Latest NewsArticle

തിരുവല്ലയില്‍ നടന്ന സംഭവം പോലെ എത്രയോ നടന്നിരിക്കുന്നു മുന്‍പും

കൗണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബുവിന് പറയാനുള്ളത്

സാധാരണക്കാരായ മാതാപിതാക്കളെക്കാള്‍ ഒരുപക്ഷെ , എന്നെപോലെ കൗമാരക്കാരായ കുട്ടികളുടെ ഇടയില്‍ നില്‍ക്കുന്ന കൗണ്‍സിലര്‍ കൂടി ആയ വ്യക്തികള്‍ കൂടുതല്‍ ആശങ്കപ്പെടുന്ന കാലമാണ് ഇത്… കാരണം , ഞങ്ങളുടെ കുഞ്ഞുങ്ങളെ പോലെ അനേകം കുട്ടികളെ കാണുക ആണ്.. അവരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കുക ആണ്.. അവരുടെ മനസ്സിലെ അടിയൊഴുക്കുകള്‍ അറിയുക ആണ്..

എന്റെ പതിനാറു കാരിയായ മകളോട് എന്ന പോലെ അനേകം കുഞ്ഞുങ്ങളോടും പറഞ്ഞു കൊടുക്കുന്ന ഒരു കാര്യമാണ് ” അരുത് എന്ന് പറയാനുള്ള പ്രാപ്തി ഉണ്ടാക്കുക എന്നത്..’ പക്ഷെ അതങ്ങു ചുമ്മാ പറഞ്ഞാല്‍ പോരാ..എന്ന് ഇപ്പൊ ചൂണ്ടി കാട്ടാറുണ്ട്.. അപ്പുറത്തെ ആളെ അപമാനിക്കാതെ വേണം , അരുത് എന്ന് പറയാന്‍.. വാക്കുകളെ ക്കാള്‍ വാക്കുകള്‍ കോര്‍ക്കുന്ന ഭാവത്തിനു പ്രാധാന്യം ഉണ്ട് എന്നും..

തിരുവല്ലയില്‍ നടന്ന സംഭവം പോലെ എത്രയോ നടന്നിരിക്കുന്നു മുന്‍പും..! സോഷ്യല്‍ മീഡിയ യുടെ സഹായം കൊണ്ട് ഇപ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നു എന്ന് മാത്രം.. ആണ്‍കുട്ടികള്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നു , അവര്‍ ക്രിമിനലുകള്‍ ആകുന്നു എന്നതാണ് വാര്‍ത്തകള്‍ മുഴുവന്‍.. പെണ്കുട്ടികളൂം ഒപ്പം ഉണ്ട് എന്ന് സാമൂഹിക പ്രവര്‍ത്തക കൂടി ആയ ഞാന്‍ പറയുന്നു..!

ഈ അടുത്ത് ഒരു പ്രൊജക്റ്റ് ഇന്റെ ഭാഗമായി അറ്റന്‍കുളങ്ങര വനിതാ ജയില്‍ സന്ദര്‍ശിച്ചു.. റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ അനുമതി ഇല്ല.. എങ്കിലും ഒന്ന് പറയട്ടെ.. കുറ്റകൃത്യങ്ങളില്‍ ആണ് പെണ്ണ് മനസ്സ് തമ്മില്‍ വ്യത്യാസം ഇല്ല.. കുറ്റവാളികള്‍ക്ക് ഒരേ ഒരു മനസ്സാണ്. ഉപേക്ഷിക്കപെടുക എന്നത് പോലെ അപമാനകരമായ ഒന്ന് മനുഷ്യജീവിതത്തില്‍ നേരിടാനില്ല..അതുക്കും മേലെ ആണ്.., എന്റെ എന്ന് വിശ്വസിച്ച ഒരാള്‍, അയാളുടെ ജീവിതത്തില്‍ താന്‍ അറിയാതെ , തന്നിലും മേലെ മറ്റൊരാള്‍ ഉണ്ട് എന്ന ഞെട്ടിപ്പിക്കുന്ന നോവ്.. അതിന്റെ ആഴം..

