KeralaLatest NewsIndia

ചോറ്റാനിക്കര ദേവീക്ഷേത്രത്തിൽ ഗുരുതി തയ്യാറാക്കിയത് ചുണ്ണാമ്പിനു പകരം ബ്ലീച്ചിങ്‌ പൗഡറിട്ട്; അന്വേഷണം തുടങ്ങി

സഹായികളായ രണ്ട് ജീവനക്കാരെ ജോലിയിൽനിന്ന്‌ ദേവസ്വം അധികൃതർ മാറ്റി നിർത്തിയിട്ടുണ്ട്.

ചോറ്റാനിക്കര: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ കീഴ്‌ക്കാവിൽ ഭഗവതിക്ക്‌ പ്രധാന വഴിപാടായ 12 പാത്രം ഗുരുതി തയ്യാറാക്കുന്നതിന് ചുണ്ണാമ്പിനു പകരം ഇട്ടത് ബ്ലീച്ചിങ് പൌഡർ. ഗുരുതി ഭഗവതിക്ക്‌ തർപ്പണം ചെയ്യുന്നതിനു മുമ്പ് മേൽശാന്തിക്ക്‌ സംശയം തോന്നിയതിനാൽ അത് തർപ്പണം ചെയ്തില്ല.ഇതേക്കുറിച്ച് ദേവസ്വം വിജിലൻസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ക്ഷേത്രത്തിൽ കീഴ്‌ക്കാവ് ശാന്തി ജയപ്രകാശ് എമ്പ്രാന്തിരിയും ഈ ദിവസം ഉണ്ടായിരുന്നില്ല. ഇദ്ദേഹത്തിന്റെ സഹായികളാണ് ഉണ്ടായിരുന്നത്. സഹായികളായ രണ്ട് ജീവനക്കാരെ ജോലിയിൽനിന്ന്‌ ദേവസ്വം അധികൃതർ മാറ്റി നിർത്തിയിട്ടുണ്ട്.

ഞായറാഴ്ച രാത്രി 8.30-നാണ് ഗുരുതരമായ ഈ സംഭവം നടന്നത്. കീഴ്‌ക്കാവ് ഭഗവതിക്ഷേത്രത്തിൽ ഗുരുതി വഴിപാട് 2025 വരെ ബുക്കിങ്‌ ആയിട്ടുള്ളതാണ്. അത്രയ്ക്ക് പ്രാധാന്യമാണ് ഗുരുതി വഴിപാടിനുള്ളത്. ഉത്സവക്കാലത്തും മുടിയേറ്റ് സമയത്തും മാത്രമേ ഗുരുതി ഒഴിവാക്കാറുള്ളൂ. ക്ഷേത്രക്കിണറ്റിൽനിന്നുള്ള വെള്ളത്തിൽ മഞ്ഞൾപ്പൊടി, ശർക്കര, ചുണ്ണാമ്പ്, കദളിപ്പഴം എന്നിവ ചേർത്താണ് ഗുരുതി തയ്യാറാക്കുന്നത്. കീഴ്‌ക്കാവ് ഭഗവതിക്കായി ശ്രീകോവിലിനു മുന്നിൽ ഗുരുതി നിറച്ച ഓട്ടുരുളികൾ വെച്ച് പ്രത്യേകം പൂജകൾ നടത്തി തർപ്പണം ചെയ്യുകയും തുടർന്ന് നിവേദ്യമായിട്ടുള്ള ഗുരുതി ഭക്തർക്ക് സേവിക്കാൻ കൊടുക്കുന്നതും പതിവാണ്.

ഗുരുതിക്കൂട്ടിന് ചുണ്ണാമ്പിനു പകരം ബന്ധപ്പെട്ട ജീവനക്കാരൻ കൊണ്ടുവന്നു കൊടുത്തത് ബ്ലീച്ചിങ്‌ പൗഡറായിരുന്നുവെന്ന് ചോറ്റാനിക്കര ദേവസ്വം മാനേജർ ബിജുകുമാർ പറഞ്ഞു. ദുർഗന്ധം ഉണ്ടായിട്ടും ബന്ധപ്പെട്ട ജീവനക്കാർ വിവരം പറഞ്ഞില്ല..മേൽക്കാവ് മേൽശാന്തി ടി.എൻ. നാരായണൻ നമ്പൂതിരി ഗുരുതിപൂജയ്ക്കായി എത്തിയപ്പോൾ ഓട്ടുരുളികളിലെ ഗുരുതിക്ക്‌ ദുർഗന്ധം അനുഭവപ്പെട്ടിരുന്നു. വിവരം തന്നെ അറിയിച്ചതിനെ തുടർന്ന് തയ്യാറാക്കിയ ഗുരുതി ഉടൻ മാറ്റാൻ നിർദേശിച്ചു. അത് പൂർണമായും ഒഴിവാക്കി. താമസിയാതെ തന്നെ പുതിയതായി സാധാരണ രീതിയിൽ ഗുരുതി തയ്യാറാക്കിയാണ് തുടർന്ന് ഗുരുതി വഴിപാട് നടത്തിയതെന്നും ദേവസ്വം മാനേജർ ബിജുകുമാർ പറഞ്ഞു.

ദേവസ്വം ജീവനക്കാരായ തീർത്ഥമാണി, നട കാവൽക്കാരൻ, പാത്രം തേപ്പ്, സെക്യൂരിറ്റി എന്നിവർക്ക്‌ നോട്ടീസ് നൽകിയിട്ടുണ്ടെന്നും മാനേജർ പറഞ്ഞു.സംഭവത്തെക്കുറിച്ച് കൊച്ചിൻ ദേവസ്വം ബോർഡ് വിജിലൻസ് പ്രാഥമികാന്വേഷണം തുടങ്ങി. ചീഫ് വിജിലൻസ് ഓഫീസർ ആർ.കെ. ജയരാജ് തിങ്കളാഴ്ച രാവിലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെത്തി ജീവനക്കാരുടെയും മറ്റും മൊഴിയെടുത്തു. വിവരമറിഞ്ഞ് സ്വയം അന്വേഷണം തുടങ്ങിയതാണെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് വിജിലൻസ് ഓഫീസർ പറഞ്ഞു. ഗുരുതിയിൽ ബ്ലീച്ചിങ്‌ പൗഡർ അറിയാതെ ഇട്ടതാണോ, ആരെങ്കിലും അറിഞ്ഞ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button