Latest NewsIndia

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി: നടത്തിപ്പ് ചുമതല റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സിന്

തിരുവനന്തപുരം•സംസ്ഥാനത്ത് നിലവിലുള്ള എല്ലാ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികളേയും കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയേയും സംയോജിപ്പിച്ചുകൊണ്ടുള്ള കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ.എ.എസ്.പി.) ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഈ ഇന്‍ഷുറന്‍സ് പദ്ധതിയുടെ 2019-20 വര്‍ഷത്തിലെ ഇന്‍ഷുറന്‍സ് പ്രൊവൈഡറായി റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയേയാണ് തെരഞ്ഞെടുത്തിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

റിലയന്‍സ്, ന്യൂ ഇന്ത്യ, യുണൈറ്റഡ് ഇന്ത്യ, നാഷണല്‍ തുടങ്ങിയ 5 ഇന്‍ഷുറന്‍സ് കമ്പനികളാണ് ടെണ്ടറില്‍ പങ്കെടുത്തത്. എന്നാല്‍ 5 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് നല്‍കുന്നതിന് ഏറ്റവും കുറഞ്ഞ പ്രീമിയം തുക നല്‍കിയത് റിലയന്‍സായിരുന്നു. ഒരു കുടുംബത്തിന് 1,671 രൂപ വാര്‍ഷിക പ്രീമിയമാണ് അവര്‍ നല്‍കിയിരുന്നത്. ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ചെയര്‍മാനായുള്ള ടെണ്ടര്‍ ഇവാല്വേഷന്‍ കമ്മിറ്റിയാണ് ഏറ്റവും കുറഞ്ഞ പ്രീമിയം നല്‍കിയ റിലയന്‍സ് ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനിയെ തെരഞ്ഞെടുത്തത്. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സിയായ ചിയാക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ ഇതിന് അംഗീകാരം നല്‍കിയത്. ഇതനുസരിച്ചുള്ള മേല്‍ നടപടികളെടുക്കാന്‍ ചിയാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സര്‍ക്കാര്‍ നിയോഗിച്ച ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ ഡയറക്ടര്‍ ഡോ. ഡി. നാരായണ ചെയര്‍മാനായുള്ള വിദഗ്ധ സമിതി ശുപാര്‍ശ ചെയ്ത പാക്കേജ് നിരക്കുകള്‍ക്ക് സര്‍ക്കാര്‍ ഇതിനകം അംഗീകാരം നല്‍കിയിട്ടുണ്ട്. 1,824 മെഡിക്കല്‍ പാക്കേജുക്കളുടെ നിരക്കുകള്‍ക്കാണ് അംഗീകാരം നല്‍കിയത്.

തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളില്‍ നിന്നും ഈ പദ്ധതി പ്രകാരം ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുന്നതാണ്. 40.96 ലക്ഷം കുടുംബങ്ങള്‍ക്കാണ് പുതിയ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക. നിലവില്‍ ആര്‍.എസ്.ബി.വൈ., ചിസ് പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള കുടുബങ്ങളും ഈ പദ്ധതിയുടെ കീഴില്‍ വരുന്നതാണ്.

ആര്‍.എസ്.ബി.വൈ., ചിസ് പദ്ധതി 2008 ഒക്ടോബര്‍ 2 മുതല്‍ ഇതുവരെ ഒരു ദിവസത്തെ പോലും മുടക്കമില്ലാതെ തുടര്‍ന്നു വരുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം കേരളമാണ്. ജനുവരി 31 വരെ ഏകദേശേം 61 ലക്ഷം ഗുണഭോക്താക്കള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇതുവഴി ഏകദേശം 2,555 കോടി രൂപയുടെ ചികിത്സാ സഹായമാണ് നല്‍കിയത്. പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയും പരമാവധി ആള്‍ക്കാരിലെത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button