Latest NewsElection NewsKeralaElection 2019

ഒളിക്യാമറ വിവാദം; നിയമോപദേശം ലഭിച്ചിട്ടും ഔദ്യോഗിക നിര്‍ദേശം കിട്ടിയില്ല

കോഴിക്കോട്: യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ.രാഘവനെതിരെ ആരോപണമുന്നയിച്ച് ഹിന്ദി ചാനല്‍ പുറത്തുവിട്ട ഒളിക്യാമറ ദൃശ്യങ്ങള്‍ സംബന്ധിച്ച് കേസെടുക്കാന്‍ ഇനിയും ഔദ്യോഗിക നിര്‍ദേശമായില്ല. എം.കെ.രാഘവനെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണു നിയമോപദേശം നല്‍കിയത്. വിശദമായ അന്വേഷണത്തിന് കേസ് റജിസ്റ്റര്‍ ചെയ്യേണ്ടത് അത്യാവശ്യമാണെന്നു നിര്‍ദേശം ലഭിച്ചു. കേസെടുത്താല്‍ മാത്രമേ ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കാനാകൂ.

എന്നാല്‍ അന്വേഷണം നടത്തുന്ന സിറ്റി പൊലീസിന് ഇതുസംബന്ധിച്ച നിര്‍ദേശം ഇന്നലെ വൈകിട്ടുവരെ ലഭിച്ചിട്ടില്ല. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ നിര്‍ദേശമനുസരിച്ചും കൃത്രിമം നടത്തിയ ദൃശ്യങ്ങളാണു പ്രചരിപ്പിച്ചതെന്ന രാഘവന്റെ പരാതി അനുസരിച്ചുമാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കേസ് റജിസ്റ്റര്‍ ചെയ്ത ശേഷമാകും ദൃശ്യങ്ങളുടെ വിദഗ്ധ പരിശോധന നടക്കുന്നത്.

സിപിഎം തിരഞ്ഞെടുപ്പ് കമ്മിഷന് നല്‍കിയ പരാതിയിലാണ് അഡ്വക്കറ്റ് ജനറലിനോടു ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിയമോപദേശം തേടിയത്. ദേശീയചാനല്‍ പുറത്തുവിട്ട ഒളിക്യാമറ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി എം.കെ. രാഘവനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.ഈ പരാതിയുടെ അന്വേഷണഘട്ടത്തിലാണ് രാഘവനെതിരെ കേസെടുക്കാന്‍ ഡിജിപി നിയമോപദേശം തേടിയത്. തിരഞ്ഞെടുപ്പ് കമ്മിഷന് സിപിഎം നല്‍കിയ പരാതി മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഡിജിപിക്ക് കൈമാറിയിരുന്നു. അന്വേഷണ ചുമതലയുള്ള കണ്ണൂര്‍ റേഞ്ച് ഐജി പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button