NewsInternational

വന്‍ അഴിച്ചുപണി നടത്തി ഉത്തര കൊറിയയുടെ ഭരണനേതൃതലം

 

സോള്‍ : ഉത്തര കൊറിയയുടെ ഭരണനേതൃതലത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം വന്‍ അഴിച്ചുപണി. രാജ്യത്തെ നാമമാത്ര നിയമനിര്‍മാണ സഭയായ സുപ്രീം പീപ്പിള്‍സ് അസംബ്ലിയുടേതാണ് തീരുമാനങ്ങള്‍.

രാജ്യത്തിന്റെ പരമാധികാരം കമ്യൂണിസ്റ്റ് ഏകാധിപതി കിം ജോങ് ഉന്നില്‍ തന്നെയാണ് എന്നാല്‍ പ്രസിഡന്റ്, പ്രധാനമന്ത്രി പദവികളില്‍ ഉന്നിന്റെ വിശ്വസ്തരായ പുതുതലമുറ നേതാക്കളെയാണ് നിയമിച്ചത്.

കിം ജോങ് ഉന്നിനെ ‘ഉത്തര കൊറിയന്‍ ജനതയുടെ പരമോന്നത പ്രതിനിധി’ എന്നാണ് ഇതു സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ വിശേഷിപ്പിക്കുന്നത്. രാജ്യാധികാരം ഏറ്റെടുത്ത് 8 വര്‍ഷത്തിനു ശേഷമാണ് പദവി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം.

പുതുക്കിയ ഭരണഘടനയുടെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഉന്നതാധികാര സമിതിയായ സ്റ്റേറ്റ് അഫയേഴ്‌സ് കമ്മിഷന്റെ ചെയര്‍മാനായി കിം ജോങ് ഉന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ചോ റ്യോങ് ഹെ ആണ് പുതിയ പ്രസിഡന്റ്. നിയമനിര്‍മാണ സഭയുടെ അധ്യക്ഷനായ ഇദ്ദേഹമാകും രാജ്യാന്തര തലത്തില്‍ രാജ്യത്തെ പ്രതിനിധീകരിക്കുക. 20 വര്‍ഷത്തിലധികമായി പദവി വഹിച്ചുവന്ന കിം യോങ് നാമിനെയാണു ഒഴിവാക്കിയത്.

മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ യുഎസ് ഉപരോധം ഏര്‍പ്പെടുത്തിയിട്ടുള്ള ഉത്തരകൊറിയന്‍ നേതാക്കളില്‍ ഒരാളാണ് ചോ. പ്രധാനമന്ത്രി പദവിയില്‍ കിം ജേ റ്യോങ് നിയമിതനായി. യുഎസ് ചര്‍ച്ചകളില്‍ നിര്‍ണായക പങ്കുവഹിച്ച ചോ സോന്‍ ഹ്യൂവിനെ വിദേശകാര്യ ഉപമന്ത്രിയാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button