മുറിവ് ക്രമേണ വൃണം ആയി, അതില്‍ നിന്നും ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങും.. പകയുടെ വൃത്തികെട്ട മനം മടുപ്പിക്കുന്ന ഒന്ന്.. അതിന്റെ തീവ്രതയില്‍ പെട്ട് കഴിഞ്ഞാല്‍ പിന്നെ ഇരുട്ടാണ്.. ഭ്രാന്തിന്റെ അങ്ങേ അറ്റത് മനസ്സില്‍ നടക്കുന്ന വേലിയേറ്റവും വേലിയിറക്കവും ,വിഭ്രാന്തികളും ലഹരി മരുന്നിന്റെ പൈശാചിക ചിന്തകളെ വെല്ലും.. എന്നെ ചതിച്ചു.. ഞാന്‍ ഉപേക്ഷിക്കപ്പെട്ടു..! ഇതിനെ വെല്ലാന്‍ മറ്റൊരു നഷ്ടത്തിനും സാധ്യമല്ല.. ഇര സ്വയം ആണ്.. പക്ഷെ പ്രത്യക്ഷ്യത്തില്‍ വില്ലനും.. കുത്തികീറാന്‍ ഉള്ള വൈരാഗ്യം, കത്തിച്ചു കളയാനുള്ള പക ഒക്കെ കൊണ്ട് സൃഷ്ടിക്കപെടുന്ന മനസ്സിനെ നിയന്ത്രിക്കാന്‍ ആരെങ്കിലും തക്ക സമയത്ത് അത് തിരിച്ചറിയണം.. അല്ലേല്‍ , ഇനിയും എത്രയോ ദുരന്തങ്ങള്‍ ആവര്‍ത്തിക്കപെടും…

ലഹരി മരുന്നിനു അടിമ ആയിരുന്നോ ആ പയ്യന്‍ എന്നറിയില്ല.. ഓരോ കുറിപ്പുകളും എഴുതുമ്പോള്‍ ഓര്‍ക്കാറുണ്ട്,ഇതൊക്കെ വായിച്ചിട്ടു കൗമാരക്കാര്‍ മുഴുവന്‍ മയക്കു മരുന്ന് ഉപയോഗിക്കുന്നു എന്ന് ആണോ വായിക്കുന്നവര്‍ കരുതുക എന്ന്.. അല്ല കേട്ടോ.. പക്ഷെ , നമ്മുടെ നാട്ടില്‍ ടെക്‌നോളജി വളരും പോലെ കുത്തനെ വളരുന്ന ഒന്ന് മയക്കുമരുന്നിന്റെ മേഖല തന്നെ ആണ്.. ഇതൊക്കെ വേണ്ടപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തി മടുത്തു.. ആരെയും കുറ്റം പറയാന്‍ വയ്യ.. സിനിമയില്‍ കാണുന്ന മാഫിയ യെക്കാള്‍ എത്രയോ വലുതാണ് നമ്മുടെ നാട്ടില്‍.. അതിന്റെ വേരുകള്‍ തേടി പോകാനുളള ആര്‍ജ്ജവവും സമയവും അധികാരം ഉളള ഭരണാധികാരികള്‍ നേടേണ്ടതാണ്..

