Specials

പ്രിയയും റോഷനും വാലന്റൈന്‍സ് ഡേയില്‍ നിങ്ങള്‍ക്കൊപ്പമെത്തുന്നു

സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്. പാട്ട് ഇറങ്ങിയതുമുതലായിരുന്നു ചിത്രത്തിന് സ്വീകാര്യത ലഭിച്ചത്. മാണിക്യ മലരായ പൂവി എന്ന ഗാനത്തെ മലയാളികളെ പോലെ ലോകമെമ്പാടുമുളള പ്രേക്ഷകരും ഏറ്റെടുത്തു. പ്രിയാ പ്രകാശ് വാര്യരും റോഷനും ഉള്‍പ്പെടുന്ന ആ ഗാനരംഗം തരംഗമായി മാറിയത് ഒറ്റ രാത്രി കൊണ്ടായിരുന്നു. റൊമാന്റിക്ക് കോമഡി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന ചിത്രം റിലീസ് ചെയ്യുന്നതിനു വേണ്ടിയുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. സിനിമയുടെ റിലീസ് തിയ്യതി അടുത്തിടെ സംവിധായകന്‍ ഒമര്‍ ലുലു തന്നെ പുറത്തുവിട്ടിരുന്നു.

ഫെബ്രുവരി 14 പ്രണയ ദിനത്തിലായിരിക്കും സിനിമ പുറത്തിറങ്ങുകയെന്നായിരുന്നു സംവിധായകന്‍ അറിയിച്ചത്. ഇതിനിടെ ചിത്രത്തിന്റെ തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവന്നിരുന്നു. മലയാളത്തിനു പുറമെ തമിഴ്,തെലുങ്ക് ഭാഷകളിലും ഒരേസമയാണ് ചിത്രം റിലീസിനെത്തുന്നത്. ആദ്യ രണ്ടു ചിത്രങ്ങളും ക്യാമ്പസ് പശ്ചാത്തലത്തിലുളളത് ആയിരുന്നെങ്കില്‍ ഇത്തവണ ഹൈസ്‌കൂള്‍ പ്രണയമാണ് സംവിധായകന്‍ ചിത്രത്തിലൂടെ പറയുന്നത്. തെലുങ്കില്‍ ലൗവേര്‍സ് ഡേ എന്ന പേരിലാണ് ചിത്രം പുറത്തിറങ്ങുന്നത്. തെലുങ്കിലും വലിയ റീലിസായിട്ടാകും അഡാറ് ലവ് തിയ്യേറ്ററുകളിലേക്ക് എത്തുക. അഡാറ് ലവിന്റെ തെലുങ്ക് പതിപ്പിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ തന്നെ പുറത്തുവിട്ടിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമാ പ്രേമികള്‍ക്കായി ഒമര്‍ ലുലു പോസ്റ്റര്‍ പങ്കുവെച്ചിരുന്നത്.

സി എച്ച് വിനോദ റെഡ്ഡിയാണ് ചിത്രം തെലുങ്കില്‍ വിതരണത്തിനെത്തിക്കുന്നത്. കേരളത്തില്‍ 120ഓളം തിയ്യേറ്ററുകളിലും ലോകമെമ്പാടുമായി 600ല്‍ അധികം തിയ്യേറ്ററുകളിലും ചിത്രം റിലീസ് ചെയ്യുമെന്നും അറിയുന്നു. റോഷനും പ്രിയയ്ക്കും പുറമെ നിരവധി പുതുമുഖതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. സിയാദ് ഷാജഹാന്‍,നൂറിന്‍ ഷെരീഫ്,അനൂപ് എ കുമാര്‍ തുടങ്ങിയ നിരവധി പുതിയ നടീനടന്മാര്‍ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിക്കുന്നുണ്ട്. അരുണ്‍ കുമാര്‍,അനീഷ് ജി മേനോന്‍,കോട്ടയം പ്രദീപ്,ആഷിഷ് വിദ്യാര്‍ത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button