Latest NewsNews

മറ്റുള്ളവരോട് തിരിച്ച് പറയാനായ കാലം വരെ ഓട്ടം തുടര്‍ന്നു; അവര്‍ക്ക് മുഖത്തടിയും എനിക്ക് കയ്യടിയും ഞാന്‍ തന്നെ നല്‍കി; പെണ്‍കുട്ടികള്‍ നിര്‍ബന്ധമായും വായിക്കേണ്ട കുറിപ്പ്

പെട്ടന്നുണ്ടാകുന്ന ശരീരത്തിന്റെ വളര്‍ച്ചയാണ് കൗമാരകാലത്ത് പെണ്‍കുട്ടികള്‍ കൂടുതല്‍ നേരിടുന്ന ഒരു പ്രശ്‌നം. തുടര്‍ന്നുണ്ടാകുന്ന വിലക്കുകളും നിയന്ത്രണങ്ങളും ഒട്ടുമിക്ക പെണ്‍കുട്ടികളെയും പ്രതിസന്ധിയിലാക്കും. ആരോഗ്യപരമായ രീതികളില്‍ കുട്ടികളോട് ശരീരത്തിന്റെ വളര്‍ച്ചയെ കുറിച്ചും, അതിനെ എത്തരത്തിലെല്ലാം കൈകാര്യം ചെയ്യണമെന്നതിനെ പറ്റിയും സംസാരിക്കാന്‍ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്നവര്‍ തയ്യാറാകാത്തത് പലപ്പോഴും കുട്ടികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ഇതാ പെണ്‍കുട്ടികള്‍ വായിച്ചിരിക്കേണ്ട ഒരു കുറിപ്പ്. യുവ എഴുത്തുകാരിയായ അഥീന ഡെയ്സിയുടെതാണ് കുറിപ്പ്….

കുറിപ്പ് വായിക്കാം…

മുലയുടെ പേരില്‍ എന്നോളം അപമാനിക്കപ്പെട്ട മറ്റൊരാള്‍ ഉണ്ടോ എന്ന് ഇടക്കിടെ ഓര്‍ക്കും. അമ്മയുടെ, ആങ്ങളമാരുടെ, ടീച്ചര്‍മാരുടെ, ബന്ധുക്കളുടെ തുടങ്ങി ആരുടെയൊക്കെ… പോട്ടെ, അപമാനിക്കാത്തവരുടെ കണക്കെടുക്കുന്നതാവും എളുപ്പം.

കരിമ്പനടിച്ച പെറ്റിക്കൊട്ടിനുള്ളില്‍ സൈ്വര്യ വിഹാരം നടത്തിയിരുന്ന എന്നോട് ‘പോയി ഉടുപ്പിടടീ’ എന്നു പേടിപ്പിക്കാന്‍ തുടങ്ങിയ അമ്മ തന്നെയാണ് മുലയെപ്പറ്റി നിരന്തരം ഓര്‍മ്മിപ്പിക്കാന്‍ തുടങ്ങിയ ആദ്യ ആള്‍.

ചപ്പാത്തി പരത്തിയപോലുള്ള നെഞ്ചിനുമുകളില്‍ രണ്ടു ചാമ്പക്കകള്‍ വിരിയുന്നതുകണ്ടുകൊണ്ടാകണം ‘പെറ്റിക്കോട്ടില്‍ നിന്നെയിനി കണ്ടുപോകാരുത്’ എന്ന ആജ്ഞാപനം വന്നത്. എന്നിട്ടും പെറ്റിക്കോറ്റിടാന്‍ ഇഷ്ടമുള്ള ആ പെണ്‍കുട്ടി അലക്കുകല്ലിന്റെ ചോട്ടില്‍നിന്നും കൈവെള്ളയില്‍ വെള്ളമെടുത്തു ഉടുപ്പിനുള്ളിലേക്കു ഒഴിക്കും. വെള്ളത്തിന്റെ തണുപ്പില്‍ ചാമ്പക്കകള്‍ പഞ്ഞിമുട്ടായിപോലെ ചുരുങ്ങുന്നത് സമാധാനത്തോടെ നോക്കി.