കുട്ടികളെ ബോധവല്‍ക്കരിക്കുന്നതിനു പകരം മാതാപിതാക്കളെയും അധ്യാപകരെയും ചേര്‍ത്ത് ഒരു ചര്‍ച്ച സംഘടിപ്പിക്കാമോ എന്ന് ഓരോ വട്ടവും ക്ലാസ് എടുക്കാന്‍ വിളിക്കുന്ന സ്‌കൂള്‍ ,കോളേജ് , അധികാരികാരികളോട് പറയാറുണ്ട്.. ഫലം ഉണ്ടാകാറില്ല..അഥവാ അവര്‍ തയ്യാറായാല്‍ തന്നെ മാതാപിതാക്കള്‍ക്ക് സമയം ഇല്ല വരാന്‍..! ഒന്നേ ഉള്ളു അത്തരം ക്ലാസുകള്‍ കൊണ്ട് ,നേടാന്‍..
നിങ്ങള്‍ നിങ്ങളുടെ മാത്രം കുഞ്ഞുങ്ങളെ അറിയുന്നു..അല്ലേല്‍ ഇങ്ങനെ ഒരു ദുരന്തം വരുമ്പോള്‍ കേള്‍ക്കുന്നു..പൊതുവായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോള്‍ എങ്ങനെ കുട്ടികളെ കൈകാര്യം ചെയ്യാം എന്നതിന് ഓരോ അമ്മയ്ക്കും അച്ഛനും വ്യക്തമായ ഉത്തരം കിട്ടും..അല്ലാതെ ഒരു പ്രശ്‌നം ഉണ്ടാകുമ്പോള്‍ , ഓടി സൈക്കോളജിസ്‌റ് ന്റെ അടുത്ത് കൊണ്ട് പോയിട്ട് കാര്യം ഇല്ല.. കതിരുമ്മേല്‍ വളം വെയ്ക്കുന്നത് കൊണ്ട് എന്ത് ഗുണം..? നിങ്ങളുടെ മക്കളുടെ കൗണ്‍സിലര്‍ നിങ്ങള്‍ തന്നെ ആകണം..!

നിങ്ങള്‍ ഇരുപത്തിനാലു മണികൂറു മക്കളുടെ കൂടെ ഇരിക്കേണ്ട..പക്ഷെ ഇരിക്കുന്ന സമയം ,അവരോടു തുറന്നു ഇടപെടണം..ചതിയില്‍ പെടാതെ നോക്കാന്‍ മാത്രമല്ല..ചതിക്കരുത് എന്ന് കൂടി ഉള്‍കാഴ്ച ഉണ്ടാക്കി കൊടുക്കണം..സ്‌നേഹത്തെ ക്കാള്‍ വലുതാണ് വിശ്വാസം..തലയുയര്‍ത്തി പിടിച്ചു ചങ്കുറ്റത്തോടെ മരണം വരെ ജീവിക്കാന്‍, ഞാന്‍ ആരെയും ചതിച്ചിട്ടില്ല എന്നൊരു അഹങ്കാരം സ്വയം നേടിയെടുത്താല്‍ മാത്രം മതി..എത്ര കോടി കാശിനെ ക്കാളും അതിനു മതിപ്പുണ്ട്..ഇല്ലേ..?

അവന്‍ ശിക്ഷിക്കപ്പെടണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍..എന്നിരുന്നാലും, പെണ്‍കുട്ടിയുടെ അമ്മയെ പോലെ അവനും ഉണ്ട് ഒരമ്മ..അച്ഛന്‍..വേണ്ടപ്പെട്ടവര്‍..അവരെ ഓര്‍ക്കുമ്പോള്‍ സഹിക്കുന്നില്ല..
കരയാന്‍ അവര്‍ക്കു ആയിട്ടുണ്ടാകുമോ..? നൂറായിരം വിരലുകള്‍ അവന്റെ കുടുംബത്തിന് നേര്‍ക്ക് നീളുക സ്വാഭാവികം.. അവന്റെ ഈ മാനസിക തകര്‍ച്ച അവരുടെ കണ്മുന്നില്‍ വെച്ചാണോ എന്നറിയില്ല..
അവര്‍ അറിഞ്ഞതാണോ അതോ അവനെ അറിയാന്‍ കഴിയാഞ്ഞതാണോ..? കുഞ്ഞേ.., ഒരു മനുഷ്യ ശരീരം കത്തിക്കാന്‍ തക്ക മനസ്സ് എങ്ങനെ നിന്നില്‍ ഉണ്ടായി എന്ന് ഓര്‍ക്കുമ്പോള്‍ സങ്കടം ഉണ്ടാകുന്നു..
നിന്നെ ഒന്നറിയാന്‍ , ഒന്ന് തിരുത്താന്‍ ആരും ഉണ്ടായില്ലല്ലോ എന്നൊരു കുറ്റബോധവും..

shortlink

Related Articles

Post Your Comments

Related Articles


Back to top button