KeralaLatest NewsIndia

കടുത്ത ദാരിദ്ര്യം; മൂവാറ്റുപുഴയിൽ നവജാത ശിശുവിനെ വിറ്റു

കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന യുവതിക്ക് മറ്റ് സാമ്പത്തിക വരുമാനം ഇല്ലാത്തതാണ് കുഞ്ഞിനെ കൈമാറാന്‍ പ്രേരിപ്പിച്ചതെന്ന് സൂചന.

മൂവാറ്റുപുഴ: ഏഴ് ദിവസം മാത്രമായ പെണ്‍കുഞ്ഞിനെ ദമ്പതികള്‍ക്ക് കൈമാറിയ സംഭവത്തില്‍ യുവതിയേയും ദമ്പതികളേയും മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തു. മുടവൂര്‍ സ്വദേശിനിയായ ഇരുപത്തിയെട്ടു വയസ്സുകാരിയാണ് തന്റെ അഞ്ചാം പ്രസവത്തിലുണ്ടായ കുഞ്ഞിനെ കുട്ടികളില്ലാത്ത ദമ്പതികള്‍ക്ക് കൈമാറിയത്.യുവതിയുടെ ഭര്‍ത്താവ് ഇപ്പോള്‍ കൂടെ താമസിക്കുന്നില്ല. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന യുവതിക്ക് മറ്റ് സാമ്പത്തിക വരുമാനം ഇല്ലാത്തതാണ് കുഞ്ഞിനെ കൈമാറാന്‍ പ്രേരിപ്പിച്ചതെന്ന് സൂചന.

കുഞ്ഞില്ലാതെ യുവതി വീട്ടിലെത്തിയതോടെയാണ് സംഭവം പുറത്തായത്. ഇതേത്തുടര്‍ന്ന് സമീപവാസി മൂവാറ്റുപുഴ ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയിലാണ് പോലീസ് ഇരുകൂട്ടര്‍ക്കുമെതിരെ കേസെടുത്തത്. ഫെബ്രുവരി 26ന് പുലര്‍ച്ചെ 1.30 ഓടെയാണ് യുവതി വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. തുടര്‍ന്ന് മൂന്ന് മണിയോടെ മൂവാറ്റുപുഴയിലെ പ്രമുഖ വന്ധ്യത ചികിത്സാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ നാലിനാണ് കുഞ്ഞിനെ വര്‍ക്കല സ്വദേശികളായ ഷൈജു (44), ഷീജ (39) എന്നിവര്‍ക്ക് കൈമാറിയത്.

ആശുപത്രി അധികൃതരുടെ അറിവോടെയായിരുന്നു കൈമാറ്റം.കുഞ്ഞിനെ വാങ്ങിയ ദമ്പതികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. പോലീസ് ഇവരെ വിളിച്ചുവരുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിയേയും വിളിച്ചുവരുത്തിയിരുന്നു. ഇരുകൂട്ടരേയും കൂത്താട്ടുകുളം കോടതിയില്‍ ഹാജരാക്കി. ദമ്പതികളെ കോടതി റിമാന്‍ഡ് ചെയ്തു. യുവതിക്ക് കുഞ്ഞിനെ കൈമാറിയശേഷം ജാമ്യം നല്‍കി വിട്ടയച്ചു. തുടര്‍ന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചു.പന്ത്രണ്ട് വര്‍ഷത്തോളമായി കുഞ്ഞുങ്ങളില്ലാതിരുന്ന ദമ്പതികള്‍ ഇതേ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഇതിനിടെയാണ് കുഞ്ഞിനെ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഇവര്‍ക്ക് ലഭിച്ചത്. കുഞ്ഞിനെ ലഭിച്ച സന്തോഷത്തോടെ കഴിഞ്ഞിരുന്ന ദമ്പതികള്‍ക്ക് അപ്രതീക്ഷിതമായ സംഭവമായിരുന്നു പോലീസ് നടപടി. കോടതിയിലെത്തി കുഞ്ഞിനെ കൈമാറുമ്പോള്‍ പൊട്ടിക്കരഞ്ഞു. അതെ സമയം കുഞ്ഞിനെ കൈമാറുന്നതിന് ഇടനിലക്കാരനായിരുന്ന ആശുപത്രി അധികൃതര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ഉന്നത പോലീസ് അധികാരികള്‍ ഒത്തുകളിച്ചുവെന്ന ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button