Latest NewsArticle

ആദരിക്കപ്പെടേണ്ട സ്ത്രീജന്മം – ദയാബായി

ശിവാനി ശേഖര്‍

എപ്പോഴാണ് ഒരു സ്ത്രീ നമ്മളെ ആഴത്തില്‍ സ്വാധീനിക്കുന്നത്? അങ്ങേയറ്റം ആദരണീയയാകുന്നത്?എങ്ങനെയാണ് ഒരു സ്ത്രീ നമ്മുടെ മനസ്സില്‍ അല്ലെങ്കില്‍ പൊതുസമൂഹത്തിന്റെ മനസ്സില്‍ കാലങ്ങളോളം നില നില്ക്കുന്ന ആരാധനയുടെ വിത്തുകള്‍ പാകുന്നത്? സമൂഹത്തിന്റെ ഉയര്‍ച്ചയ്ക്കു വേണ്ടി തന്റെ ജീവിതം പോലും ഉഴിഞ്ഞുവെച്ച്,അതികഠിനമായ പ്രതിസന്ധികളില്‍ ആത്മധൈര്യം ചോരാതെ,പിന്‍തിരിഞ്ഞോടാതെ, നന്മ ചെയ്യാനുള്ള ആവേശം മാത്രം മനസ്സില്‍ നിറച്ച്
അശ്രാന്തമായ പരിശ്രമത്തിലൂടെ തന്റെ ലക്ഷ്യം കണ്ടെത്തി മറ്റുള്ളവര്‍ക്ക് മാതൃകയാകുമ്പോഴാണ്! അങ്ങനെ എനിക്കേറെ ആരാധന തോന്നിയിട്ടുള്ള,എന്നെങ്കില്‍ നേരില്‍ കണ്ടാല്‍ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന,അവര്‍ ചെയ്യുന്ന പുണ്യത്തിന്റെ നാലിലൊന്നെങ്കിലും ചെയ്യാന്‍ പ്രേരകമായ, നന്മയുടെ,ലാളിത്യത്തിന്റെ പര്യായമായ സ്ത്രീയാണ് ‘ദയാബായി’.തനിക്കൊരു ബന്ധവുമില്ലാത്ത,ഊരും പേരുമില്ലാത്ത ‘കാട്ടിലെ കുരങ്ങന്‍മാരെന്ന്’ സ്വയം വിശേഷിപ്പിച്ച ഒരു ജനതയെ നവോത്ഥാനത്തിന്റെ പാതയിലേയ്ക്ക് നയിച്ച ധീരവനിത.

കോട്ടയം ജില്ലയിലെ പാലായില്‍ ഒരു പുരാതനക്രിസ്ത്യാനി കുടുംബത്തില്‍ ജനിച്ച ‘മേഴ്‌സിമാത്യു’ എന്ന സാധാരണ പെണ്‍കുട്ടിയില്‍ നിന്ന് ഇന്ന് ലോകമറിയുന്ന,ബഹുമാനിക്കുന്ന ‘ദയാബായി’ലേക്കുള്ള പരിണാമം അവര്‍ സഹിച്ച കഷ്ടപ്പാടുകളുടെയും,സഹനശക്തിയുടെയും പരിണിതഫലമാണ്!

ദൈവദൂതന്റെ മണവാട്ടിയാകാന്‍ ഇന്ത്യയുടെ വടക്കുനാട്ടിലേയ്ക്ക് പുറപ്പെട്ട പെണ്‍കുട്ടി തന്റെ നിയോഗം മറ്റൊന്നാണെന്ന് തിരിച്ചറിഞ്ഞ് വേറിട്ട കര്‍മ്മപഥം സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ഉന്നതബിരുദങ്ങളും, പാണ്ഡിത്യവും,ബഹുഭാഷകള്‍ കൈകാര്യം ചെയ്യാന്‍ കഴിവും ഒപ്പം ജീവിതപാഠങ്ങള്‍ നല്കിയ തിരിച്ചറിവും കൈമുതലായുള്ള ഈ ‘അമ്മമനസ്സിന്’ അതിലേറെയുള്ള സമ്പാദ്യം ഒരിക്കലും വറ്റാത്ത സ്‌നേഹവും കരുണയുമാണ്!

മധ്യപ്രദേശിലെ,അവഗണനയുടെ,തിരസ്‌ക്കാരത്തിന്റെ ,ചൂഷണത്തിന്റെ നിഴലില്‍ ജീവിച്ചിരുന്ന ‘ഗോണ്ട്’ എന്ന ആദിവാസി സമൂഹത്തിന്റെ കലുഷിതജീവിതത്തിന് നിറം പകരാന്‍ ഈ മഹതി അവരിലൊരാളായി, പരമ്പരാഗത ആദിവാസി വേഷങ്ങള്‍ ധരിച്ച്,അവര്‍ക്കൊപ്പം പണിയെടുത്ത്,അവര്‍ക്കൊപ്പം ഉണ്ടുമുറങ്ങിയും ‘ദയാബായി’ലേയ്ക്ക് പരകായപ്രവേശം നടത്തുകയായിരുന്നു!

