KeralaLatest NewsNews

കെഎസ്ആര്‍ടിസിയിലെ സംയുക്ത ട്രേഡ് യൂണിയന്‍ പൊളിഞ്ഞു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നിന്ന് തച്ചങ്കരി പടിയിറങ്ങിയതോടെ ഭരണത്തില്‍ വന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി പൊളിഞ്ഞു. ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂണിയനും ഡ്രൈവേഴ്‌സ് യൂണിയനുമാണ് സമിതിയില്‍ നിന്ന് പിന്‍മാറിയത്. ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായിരുന്ന കാലഘട്ടത്തിലാണ് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നിലവില്‍ വന്നത്. തച്ചങ്കരിക്കെതിരായ സമരത്തില്‍ സിഐടിയു ആഭിമുഖ്യമുള്ള കെഎസ്ആര്‍ടിഇഎയും ഐഎന്‍ടിയുസി ആഭിമുഖ്യമുള്ള ടിഡിഎഫും ഒരുമിച്ച് നിന്നു. എന്നാല്‍ തച്ചങ്കരി പടിയിറങ്ങിയതോടെ ഒരുമയും നഷ്ടപ്പെട്ടു.

തെരഞ്ഞെടുത്ത അഞ്ഞൂറോളം സര്‍വ്വീസുകളില്‍ പന്ത്രണ്ട് മണിക്കൂര്‍ ഡ്യൂട്ടി ഏര്‍പ്പെടുത്താനുള്ള പുതിയ എംഡിയുടെ ഉത്തരവാണ് ഭിന്നതയ്ക്ക് ആക്കം കൂട്ടയത്. എട്ട് മണിക്കൂര്‍ ഡ്യൂട്ടിയെന്ന തൊഴിലാളികളുടെ അവകാശം ഇടതു യൂണിയന്റെ പിന്തുണയില്‍ അട്ടിമറിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഐഎന്‍ടിയുസി ആഭിമുഖ്യത്തിലുള്ള സംഘടന സംയുക്ത സമിതി വിട്ടത്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന്, പിരിച്ചുവിട്ട താത്കാലിക കണ്ടക്ടര്‍മാരെ തിരിച്ചെടുക്കുന്നതില്‍ ഫലവത്തായ നടപടി ഉണ്ടായിട്ടില്ല. തൊഴിലാളി ദ്രോഹ നയങ്ങള്‍ ചെറുക്കുന്നതില്‍ യോജിച്ച നിലപാടുമായി മുന്നോട്ട് പോകാന് കഴിയാത്ത സാഹചര്യത്തിലാണ് ഐക്യം അവസാനിപ്പിക്കുന്നതെന്ന് ടിഡിഎഫ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button