KeralaLatest News

‘വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍’ എന്ന ഇമേജുണ്ടാക്കാനുള്ള ശ്രമത്തിനിടയിൽ എംഎൽഎയുടെ തനിനിറം പലപ്പോഴും പുറത്തുചാടും; വിടി ബല്‍റാമിനെതിരെ വിമർശനവുമായി എംബി രാജേഷ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് കുറിപ്പിന് താഴെ കമന്റിട്ട വിടി ബല്‍റാം എംഎല്‍എയ്ക്ക് മറുപടിയുമായി എംബി രാജേഷ് എംപി. ‘വ്യത്യസ്തനാമൊരു കോണ്‍ഗ്രസുകാരന്‍’ എന്ന ഇമേജുണ്ടാക്കാനുള്ള പ്രച്ഛന്ന വേഷമാടുന്നതിനിടയില്‍ എംഎല്‍എയുടെ തനിനിറം പലപ്പോഴും പുറത്തുചാടുമെന്ന് എംബി രാജേഷ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കി. മഹാനായ ഏ.കെ.ജി.യെ അവഹേളിച്ചപ്പോഴും വനിതയായ കൃഷി ഓഫീസര്‍ക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയപ്പോഴുമെല്ലാം പരിഷ്‌കൃത മുഖംമൂടിക്കുള്ളില്‍ ഒളിപ്പിച്ചുവച്ച കെ.എസ്.യു. നിലവാരം പുറത്തു ചാടിയിരുന്നു. ഇപ്പോള്‍ എഴുത്തുകാരെയെല്ലാം സാംസ്‌ക്കാരിക ക്രിമിനലുകളെന്ന് അധിക്ഷേപിക്കുന്നതും ആ കെ.എസ്.യു. നിലവാരത്തില്‍ നിന്നാണെന്ന് രാജേഷ് പറയുകയുണ്ടായി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

മനോരമയും കെ.എസ്.യു.വിൽ നിന്നൊട്ടും വളർന്നിട്ടില്ലാത്ത എം.എൽ.എ.യും ലൈക്കെണ്ണി പുളകം കൊള്ളുകയാണ്. ‘വ്യത്യസ്തനാമൊരു കോൺഗ്രസുകാരൻ’ എന്ന ഇമേജുണ്ടാക്കാനുള്ള പ്രച്ഛന്ന വേഷമാടുന്നതിനിടയിൽ എം.എൽ.എ.യുടെ തനിനിറം പലപ്പോഴും പുറത്തുചാടും. മഹാനായ ഏ.കെ.ജി.യെ അവഹേളിച്ചപ്പോഴും വനിതയായ കൃഷി ഓഫീസർക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയപ്പോഴുമെല്ലാം പരിഷ്‌കൃത മുഖംമൂടിക്കുള്ളിൽ ഒളിപ്പിച്ചുവച്ച കെ.എസ്.യു. നിലവാരം പുറത്തു ചാടിയിരുന്നു. ഇപ്പോൾ എഴുത്തുകാരെയെല്ലാം സാംസ്‌ക്കാരിക ക്രിമിനലുകളെന്ന് അധിക്ഷേപിക്കുന്നതും ആ കെ.എസ്.യു. നിലവാരത്തിൽ നിന്നാണ്. മലയാളത്തിലെ എഴുത്തുകാരൊന്നും സി.പി.എമ്മിനെ വിമർശിക്കുന്നില്ലത്രേ. ഈ വാദത്തിന്റെ പാറ്റന്റ് സംഘപരിവാറിനാണ്. എഴുത്തുകാരെയും ബുദ്ധിജീവികളെയും ഭർത്സിക്കലും സംഘപരിവാർ ഹോബിയാണ്. അത് ഈ ‘ വ്യത്യസ്തനാം കോൺഗ്രസു’ കാരന്റെയും ഇഷ്ടവിനോദമത്രേ. മലയാളത്തിലെ എഴുത്തുകാർ സി.പി.എം.നെ വിമർശിച്ചിട്ടില്ലെന്ന്! കെ.ജി. ശങ്കരപ്പിള്ളയും സച്ചിദാനന്ദനും സാറാജോസഫും ചുള്ളിക്കാടുമെല്ലാം സി.പി.എം. നെ വിമർശിച്ചെഴുതിയതെങ്കിലും ഇയാൾ വായിച്ചിട്ടില്ലേ? അരുന്ധതി റോയ് ഇ.എം.എസിനെക്കുറിച്ച് അടിസ്ഥാന രഹിതമായും വസ്തുതാ വിരുദ്ധമായും എഴുതിയിട്ടും ആരും അവരെ ക്രിമിനലെന്ന് വിളിച്ചില്ല. ഒരു അക്കാദമിയും ആക്രമിച്ചില്ല. (സക്കറിയക്കു നേരെ ഒറ്റപ്പെട്ട ആക്രമണമുണ്ടായപ്പോൾ അത് തള്ളിപ്പറയുകയും അദ്ദേഹത്തെ നേരിട്ട് വിളിച്ച് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നവരുടെ കൂട്ടത്തിൽ ന്ന് ഡി.വൈ.എഫ്.ഐ. പ്രസിഡന്റായിരുന്ന ഞാനുമുണ്ടായിരുന്നു) .സി.പി.എം.നെയും ഇവരൊക്കെ വിമർശിച്ചിട്ടുണ്ടെന്നറിയാൻ വിമർശിച്ചെഴുതിയതെങ്കിലുമൊന്ന് വായിക്കണം. “നെഹ്രുവിനുശേഷം ഞങ്ങളുടെ പാർട്ടിയിലാരും പുസ്തകം വായിച്ചിട്ടില്ല” എന്ന കോൺഗ്രസ്കാരനായസുഹൃത്തിന്റെ തമാശയുടെ പൊരുൾ ഇപ്പോഴാണ് പിടികിട്ടിയത്. പുസ്തകം കത്തിച്ചാണ് കെ.എസ്.യു കാലം മുതൽ പരിശീലനം. ഗോദാവരി പരുലേക്കറുടെ ‘മനുഷ്യനുണരുമ്പോൾ’ ഇ.എം.എസിന്റെ ‘ഇന്ത്യൻ സ്വതന്ത്ര്യസമര ചരിത്രം’ എന്നിവയൊക്കെ കത്തിച്ച് വളർന്നു വന്നതല്ലേ. ചാർച്ച പോലെ തന്നെ ചേർച്ചയും പരിവാരത്തിന്റെ രീതികളുമായിട്ടാണ്. കെ.എസ്.യു.വിന്റെ അക്ഷരവിരോധമെന്ന ജനിതകത്തകരാറാണ് എഴുത്തുകാരൊക്കെ ക്രിമിനലുകളാണെന്ന് തോന്നാൻ കാരണം. തോന്നൽ മൂത്തുകഴിഞ്ഞാൽ സംഘപരിവാരം വന്ന് കയ്യിലൊരു ചരടും ബന്ധിച്ച് ടിയാനെ കൂട്ടിയങ്ങു കൊണ്ടുപോയിക്കൊള്ളും.

shortlink

Related Articles

Post Your Comments

Related Articles


Back to top button