Devotional

ഭാഷയും സംസ്‌കാരവും ഒത്തുചേര്‍ന്നു; കണ്ണകി ദര്‍ശനം ആയിരങ്ങള്‍ക്ക് സായൂജ്യമേകി

ഇടുക്കി : പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്ന പുരാതന കണ്ണകി ക്ഷേത്രമായ മംഗളാദേവീയില്‍ ചിത്രാപൗര്‍ണ്ണമി ഉത്സവം വിപുലമായ ക്രമീകരണങ്ങളോടെ നടന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ ചിത്രപൗര്‍ണ്ണമി നാളില്‍ മാത്രം ആളുകള്‍ക്ക് പ്രവേശനമുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം കേരളവും തമിഴ്‌നാടും സംയുക്തമായാണ് നടത്തിയത്. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ളതും കാലക്ഷയം സംഭവിച്ചതുമായ ക്ഷേത്രത്തില്‍ ഉത്സവനാളില്‍ കേരളം, തമിഴ്‌നാട് ശൈലികളിലെ പൂജകളാണ് നടത്തിയത്. അടുത്തടുത്ത രണ്ട് ശ്രീകോവിലുകളിലും മംഗളാദേവി പ്രതിഷ്ഠയാണുള്ളത്. ഇരു കോവിലുകളിലും വെളുപ്പിന് 6.30ന് നട തുറന്ന് ക്ഷേത്ര ആചാരചടങ്ങുകള്‍ പൂര്‍ത്തിയാക്കി ഉച്ചകഴിഞ്ഞ് 3 മണിയോടെ അടച്ചു.

ആദ്യ ശ്രീകോവിലിലും ഉപദേവതാപ്രതിഷ്ഠകളായ ഗണപതി, ശിവപാര്‍വ്വതീ സങ്കല്പത്തിലുള്ള പെരുമാള്‍ കോവിലുകളിലും മലയാളശൈലികളിലുള്ള പൂജകളാണ് നടന്നത്. തന്ത്രി സൂര്യകാലടി മന സൂര്യന്‍ ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തിമാരായ അനില്‍കുമാര്‍, ബാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ പത്തോളം ശാന്തിമാരാണ് പൂജകള്‍ നടത്തിയത്. അഭിഷേക, അലങ്കാര പൂജകളോടെ ആരംഭിച്ച ക്ഷേത്ര ചടങ്ങുകളില്‍ ഗണപതി ഹോമം, പ്രസന്ന പൂജ, ഉച്ചപൂജ എന്നിവ ഉണ്ടായിരുന്നു. തൊട്ടടുത്തുള്ള ശ്രീകോവിലില്‍ തമിഴ്‌നാട് രീതിയിലുള്ള പൂജാവിധികളാണ് നടന്നത്. തമിഴ്‌നാട് മംഗളാദേവി കണ്ണകി ട്രസ്റ്റ് നിയോഗിച്ച രാജലിംഗം മേല്‍ശാന്തിയുടെ നേതൃത്വത്തില്‍ നാല് ശാന്തിമാരാണ് ഗണപതിഹോമം, കലശപൂജ തുടങ്ങിയ ക്ഷേത്ര ചടങ്ങുകള്‍ക്ക് നേതൃത്വം നല്കിയത്. ഈ ശ്രീകോവിലിനോടു ചേര്‍ന്നു തന്നെ രാജരാജ ചോളന്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഗുഹാ കവാടവും ഇവിടുത്തെ പ്രത്യേകതയാണ്.

ഇടുക്കി, തേനി ജില്ലാ ഭരണകൂടങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള- തമിഴ്‌നാട് പൊലീസ്, റവന്യു, വനം വകുപ്പ്, അധികൃതര്‍ സംയുക്തമായാണ് ചിത്രാപൗര്‍ണ്ണമി ഉത്സവം നടത്തിയത്. കുമളിയില്‍ നിന്നും വനത്തിനുള്ളിലൂടെ 14 കിലോമീറ്ററോളം സഞ്ചരിച്ചാണ് ക്ഷേത്രത്തിലെത്തുന്നത്. ഭക്തജനങ്ങള്‍ക്കായി കുടിവെള്ളം, ടോയ്‌ലറ്റ് സൗകര്യം, പ്രത്യേക പാസ് നല്കി വാഹന സൗകര്യം എന്നിവ ഏര്‍പ്പെടുത്തിയിരുന്നു. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം പ്രവേശനം എന്നതിനാല്‍ പതിനായിരക്കണക്കിന് ഭക്തരാണ് ഉത്സവത്തിന് എത്തിയത്. കാല്‍നടയായും ധാരാളം ഭക്തര്‍ എത്തിയിരുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിന്റെ മെഡിക്കല്‍ ക്ലിനിക്ക്, ആംബുലന്‍സ്, ഫയര്‍ ആന്റ് റെസ്‌ക്യു തുടങ്ങിയവയുടെ സേവനങ്ങളും ഒരുക്കിയിരുന്നു. ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നാല് ഡിവൈഎസ്പിമാരുടെ കീഴില്‍ 300 പോലീസ് ഉദ്യോഗസ്ഥരാണ് ഉണ്ടായിരുന്നത്.ക്ഷേത്രം വനത്തിനുള്ളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ വന്യ ജീവികളുടെ സൈ്വര്യ വിഹാരത്തിന് തടസം ഉണ്ടാക്കാത്ത രീതിയിലാണ് ഭക്തരുടെ പ്രവേശനവും ക്ഷേത്ര ചടങ്ങുകളും സജ്ജീകരിച്ചത്.

ഇടുക്കി എഡിഎം അനില്‍ ഉമ്മന്‍, ആര്‍ ഡി ഒ എം.പി.വിനോദ്, റവന്യു അഡീഷണല്‍ സെക്രട്ടറിയും ദേവസ്വം കമ്മീഷണറുമായ എന്‍.ഹര്‍ഷന്‍, ദേവസ്വം ബോര്‍ഡംഗം വിജയകുമാര്‍, പീരുമേട് തഹസീല്‍ദാര്‍ ജോസ് കുട്ടി, തമിഴ്‌നാട് പി ആര്‍ ഒ എ സെന്തില്‍ അണ്ണയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം, ആര്‍ ഡി ഒ , വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും ഉത്സവത്തിന്റെ ക്രമീകരണങ്ങളില്‍ പങ്കുചേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button