Latest NewsArticleIndiaElection Special

ജയിച്ചുവാ മോനേ എന്ന് മണ്ഡലത്തിലെ അമ്മമാരും: താമരവിരിയിച്ച് സുരേന്ദ്രന്‍ പാര്‍ലമെന്റിലെത്തുമോ?

രതി നാരായണന്‍

ഇതുവരെ കാണാത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് പത്തനംതിട്ട പാര്‍ലമെന്റ് മണ്ഡലം സാക്ഷ്യം വഹിക്കുന്നത്. ഒന്നിനൊന്ന് മകിച്ചുനില്‍ക്കുന്ന പ്രചാരണങ്ങളും പ്രകടനങ്ങളും പ്രസംഗങ്ങളുമായി മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മണ്ഡലം ചുറ്റുമ്പോള്‍ ഇതാണ് ശരിക്കും പോരാട്ടമെന്ന് പഴയ തലമുറക്കാര്‍ പോലും തലകുലുക്കി സമ്മതിക്കുന്നു. ഇടത് വലത് മുന്നണിസ്ഥാനാര്‍ത്ഥികളുടെ പോരാട്ടങ്ങളും ജയപരാജയങ്ങളുംം കണ്ട് ശീലിച്ച വോട്ടര്‍മാര്‍ ആവേശത്തിലായത് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപിയിലെ ജനപ്രിയ നായകന്‍ കെ സുരേന്ദ്രന്‍ എത്തിയതോടെയാണ്. തുച്ഛമായ വോട്ടുകളുടെ വ്യത്യാസത്തില്‍ കഴിഞ്ഞ നിയമസഭാമണ്ഡലത്തില്‍ ജയം കൈവിട്ടുപോയതാണ് കെ സുരേന്ദ്രനെ. ഇനിയൊരിക്കല്‍ കൂടി അതാവര്‍ത്തിക്കരുതെന്ന ഉറച്ച തീരുമാനത്തോടെയാണ് കെ സുരേന്ദ്രനായി അനുയായികള്‍ വോട്ട് തേടുന്നത്. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സ്വീകരിച്ച ഉറച്ച നിലപാടാണ് കെ സുരേന്ദ്രനെ പത്തനംതിട്ടക്കാരുടെ കണ്ണിലുണ്ണിയാക്കിയത്. പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ കാരണം അയ്യപ്പസന്നിധിയിലേക്കുള്ള പാതി വഴിയില്‍ ജയിലറയില്‍ അടക്കപ്പെട്ടതോടെ കെ സുരേന്ദ്രന്റെ ഗ്രാഫ് ഉയരുകയായിരുന്നു.

വാദ്യമേളങ്ങളും മുദ്രാവാക്യം വിളികളുമായി കെ സുരേന്ദ്രനെത്തുന്നിടമൊക്കെ ഉത്സവാന്തരീക്ഷം സൃഷ്ടിക്കുകയാണ് അണികള്‍. തലയില്‍ കൈ വച്ച് ‘ ജയിച്ചുവാ മോനേ’ എന്ന് പ്രായമായ അമ്മമാര്‍ ആശിര്‍വദിക്കുമ്പോള്‍ നിറപുഞ്ചിരിയോടെ ആ സ്‌നേഹം ഏറ്റുവാങ്ങിയാണ് ഓരോ മണ്ഡലങ്ങളിലേക്കുമുള്ള കെ സുരേന്ദ്രന്‍െ യാത്ര. പത്തനംതിട്ടയില്‍ വിരിയാന്‍ പോകുന്ന താമരപ്പൂവിന്റെ ഉറപ്പില്‍ താമരപ്പൂക്കളാണ് സ്ഥാനാര്‍ത്ഥിക്ക് ജനങ്ങള്‍ സമ്മാനിക്കുന്നത്. വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമായി പിണറായി സര്‍ക്കാരിന് മുന്നിില്‍ തോല്‍ക്കാതെ പോരാടിയ വീറിനാണ് ഇക്കുറി വോട്ടെന്നാണ് ബിജെപിക്കാരല്ലാത്ത വിശ്വാസികള്‍ പോലും പറയുന്നത്. മണ്ഡലകാലത്ത് ഇരുമുടിക്കെട്ടുമായി ശബരിമല ദര്‍ശനത്തിന് പോകവേയാണ് പൊലീസ് കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയത്. 23 ദിവസമാണ് അദ്ദേഹത്തെ സര്‍ക്കാര്‍ തുറുങ്കലില്‍ അടച്ചിട്ടത്. ശബരിമലയിലെ ആചാര ലംഘനശ്രമങ്ങള്‍ക്കെതിരെ പ്രതികരിച്ചതിനുള്ള പ്രതികാരനടപടിയായിരുന്നു അതെന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്നുണ്ട്.

