെത്തിക്കാനായി ശ്രമം.

ബിജുകുമാര്‍ തന്ത്രത്തില്‍ സജീവിനടുത്തെത്തി, സ്‌കൂട്ടര്‍ നോ പാര്‍ക്കിംഗ് ഏരിയയിലാണെന്നും സ്റ്റേഷനിലെത്തി പിഴ അടച്ചിട്ട് പോകണമെന്നും പറഞ്ഞു. ഭാവഭേദമില്ലാതെയുള്ള ആ വിളിയില്‍ സജീവ് വീണു. തന്ത്രത്തില്‍ സജീവിനെ സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിയതോടെ മറ്റ് പൊലീസുകാരോട് വിവരം പറഞ്ഞു. എല്ലാവരും വളഞ്ഞതോടെ സജീവിന് ഓടാന്‍ പോലും സാധിച്ചില്ല. ബിജുകുമാറിന്റെ കഥ കേട്ട് നിലയ്ക്കാത്ത കൈയ്യടി. ബിജുകുമാറിനെ പിടിച്ചതോടെ മൂന്ന് കേസുകള്‍ക്കാണ് തുമ്പായത്. പൊലീസുകാര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും ലഭിച്ചു. കള്ളനെ മണിക്കൂറുകള്‍ക്കകം പിടികൂടിയ സിറ്റി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ശരത്ചന്ദ്രന്‍, ബിജുകുമാര്‍ എന്നിവര്‍ക്കാണ് പ്രശംസാ പത്രവും ഗുഡ് സര്‍വീസ് എന്‍ട്രി ലഭിച്ചത്. സിറ്റി പൊലീസ് കമ്മിഷണര്‍ എസ്. സുരേന്ദ്രനാണ് ഇരുവരെയും ഇന്നലെ എ.ആര്‍ ക്യാമ്പിലെ ജനമൈത്രി യോഗത്തില്‍ അനുമോദിച്ചത്.ഇതോടെ നാട്ടിലെ മാലകള്ളന്‍മാരെല്ലാം പേടിയിലാണ്. കാരണം ഇനിയാര് വഴി ചോദിച്ചാലും അഞ്ച് മീറ്റര്‍ അകലെ നിന്ന് വഴി പറഞ്ഞ് കൊടുത്താല്‍ മതിയെന്ന തീരുമാനത്തിലാണ് വീട്ടമ്മമാര്‍. ഹെല്‍മറ്റ് വച്ച് വഴി ചോദിച്ചാല്‍ ഉടന്‍ ഫോട്ടോയെടുക്കും. പിടിയും വീഴും.

shortlink

Related Articles

Post Your Comments

Related Articles


Back to top button