Latest NewsKerala

പൊന്നാനിയില്‍ അന്‍വര്‍ മത്സരിക്കും; പ്രഖ്യാപനം നാളെ ഉണ്ടായേക്കും

തിരുവനന്തപുരം: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ പൊന്നാന്നി ലോക്സഭാ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചു. പി.വി അന്‍വര്‍ എം.എല്‍.എയെ മത്സരിപ്പിക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ധാരണയായതോടെയാണ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച ആശയക്കുഴപ്പം നീങ്ങിയത്. താനൂര്‍ എം.എല്‍.എ. വി. അബ്ദുറഹിമാന്‍, സിഡ്‌കോ ചെയര്‍മാന്‍ നിയാസ് പുളിക്കലകത്ത്, വ്യവസായ പ്രമുഖന്‍ ഗഫൂര്‍ പി. ലില്ലീസ് തുടങ്ങിയവരുടെ പേരുകള്‍ പരിഗണിച്ച ശേഷമാണ് അവസാനം പി.വി അന്‍വറിന് തന്നെ നറുക്ക് വീണിരിക്കുന്നത്.

നേരത്തെതന്നെ അന്‍വറിന്റെ പേര് പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും അന്‍വറിന്റെ പേരിലുള്ള വിവാദങ്ങള്‍ കാരണം തീരുമാനം പുനഃപരിശോധിക്കുകയായിരുന്നു. എന്നാല്‍ വിജയ പ്രതീക്ഷയുള്ള മറ്റ് സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ വീണ്ടും അന്‍വറിനെ തന്നെ പരിഗണിക്കുകയായിരുന്നു. നിലമ്പൂര്‍ എം.എല്‍.എയാണ് നിലവില്‍ പി.വി അന്‍വര്‍. ഭൂമി കയ്യേറ്റം ഉള്‍പ്പടെയുള്ള നിരവധി വിവാദങ്ങള്‍ അന്‍വറിന്റെ പേരില്‍ ഉയര്‍ന്നിരുന്നു. നേരത്തെ വയനാട് ലോക്സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. അന്‍വര്‍ മത്സരിക്കുന്നതോടെ ഇടതു മുന്നണിയില്‍ ആറ് എം.എല്‍.എമാര്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാവും. അതേസമയം, അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികള്‍ക്ക് അതൃപ്തി ഉള്ളതായും റിപ്പോര്‍ട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button