ഏഴാം ക്ലാസ്സോടെ പുതിയതൊന്നു ജീവിതത്തിലേക്ക് വന്നു. ബ്രായിട്ടു. അല്ല, ഇടീപ്പിച്ചു. നെഞ്ചിനുചുറ്റും ഒരു ഇരുമ്പുവളയം പോലെയാണാദ്യം തോന്നിയത്.

‘ഇതിടാതെ ഇനി പുറത്തേക്കിറങ്ങരുത്’
‘അപ്പൊ അകത്തുകുഴപ്പമില്ലലോ’ ?
‘അകത്തും ‘!

ശുഭം.

ബാത്‌റൂമില്‍ പത്തുമിനിറ്റിലെ കുളിയൊഴിച്ച് ബാക്കിയെപ്പോഴും ബ്രാ ശരീരത്തിന്റെ ഭാഗമാക്കാന്‍ സമയമെടുത്തു. ഇടക്കിടെ ബ്രാ ഇട്ടോ എന്നറിയാന്‍ പുറത്തു തടവിനോക്കുന്ന സ്നേഹനിധിയായ അമ്മ-കുഞ്ഞമ്മമാര്‍. എന്നിട്ടും ഒന്നിന്റെയും അവസാനമായില്ല.

ശരീരത്തില്‍ പെട്ടന്ന് ആകര്‍ഷിക്കത്തക്കവിധത്തില്‍ മുലകള്‍ വളര്‍ന്നപ്പോള്‍ അതൊരു സംസാരവിഷയമായി, കളിയാക്കലുകള്‍ക്കൊരു കാരണമായി. ആണായവര്‍ എല്ലാം നോക്കിച്ചിരിച്ചു (അകത്തും പുറത്തും). കുനിഞ്ഞു കുനിഞ്ഞു ഞാന്‍ ഓടിഞ്ഞുപോകുമെന്നായി. സ്‌കൂള്‍ സ്പോര്‍ട്സ് ദിവസങ്ങളില്‍ ആണ്‍കുട്ടികള്‍ക്കിടയിലും സ്റ്റാഫ് റൂമിലും സംസാരവിഷയമായി. ഇളക്കക്കാരി എന്ന വിളി പേടിച്ചു നടപ്പിന്റെ വേഗത കുറച്ചു .

മുലയും തുള്ളിച്ചു ഇങ്ങനെ നടക്കാന്‍ നാണമില്ലേ എന്ന് ആങ്ങളമാരുടെ മുന്‍പില്‍നിന്നു ചോദിച്ച പേരമ്മമാരില്‍ നിന്ന്, അതുകേട്ട് ഇളിച്ചുനിന്ന കുറേ മനുഷ്യമാരുടെ ഇടയില്‍നിന്ന്, എങ്ങോട്ടെന്നില്ലാതെ ഓടി.

‘എന്നാ മൊലയാടി നിനക്ക്’ എന്നു പറഞ്ഞ സഹപാഠിയോട് ‘പോട് മൈരേ’ എന്നു തിരിച്ചുപറയാനായ കാലം വരെ ഓട്ടം തുടര്‍ന്നു. പിന്നീടങ്ങോട്ട് പറയാന്‍ ഡയലോഗുകള്‍ കരുതിവെച്ചു. അവര്‍ക്ക് മുഖത്തടിയും എനിക്ക് കയ്യടിയും ഞാന്‍ തന്നെ നല്‍കി. ബ്രാ ഇടാതെ ടൗണില്‍ പോയതിനുകിട്ടിയ നുള്ളിന്റെ ഓര്‍മയില്‍ ഇപ്പോഴും ചോരപൊടിയുന്ന ആ പതിമൂന്നുകാരി ഇപ്പൊള്‍ നെഞ്ചുവിരിച്ചു തന്നെ നടക്കുന്നു. അതേ, എന്റെ മുല എന്റെ നെഞ്ച്… നിങ്ങള്‍ക്കതില്‍ എന്ത് കാര്യം?

മുലയുടെ പേരിൽ എന്നോളം അപമാനിക്കപ്പെട്ട മറ്റൊരാൾ ഉണ്ടോ എന്ന് ഇടക്കിടെ ഓർക്കും. അമ്മയുടെ, ആങ്ങളമാരുടെ, ടീച്ചർമാരുടെ,…

Gepostet von Adheena Daisy am Mittwoch, 20. März 2019

Tags

Post Your Comments


Back to top button
Close
Close