Latest NewsKerala

ആർ.ടി ഓഫീസുകളിൽ മികച്ച സേവനങ്ങളും സൗകര്യവും ഉറപ്പാക്കും – മന്ത്രി എ.കെ. ശശീന്ദ്രൻ

ഹൈടെക് ആർ.ടി ഓഫീസും വാഹൻ സാരഥി സോഫ്റ്റ്‌വെയറും ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം:  തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ് ഇനി ഹൈടെക്. തമ്പാനൂരിലെ ബസ് ടെർമിനലിലെ ആധുനിക സാങ്കേതിക വിദ്യകളോടു കൂടിയ മന്ദിരത്തിലാണ്. പുതിയ ആർ.ടി ഓഫീസിന്റെയും ‘വാഹൻ സാരഥി’ സോഫ്റ്റ്‌വെയറുകളുടെ പ്രവർത്തനോദ്ഘാടനവും ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ നിർവഹിച്ചു. മോട്ടോർ വാഹന വകുപ്പിന്റെ ആർ.ടി ഓഫീസുകളിൽ മികച്ച സേവനങ്ങൾക്കൊപ്പം മികച്ച സൗകര്യങ്ങളും ഉറപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 93 ആർ.ടി.ഒകളിൽ 23 എണ്ണം ഇതിനകം ആധുനീകരിച്ചു. കോഴിക്കോടും കണ്ണൂരും ഓഫീസുകൾ ഈയാഴ്ച പരിഷ്‌കരിച്ച് തുറന്നുകൊടുക്കും. വാഹൻ സാരഥി സോഫ്റ്റ്‌വെയർ വഴി ഓൺലൈനായി കൂടുതൽ സേവനങ്ങൾ ഉറപ്പാക്കും. ഫാൻസി നമ്പറിനുള്ള അപേക്ഷ ഇനി ഓൺലൈനായി സമർപ്പിക്കാം. ലേലത്തിലും ഓൺലൈനായി പങ്കെടുക്കാം. ഓരോ ആഴ്ചയും ശനിയാഴ്ച 4.30 വരെ റിസർവേഷൻ അനുവദിക്കുകയും 4.30ന് ക്ലോസ് ചെയ്യുകയും ചെയ്യും. അഞ്ചുമണിമുതൽ ലേല നടപടികൾ തുടങ്ങി തിങ്കളാഴ്ച 10 മണി വരെ തുടരും.

ഓഫീസുകൾ കയറിയിറങ്ങാതെ സാധാരണക്കാർക്ക് മികച്ച സേവനം ലഭിക്കും. എല്ലാ പേമെൻറുകളും ഓൺലൈനായി നടത്താൻ സൗകര്യമുണ്ടാകും. സുരക്ഷാ സംവിധാനങ്ങളോടെയുള്ള സർട്ടിഫിക്കറ്റുകളും ലൈസൻസുകളും നൽകും. 1000 ദിനത്തിനുള്ളിൽ 13 സബ് ആർ.ടി ഓഫീസുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു.

റോഡ് സുരക്ഷയ്ക്കായി ‘സേഫ് കേരള’ പദ്ധതിക്ക് തുടക്കമായിട്ടുണ്ട്. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന നിരീക്ഷണ സംവിധാനവും സ്‌ക്വാഡുകളുമുണ്ടാകും. കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ച് നിയമലംഘനത്തിനും കുറ്റകൃത്യങ്ങൾക്കും കർശനശിക്ഷാനടപടികൾ നൽകും. 2020 ഓടെ അപകടനിരക്ക് ഗണ്യമായി കുറയ്ക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

തമ്പാനൂർ ബസ് ടെർമിനലിലെ അഞ്ചാം നിലയിലേക്കാണ് ആർ.ടി ഓഫീസ് മാറ്റി സ്ഥാപിക്കുന്നത്. പൊതുജനങ്ങൾക്ക് ശീതികരിച്ച വിശ്രമകേന്ദ്രം, റോഡ് സുരക്ഷാ ക്ലാസുകൾ നടത്തുന്നതിനായി ആധുനിക ഓഡിയോ വിഷ്വൽ സംവിധാനങ്ങളുള്ള ഹാൾ, അപേക്ഷകരുടെ സൗകര്യാർഥം ടോക്കൺ സംവിധാനത്തോടെയുള്ള ‘ക്യൂ’ മാനേജ്‌മെൻറ്, ഫാസ്റ്റ് ട്രാക്ക് സംവിധാനം എന്നിവയും പുതിയ ഓഫീസിലുണ്ട്. ജനസൗഹൃദപരമായ ‘വാഹൻ സാരഥി’ സംവിധാനം നടപ്പാക്കുന്നതോടെ പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി സേവനങ്ങൾ ലഭ്യമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button