കെ സുരേന്ദ്രന്‍ പത്തനംതിട്ടയില്‍ സ്ഥാനാര്‍ത്ഥിയതോടെ മുമ്പ് പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തപ്പോഴുണ്ടായ കേസുകള്‍ വരെ സര്‍ക്കാര്‍ കുത്തിപ്പൊക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുന്ന സമയം 240ഓളം കേസുകളെടുത്ത സാഹചര്യത്തില്‍ കെ സുരേന്ദ്രന് നാമനിര്‍ദേശ പത്രിക വീണ്ടും സമര്‍പ്പിക്കേണ്ടി വന്നു. ശബരിമലയുവതി പ്രവേശനത്തിലേതുള്‍പ്പെടെ 242 കേസ്സുകളില്‍ കൂടിയാണ് സുരേന്ദ്രനെ പ്രതി ചേര്‍ത്ത് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. ആദ്യം കള്ളക്കേസ്സില്‍ കുടുക്കി ജയിലിലടച്ചു. പിന്നെ പത്തനം തിട്ടയില്‍ കാലു കുത്തരുതെന്ന് വിലക്കി. ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ സര്‍ക്കാര്‍ തനിക്ക് ഇതുവരെ സമന്‍സ് നല്‍കാന്‍ പോലും തയ്യാറായിട്ടില്ല. അതിജീവിക്കും നമ്മളിതിനെയും. നമുക്കു തോറ്റുകൊടുക്കാനാവില്ല ഈ ശബരീശ മണ്ണിലെന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ബിജെപിയിലെ പ്രബലര്‍ കണ്ണുവച്ച മണ്ഡലമാണ് പത്തനംതിട്ട. ശബരിമല വിഷയത്തിന് മുമ്പായിരുന്നെങ്കില്‍ എന്‍ഡിഎയ്ക്ക് പ്രത്യേകിച്ച് ഒരു പ്രാധാന്യവും ഇല്ലാത്ത മണ്ഡലം. എന്നാല്‍ ഇപ്പോള്‍ കെ സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായതിന് ശേഷം സര്‍വേഫലങ്ങളില്‍ ബിജെപിക്ക് നിര്‍ണായകമാകുന്ന മണ്ഡലങ്ങളില്‍ ഒന്നായി പത്തനംതിട്ട മാറിക്കഴിഞ്ഞിരിക്കുന്നു. കെ സുരേന്ദ്രന്‍ അല്ലായിരുന്നു ഇവിടെ സ്ഥാനാര്‍ത്ഥിയെങ്കില്‍ ഒരുപക്ഷേ താമര വിരിയുന്ന മണ്ഡലങ്ങളുടെ സാധ്യതാ പട്ടികയില്‍ പത്തനംതിട്ടയ്ക്ക ഇടം കിട്ടുമെന്ന് തോന്നുന്നില്ല. കര്‍ക്കശമായ നിലപാടുകളും എതിരാളികളെ നിഷ്പ്രഭരാക്കാനുള്ള വാക്‌സാമര്‍ത്ഥ്യവുമാണ് കെ സുരേന്ദരനെ ബിജെപിയിലെ ജനപ്രിയനേതാവാക്കിയത്്. ചാനല്‍ ചര്‍ച്ചകളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അപ്രതിരോധ്യനായ പ്രതിപക്ഷമായി കെ സുരേന്ദ്രന്‍ നിറഞ്ഞുനിന്നതോടെയാണ് കേരളം അദ്ദേഹത്തെ അംഗീകരിക്കാന്‍ തുടങ്ങിയത്. അഴിമതികള്‍ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ തെളിവ് സഹിതം പോരാടി കെ സുരേന്ദ്രന്‍ ഭരണകക്ഷികളുടെ കണ്ണിലെ കരടായി. പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ സുരേന്ദ്രനോളം ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു നേതാവില്ല ബിജെപിയില്‍. .ശബരിമല പ്രക്ഷോഭത്തില്‍ കെ സുരേന്ദ്രേന്റെ സാന്നിധ്യം വിശ്വാസികള്‍ക്ക് നല്‍കിയ ശക്തിയും പ്രചോദനവും കണക്കിലെടുത്താണ് പിണറായി സര്‍ക്കാരിന് അദ്ദേഹത്തെ ജയിലില്‍ അടക്കേണ്ടി വന്നത് തന്നെ.