സമൂഹത്തിന്റെ കണ്ണില്‍ ഏറ്റവും കീഴാളരായി,അപരിഷ്‌കൃതരായി കഴിയുന്ന, ആദിവാസി സമൂഹത്തിന്റെ ജീവിതം തന്റെ നെഞ്ചോട് ചേര്‍ത്തടുക്കിയാണ് ‘ദയാബായി’തന്റെ ജീവിതയാത്ര തുടങ്ങിയത്.ബീഹാറിലെ കന്യാസ്ത്രീമഠത്തില്‍ വെച്ച് തന്റെ സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിച്ചവരില്‍ നിന്നും രക്ഷനേടാന്‍ സ്വന്തം ശരീരത്ത് മെഴുകുതിരിനാളങ്ങളാല്‍ പൊള്ളലേല്പ്പിച്ചു കൊണ്ടാണ് ദയാബായി ചെറുത്തുനില്പ്പിന്റെ ആദ്യപാഠങ്ങള്‍ പഠിക്കുന്നത്.പിന്നീടങ്ങോട്ട് ആരോരുമില്ലാത്തവര്‍ക്കു വേണ്ടിയുള്ള കഠിനമായ ഒറ്റയാള്‍പോരാട്ടത്തിലും തുണയായത് അതേ മനോധൈര്യം മാത്രമായിരുന്നു.

നക്‌സലെറ്റുകളും പണമിടകാരുടെ ലോബികളും അരങ്ങുവാണിരുന്ന മധ്യപ്രദേശിലെ ‘ചിത് വാഡ’ യിലേയ്ക്കാണ് ഈ വനിതയുടെ ജന്മനിയോഗവഴി വിരല്‍ ചൂണ്ടിയത്.പരമ്പരാഗതമായി ലഭിച്ച ഭൂസ്വത്ത് വിറ്റ് ചിത് വാഡയിലെ ‘ ബാരൂല്‍’ഗ്രാമത്തില്‍ കുറച്ച് സ്ഥലം വാങ്ങി അവിടെയൊരു മണ്‍കുടിലും കെട്ടി പൂര്‍ണ്ണമായും പ്രകൃതിയോടിണങ്ങിയാണ് ദയാബായി താമസിക്കുന്നത്.ഗോണ്ട് ആദിവാസി സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടിയുള്ള പോരാട്ടത്തില്‍ വ്യക്തിപരമായി ഒരുപാട് നഷ്ടങ്ങളും വേദനകളും സഹിക്കേണ്ടി വന്നുവെങ്കിലും ഇന്ന് അവര്‍ സംതൃപ്തയാണ്.പൊതുസമൂഹം തള്ളിക്കളഞ്ഞ ഒരു ജനതയെ മുഖ്യധാരയിലേയ്ക്കു കൊണ്ടുവരാന്‍ മാത്രമല്ല,അക്ഷരാഭ്യാസം നേടാനും ,സ്വയംതൊഴില്‍ ചെയ്യാനും,അവകാശങ്ങള്‍ നേടിയെടുക്കാനും അവരെ പഠിപ്പിച്ചു.ഒരു സ്ഥലത്ത് മാത്രമൊതുങ്ങാതെ തൊട്ടടുത്ത ഓരോ ജില്ലകളിലും സാധാരണക്കാര്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാത്ത ദുര്‍ഘടസ്ഥലങ്ങളില്‍ പോലും തന്റെ കുതിരപ്പുറത്ത് മൈലുകള്‍ തോറും സഞ്ചരിച്ച് എത്താറുണ്ട് ദയയുടെ ആള്‍രൂപം! അവഗണിക്കപ്പെടുന്ന സമൂഹത്തിനു വേണ്ടി പോരാടുന്ന യഥാര്‍ത്ഥ മനുഷ്യസ്‌നേഹിയാണ് ഈ പുണ്യവതി.ലോകം മുഴുവനും ബഹുമാനിക്കുന്ന,എണ്ണമറ്റ പുരസ്‌ക്കാരങ്ങളുടെ തലയെടുപ്പില്‍ കണ്ണു മഞ്ഞളിക്കാത്ത ദയാബായിയെ അംഗീകരിക്കാന്‍ ജന്മനാടിന് ഇപ്പോഴും വിമുഖതയുണ്ടെന്നു കൂടി എഴുതിയാലേ പൂര്‍ണ്ണമാവൂ.

ഇനി പറയൂ?ഇതല്ലേ ശരിയായ ആക്ടിവിസം?സമൂഹമെന്നത് എന്റെ കൂടി കുടുംബവും ജീവിതവുമാണെന്നു കരുതി സ്വാര്‍ത്ഥതാല്പര്യങ്ങളുടെ ചെറിയൊരു ലാഞ്ചന പോലുമില്ലാതെ എപ്പോഴും ചിരിക്കുന്ന മുഖവുമായി ആഡംബരത്തിന്റെ അളവുകോലുകളില്ലാതെ വേദനയും തിരസ്‌ക്കാരവും ദുരിതവുമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായ ഈ അമ്മയുടെ പ്രവര്‍ത്തങ്ങള്‍ അമൂല്യവും അതുല്യവുമാണ് ഈ ഭൂമി എല്ലാവര്‍ക്കും അവകാശപ്പെട്ടതാണെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് പെണ്ണിന്റെ പരിമിതികള്‍ക്കപ്പുറം നിസ്സഹായരായ സഹജീവികളെ ലാഭേച്ഛയില്ലാതെ സഹായിക്കുമ്പോഴാണ്,തലയുയര്‍ത്തി ജീവിക്കാന്‍ ഒരുകൈത്താങ്ങാകുമ്പോഴാണ് അവളംഗീകരിക്കപ്പെടുക. അവളാണ് ശരിയായ ആക്ടിവിസ്റ്റ്! ദയാബായിക്കു തുല്യം ദയാബായി മാത്രം!

shortlink

Related Articles

Post Your Comments


Back to top button