KeralaLatest News

37 വര്‍ഷത്തിനു ശേഷം പദ്മനാഭപുരം കൊട്ടാരത്തില്‍ വീണ്ടും നാഴികമണി മുഴങ്ങി

തിരുവനന്തപുരം : 37 വര്‍ഷത്തിനു ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12-ന് പദ്മനാഭപുരം കൊട്ടാരത്തില്‍ വീണ്ടും നാഴികമണി മുഴങ്ങി. ചലനം നിലച്ച നാഴികമണി രണ്ടു മാസം മുന്‍പ് നവീകരിച്ച് പരീക്ഷണാര്‍ഥം പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.

മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനംചെയ്ത ശേഷമാണ് കൊട്ടാരത്തിന്റെ പ്രൗഢിയുടെ ഭാഗമായ നാഴികമണിനാദം വീണ്ടും മുഴക്കിയത്. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെയും കൊട്ടാരത്തിലെ നവീകരണപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളുടെയും ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള തിരുവിതാംകൂറിന്റെ ചരിത്രസ്മാരകമായ പദ്മനാഭപുരം കൊട്ടാരത്തില്‍ നവീകരണ, സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുമ്പോള്‍ കൊട്ടാരത്തിന്റെ പാരമ്പര്യത്തിനു കോട്ടംവരാതെ സംരക്ഷിക്കുമെന്ന് മന്ത്രി പറഞ്ഞു. പദ്മനാഭപുരം കൊട്ടാരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും സൗന്ദര്യവത്കരണത്തിനുമായി സര്‍ക്കാര്‍ മൂന്നുകോടി മുപ്പതു ലക്ഷം രൂപ നല്‍കി.

തിരുവിതാംകൂറിന്റെ ചരിത്രം തുടിക്കുന്ന പദ്മനാഭപുരം കൊട്ടാരത്തിന്റെ ഹൃദയസ്പന്ദനമായ പഴമയും പ്രൗഢിയും നിലനിര്‍ത്തിക്കൊണ്ട് പദ്മനാഭപുരം കൊട്ടാരം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തുടര്‍നടപടികള്‍ കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു.

shortlink

Post Your Comments


Back to top button