KeralaLatest News

കേരളത്തെ ഫിലമെന്റ് രഹിതമാക്കും : മന്ത്രി എം. എം. മണി

തിരുവനന്തപുരം: ഫിലമന്റ് ബൾബുകൾക്കും ട്യൂബുകൾക്കും പകരം എൽ. ഇ. ഡി ബൾബുകൾ നൽകി സംസ്ഥാനത്തെ പൂർണമായും ഫിലമെന്റ്, മെർക്കുറി രഹിത മാക്കുമെന്ന് വൈദ്യുതി മന്ത്രി എം. എം. മണി പറഞ്ഞു. ഫിലമെന്റ് രഹിത കേരളം പദ്ധതി രജിസ്‌ട്രേഷന്റെ ഔദ്യോഗിക ഉദ്ഘാടനം സെക്രട്ടേറിയറ്റ് അനക്‌സ് ശ്രുതിഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കൂടുതൽ ഊർജം ഉത്പാദിപ്പിക്കുന്നതിനൊപ്പം ഉപയോഗം കുറച്ച് ലാഭിക്കാനുമാകണം. ഈ ലക്ഷ്യം കൈവരിക്കുന്നതിന് സർക്കാരിന്റെ ഫിലമെന്റ് രഹിത കേരളം പദ്ധതി വഴി സാധിക്കും. 1000 മൊഗാവാട്ട് വൈദ്യുതി സൗരോർജത്തിൽ നിന്ന് ഉല്പാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വീടുകളുടെ മുകളിലും ജലസംഭരണികളിൽ ഒഴുകുന്ന സോളാർ പ്ലാന്റും സ്ഥാപിച്ച് വൈദ്യുതി ഉല്പാദിപ്പിക്കും. അതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇടുക്കിയിൽ നിലവിലുള്ള പവർഹൗസിനു സമീപം ഭൂഗർഭ പവർഹൗസും സ്ഥാപിക്കും. നിലവിലുള്ള ജലവൈദ്യുത പദ്ധതികൾക്കൊപ്പം സോളാർ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ വൈദ്യുതി രംഗത്ത് സംസ്ഥാനത്തിന് സ്വയം പര്യാപ്തത നേടാനാകുമെന്നും മന്ത്രി പറഞ്ഞു.

ഫിലമെന്റ് ബൾബുകൾക്ക് പകരം എൽ. ഡി. ബൾബുകൾ വാങ്ങുന്നതിനുള്ള രജിസ്‌ട്രേഷൻ മന്ത്രിയുടെ കൺസ്യൂമർ നമ്പർ നൽകി ഉദ്ഘാടനം ചെയ്തു. പൊതുജനങ്ങൾക്ക് മൂന്ന് രീതിയിൽ ഫിലമെന്റ് ബൾബുകൾ മാറ്റി വാങ്ങാനാകും. www.kseb.in ൽ ലോഗിൻ ചെയ്ത് ആവശ്യമായ എൽ. ഇ. ഡി. ബൾബുകളും തിരികെ നൽകുന്ന ഫിലമെന്റ് ബൾബുകളുടെയും എണ്ണവും കൺസ്യൂമർ നമ്പരും നൽകുക. വീടുകളിലെത്തുന്ന മീറ്റർ റീഡർ വഴിയും തൊട്ടടുത്തുള്ള സെക്ഷൻ ഓഫീസ് വഴിയും രജിസ്റ്റർ ചെയ്യാം. ഒൻപത് വാട്ടിന്റെ എൽ. ഇ. ഡി. ബൾബുകൾ വിപണി വിലയിൽ നിന്ന് കുറച്ചാണ് ലഭ്യമാകുക. തവണ വ്യവസ്ഥയിൽ വൈദ്യുതി ബില്ലിനൊപ്പവും തുക നൽകാം.

പദ്ധതി പൂർത്തിയാകുന്നതോടെ ഏകദേശം 125 മെഗാവാട്ട് വൈദ്യുതി ഉപഭോഗം വൈകുന്നേരങ്ങളിൽ കുറയുമെന്നാണ് കരുതുന്നത്. കിഫ്ബി മുഖേന ഏകദേശം 750 കോടി രൂപയാണ് പദ്ധതിക്കായി ബഡ്ജറ്റിൽ വകയിരുത്തിയിരിക്കുന്നത്. കെ. എസ്. ഇ. ബിയുടെ എനർജി മാനേജ്‌മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ കൂടി ഉൾപ്പെടുത്തിയാണ് പദ്ധതി നിർവഹണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button