KeralaLatest News

ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയരുത്; രമേശ് ചെന്നിത്തലയെ പരിഹസിച്ച് തോമസ് ഐസക്

കിഫ്‌ബി വിഷയത്തിൽ വിമർശനവുമായെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. കിഫ്ബിയില്‍ നിക്ഷേപം എത്തിയെന്ന വാര്‍ത്ത പ്രതിപക്ഷ നേതാവില്‍ ഇച്ഛാഭംഗം സൃഷ്ടിച്ചുവെന്നും അതിത്രയും പരിഹാസ്യമായ രീതിയില്‍ പുറത്തുചാടുമെന്ന് കരുതിയതേയില്ലെന്നും ഫേസ്ബുക്കിലൂടെ അദ്ദേഹം വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ജനകീയാസൂത്രണ വിവാദത്തിന്റെ അസംബന്ധം വ്യക്തമാക്കുന്ന ഒരുദാഹരണം ഊറിച്ചിരിച്ചുകൊണ്ടുമാത്രമേ ഓർക്കാനാവൂ. റിച്ചാർഡ് ഫ്രാങ്കിയുടെ സിഐഎബന്ധം ആരോപിക്കാൻ ഒരു മുഖ്യധാരാ മാധ്യമം ഹാജരാക്കിയ തെളിവ് എന്തായിരുന്നെന്നോ? അദ്ദേഹത്തിന്റെ വെബ്സൈറ്റിൽ യുഎസ് എയ്ഡിന്റെ വെബ്സൈറ്റിലേയ്ക്കുള്ള ലിങ്ക് ഉണ്ടെന്ന വിവരം. ലോകം ഒരു നിമിഷത്തേയ്ക്കു സ്തംഭിച്ചുപോയി!!! ലിങ്ക് സമം ബന്ധം എന്ന ഒരെളുപ്പക്രിയയിലൂടെ പത്രത്തിന്റെ ഒന്നാംപേജ് ചരിത്രാതീതമായ അപഹാസ്യതയായി മാറി. ഏതെങ്കിലുമൊരു ലൈബ്രറിയുടെ ആർക്കൈവിൽ അവിചാരിതമായി ആ പേജു കണ്ടാൽ പരിസരം മറന്നു പൊട്ടിച്ചിരിക്കാൻ വരും തലമുറക്കൊരു വിഭവം.
ഈ വാർത്തയ്ക്കു പിന്നിലുള്ളവരുടെ ബുദ്ധിയോടും യുക്തിയോടുമാണ് നിർഭാഗ്യവശാൽ നമ്മുടെ പ്രതിപക്ഷ നേതാവ് മത്സരിക്കുന്നത്. ഒറ്റക്കേൾവിയിൽ ചിരിച്ചു തള്ളിക്കളയാനുള്ള വിലപോലുമില്ലാത്തവിധം അപ്രസക്തമായ പദവിയായി പ്രതിപക്ഷ നേതാവിന്റെ സ്ഥാനത്തെ രമേശ് ചെന്നിത്തല ഇടിച്ചു താഴ്ത്തുകയാണ്. മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാൻ നിരന്തരം വിഡ്ഢിത്തരങ്ങൾ പറഞ്ഞാലേ വഴിയുള്ളൂ എന്ന പരിതാപകരമായ അവസ്ഥയിലാണദ്ദേഹം. എനിക്കദ്ദേഹത്തോട് സഹതാപം മാത്രമേയുള്ളൂ.

കിഫ്ബിയുടെ മസാല ബോണ്ടിൽ പണം നിക്ഷേപിച്ച കാനഡയിലെ പെൻഷൻ മാനേജ്മെന്റ് സ്ഥാപനമായ സിഡിപിക്യൂവിന് ലാവലിൻ കമ്പനിയിൽ ഷെയറുണ്ട് എന്നാണ് ചെന്നിത്തല ആരോപിക്കുന്നത്. ഫ്രാങ്കിയുടെ വെബ്സൈറ്റിൽ യുഎസ് എയിഡിന്റെ ലിങ്കു കണ്ടതുപോലെ. സിഡിപിക്യൂവിന് ഇതുപോലെ എഴുപത്തഞ്ചോളം രാജ്യങ്ങളിൽ നിക്ഷേപമുണ്ട്. ഇന്ത്യയിലുമുണ്ട്. കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റുബോഡുമായും സഹകരിക്കുന്നുണ്ട്. ഇന്ത്യാ ഗവണ്മെന്റിന്റെ സെക്യൂരിറ്റികളിൽ 130 ദശലക്ഷം ഡോളർ നിക്ഷേപിച്ച കമ്പനിയാണിത്. അതുപോലൊരു നിക്ഷേപമാണ് കിഫ്ബിയിലും.
ഇന്ത്യാ ഗവണ്മെന്റുമായി വർഷങ്ങളായി സഹകരിക്കുകയും കേന്ദ്രസർക്കാരിന്റെ സെക്യൂരിറ്റികളിൽ ദശലക്ഷക്കണക്കിന് ഡോളർ നിക്ഷേപിക്കുകയും ചെയ്ത ഒരു കമ്പനി, കേരളത്തിലെ അടിസ്ഥാന സൌകര്യവികസനത്തിന് നിക്ഷേപം നടത്തുമ്പോൾ ചെന്നിത്തലയ്ക്കെന്താണ് പ്രശ്നം? കേരളത്തിന്റെ അഭിമാനമായി ഈ സംരംഭത്തെ ഏറ്റെടുക്കുകയല്ലേ ചെയ്യേണ്ടത്? അതിനു പകരം, വിവാദങ്ങളുടെ പുകമറ സൃഷ്ടിച്ച് നിക്ഷേപകരെ തുരത്താമെന്ന പാഴ്ക്കിനാവു കാണുകയാണ് പ്രതിപക്ഷ നേതാവ്. ഇതിനപ്പുറം ഒരു ദ്രോഹം ഈ സംസ്ഥാനത്തോടും ജനങ്ങളോടും ചെയ്യാനുണ്ടോ?
കിഫ്ബിയിൽ ഒന്നും നടക്കുന്നില്ല എന്ന പ്രതിപക്ഷ നേതാവിന്റെ പ്രചരണത്തിന്റെ ഗ്യാസാണ് ഒറ്റദിവസം കൊണ്ട് പോയിക്കിട്ടിയത്. കിഫ്ബിയുടെ മസാലാ ബോണ്ടിൽ 2150 കോടിയുടെ നിക്ഷേപമെത്തിയ വാർത്ത മാധ്യമങ്ങൾ പ്രധാന്യത്തോടെ പ്രസിദ്ധീകരിച്ചതു കണ്ടപ്പോൾ പ്രതിപക്ഷ നേതാവിനുണ്ടായ ഇച്ഛാഭംഗം എനിക്ക് ഊഹിക്കാം. എന്നാൽ അതിത്രയും പരിഹാസ്യമായ രീതിയിൽ പുറത്തുചാടുമെന്ന് കരുതിയതേയില്ല.
ഇരിക്കുന്ന സ്ഥാനത്തിന്റെ വില കളയരുത് എന്നു മാത്രം അദ്ദേഹത്തോട് ആവർത്തിച്ച് അഭ്യർത്ഥിക്കട്ടെ.

shortlink

Related Articles

Post Your Comments


Back to top button