വാഹനം ഉപേക്ഷിച്ച് അണികള്‍ക്കൊപ്പം കിലോമീറ്ററോളം നടന്ന് ഓരോ വോട്ടര്‍മാരോടും വിജയത്തിന് പിന്തുണതേടി കെ സുരേന്ദ്രന്‍ ജൈത്രയാത്ര തുടരുമ്പോള്‍ ഇടത് വലത് മുന്നണികളുടെ സ്ഥാനാര്‍ത്ഥികള്‍ ആശങ്കയിലാണ്. രണ്ട് തവണ സമ്മാനിച്ച വിജയത്തിന്റെ വിശ്വാസത്തിലാണ് സിറ്റിംഗ് എംപി ആന്റോ ആന്റണി. ശബരിമല വിഷയത്തില്‍ സിപിഎം വിരുദ്ധ വികാരം ഏറ്റവുമധികം പ്രതിഫലിക്കുന്ന ജില്ല എന്ന നിലയില്‍ യുഡിഎഫ് വിജയസാധ്യത ഊട്ടി ഉറപ്പിക്കുന്നുണ്ട്. എന്നാല്‍ നിയമസഭാതൈരഞ്ഞെടുപ്പിലെ അട്ടിമറി വിജയത്തിന്റെ പശ്ചാത്തലത്തില്‍ വ്യക്തിപ്രഭാവം കൊണ്ട് വീണ ജോര്‍ജ്ജ് മണ്ഡലമാകെ നിറഞ്ഞുനില്‍ക്കുന്നുമുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തന്നെയാണ് പത്തനംതിട്ടയില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാനഘടകം. ഒപ്പം പ്രളയവും സര്‍ക്കാര്‍ സന്നദ്ധ സംഘടനകളുടെ രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസവുമെല്ലാം മണ്ഡലത്തില്‍ ചര്‍ച്ചയാകും.

രണ്ടായിരത്തി ഒമ്പതില്‍ പത്തനംതിട്ട ലോക്സഭാമണ്ഡലത്തില്‍ യുഡിഎഫ് മേല്‍ക്കോയ്മ വ്യക്തമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറിയായിരുന്ന കെ അനന്തഗോപനെ 1,11 206 വോട്ടിന് തോല്‍പ്പിച്ച് ആന്റോ ആന്‍രണിയുടെ ആദ്യവിജയം. പിന്നീട് 2014ല്‍ മുന്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പീലിപ്പോസ് തോമസായിരുന്നു ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഭൂരിപക്ഷം കുറഞ്ഞ് 56, 191 ല്‍ എത്തിയെങ്കിലും മണ്ഡലത്തിന്റെ പ്രതിനിധിയായി വീണ്ടും ആന്റോ ആന്റണി തന്നെ ലാക്സഭയിലെത്തി. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മേല്‍ക്കോയ്മയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട് മണ്ഡലം.

കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ സാഹചര്യമല്ല പത്തനംതിട്ടയില്‍ ഇപ്പോള്‍. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയോട് വിയോജിപ്പുള്ളവര്‍ ബിജെപിയെ പിന്തുണയ്ക്കുമോ എന്നതാണ് പ്രധാനചോദ്യം. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പ് തന്നെ കെ സുരേന്ദ്രന്‍ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ബിജെപി അല്ലാത്തവര്‍ പോലും ആഗ്രഹിച്ചിരുന്നു. കെ സുരേന്ദ്രന്‍ തന്നെ ജനവിധി തേടിയെത്തുമ്പോള്‍ ഇളകി മറിയുകയാണ് ഈ മണ്ഡലം.

Surendran

പാര്‍ട്ടി അനുയായികളുടെയും നിഷ്പക്ഷ വിലയിരുത്തലുകളുടെയും അടിസ്ഥാനത്തില്‍ എന്‍ഡിഎയ്ക്ക്് പത്തനംതിട്ടയിലുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇതിനിടെ പുറത്തുവന്ന അഭിപ്രായ സര്‍വേഫലങ്ങളും ഇക്കാര്യം ഉറപ്പിക്കുമ്പോള്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണ് കെ സുരേന്ദ്രനും അനുയായികളും. ഇടത് വലത് മുന്നണികളെ തറപറ്റിക്കാനുള്ള വോട്ട് പിടിച്ചെടുക്കാന്‍ ബിജെപി അവസാനത്തെ അടവുകളും പയറ്റുമ്പോള്‍ താമര വിരിഞ്ഞ പത്തനംതിട്ടയില്‍ നിന്ന് കെ സുരേന്ദ്രന്‍ പാര്‍ലമെന്റിലൈത്താനുള്ള സാധ്യത വലുതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button