KeralaLatest News

പ്രളയബാധിതര്‍ ഇപ്പോഴും പെരുവഴിയില്‍; സഹായം ലഭിക്കാതെ നിരവധി പേര്‍

ആലപ്പുഴ: പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നിട്ടും ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടാത്ത നിരവധി കുടുംബങ്ങളാണ് ആലപ്പുഴയില്‍ ഉള്ളത്. ഇവരെ ദുരിതാശ്വാസത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യത്തില്‍ ആലപ്പുഴ ജില്ലാ ഭരണകൂടത്തിന് ഗുരുതര വീഴ്ച പറ്റിയെന്ന് ദുരിതബാധിതര്‍ പറയുന്നു.

കുട്ടനാട്ടിലെ പുളിങ്കുന്ന്, കൈനകരി പഞ്ചായത്തുകളില്‍ മാത്രം ഇപ്പോഴും ഷെഡ്ഡുകളിലും ബന്ധുവീടുകളിലും കഴിയുന്നത് നൂറിലേറെ കുടുംബങ്ങളാണ്. അടിയന്തര പ്രാധാന്യത്തോടെ ധനസഹായം നല്‍കാന്‍ പ്രളയം കഴിഞ്ഞ് ആറുമാസമായിട്ടും ജില്ലാ ഭരണകൂടത്തിനും പഞ്ചായത്തുകള്‍ക്കും കഴിഞ്ഞിട്ടില്ല.

”ദുരിതാശ്വാസക്യാമ്പില്‍ നിന്ന് തിരിച്ചുപോകുമ്പോള്‍ ദുരിതബാധിതര്‍ക്ക് വീടുകളില്‍ താമസിക്കാന്‍ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല.” – പ്രളയം തുടങ്ങി അഞ്ചാംനാള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞ വാക്കുകള്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും നിറവേറ്റാനായിട്ടില്ല. സഹായങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫിസുകള്‍ തോറും കയറിയിറങ്ങി പ്രതീക്ഷ അവസാനിച്ച അവസ്ഥയിലാണ് പ്രളയബാധിതര്‍. റീബില്‍ഡ് കേരളാ ആപ്പ് പൂട്ടുന്നതിന് മുമ്പ് ആരും ഇവിടെ കണക്കെടുക്കാന്‍ എത്താത്തതിനാല്‍ തന്നെ നഷ്ടപരിഹാരം കിട്ടേണ്ട പട്ടികയിലും ഇവരില്ല. തുടര്‍ന്ന് പരാതി നല്‍കിയതോടെ
പഞ്ചായത്തില്‍ നിന്ന് എഞ്ചിനീയര്‍മാരെത്തി വീട് പൂര്‍ണ്ണമായി തകര്‍ന്നതാണെന്ന് സാക്ഷ്യപ്പെടുത്തിയിട്ട് മാസം മൂന്ന് കഴിഞ്ഞു. ആ റിപ്പോര്‍ട്ട് പരിഗണിച്ച് ഇവര്‍ക്ക് നാല് ലക്ഷം രൂപ അടിയന്തരമായി അനുവദിക്കാനുള്ള മാനുഷിക പരിഗണന പോലും ലഭിച്ചിട്ടില്ല. പഞ്ചായത്ത് സെക്രട്ടറി മുതല്‍ ജില്ലാ കലക്ടര്‍ വരെയുള്ള ആരും തങ്ങളെ സഹായിക്കാന്‍ എത്തിയിട്ടില്ലെന്നും ഇവര്‍ ആരോപിക്കുന്നു.

വീട് പൂര്‍ണമായും തകര്‍ന്നിട്ടും പട്ടികയില്‍ ഉള്‍പ്പെടാത്ത മുപ്പതിലേറെപ്പേരാണ് കൈനകരി പഞ്ചായത്തില്‍ ഉള്ളത്. പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ മാത്രം വീട് പൂര്‍ണമായും തകര്‍ന്ന പത്തുപേരാണുള്ളത്.
അടുത്ത പഞ്ചായത്തായ പുളിങ്കുന്നില്‍ വീട് പൂര്‍ണ്ണമായും തകര്‍ന്ന് പട്ടികയിലില്ലാതെ കിട്ടിയ സ്ഥലത്ത് കയറിക്കിടക്കുന്ന കുടുംബങ്ങള്‍ 62 ആണ്. ഇങ്ങനെയുള്ള കുടുംബങ്ങളുടെ പട്ടിക പഞ്ചായത്തുകള്‍ തയ്യാറാക്കി വരുന്നതേയുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button