Latest NewsIndia

ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷനാകുമെന്ന് ഒവൈസി

ഡല്‍ഹി: അയോധ്യ പ്രശ്‌നം മധ്യസ്ഥ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ച മൂന്നംഗ സമിതിയെക്കുറിച്ച് വിവാദം. മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിയില്‍ ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കര്‍ ഉള്‍പ്പെട്ടതിനെതിരെയാണ് ഇപ്പോള്‍ മുസ്ലിം സംഘടനാ നേതാക്കളടക്കം രംഗത്തെത്തിയത്. ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷനാകുമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി ചോദിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിന് വേണ്ടി നിലയുറപ്പിച്ചിരുന്ന ശ്രീ ശ്രീ രവിശങ്കര്‍ എങ്ങനെ നിഷ്പക്ഷത ഉറപ്പുവരുത്തുമെന്ന ചോദിച്ച ഒവൈസി അയോധ്യയിലെ തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യ സിറിയ പോലെയാകുമെന്ന് രവിശങ്കര്‍ മുമ്പ് പറഞ്ഞിരുന്നതും ചൂണ്ടികാട്ടി. സോഷ്യല്‍ മീഡിയയിലും ശ്രീ ശ്രീ രവിശങ്കറിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സിറിയ പരാമര്‍ശത്തിന്റെ പേരില്‍ തന്നെയാണ് വിവാദം കത്തുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് രവിശങ്കറിന്റെ സിറിയ പരാമര്‍ശം പ്രമുഖ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടത്. എന്നാല്‍ പിന്നീട് അദ്ദേഹത്തിന്റെ സംഘടനയായ ആര്‍ട്ട് ഓഫ് ലിവിംഗ് ഇത് നിഷേധിച്ചിരുന്നു. അയോധ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടത്തി വരുന്നയാളാണ് ശ്രീ ശ്രീ രവിശങ്കറെന്നായിരുന്നു വാദം. അയോധ്യ വിഷയത്തില്‍ മുസ്ലിം വ്യക്തിനിയമ ബോര്‍ഡിന് അയച്ച കത്ത് ചൂണ്ടികാട്ടി പ്രശ്‌നം രമ്യമായി പരിഹാരിക്കാനുള്ള മാര്‍ഗങ്ങളാണ് രവിശങ്കര്‍ തേടുന്നതെന്നും ആര്‍ട്ട്ഓഫ് ലിവിങ് വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ഖലീഫുള്ള അധ്യക്ഷനായ മൂന്നംഗ സമിതിക്കാണ് സുപ്രീംകോടതി ഇന്ന് രൂപം നല്‍കിയത്. ആത്മീയ നേതാവ് ശ്രീ ശ്രീ രവിശങ്കറിന് പുറമെ മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പഞ്ചുവാണ് സമിതിയിലുള്ളത്. യുപിയിലെ ഫൈസാബാദില്‍ ഒരാഴ്ചയ്ക്കുള്ളില്‍ മധ്യസ്ഥ ചര്‍ച്ചകള്‍ തുടങ്ങണമെന്നും രഹസ്യസ്വഭാവത്തോടെ വേണം ചര്‍ച്ചയെന്നും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കാന്‍ എട്ടാഴ്ച്ച സമയം മധ്യസ്ഥ സമിതിക്ക് അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button