KeralaLatest NewsIndia

കല്ലടയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നു ജോമോൾ ജോസഫ്

സ്ത്രീയും കുട്ടിയും അടങ്ങുന്ന കുടുംബത്തെ നടുറോഡിൽ കയ്യേറ്റം ചെയ്യാനായും ആക്രമിക്കാനായും ശ്രമിക്കുകയും ചെയ്തിട്ടും പോലീസിന്റെ നിലപാട് മോശമായിരുന്നു

ഒരുവർഷം മുമ്പ് കല്ലടയിൽ നിന്നും തനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി ജോമോൾ ജോസഫ്.നടുറോഡിൽ അതീവ അപകടകരമായി വാഹനമോടിക്കുകയും, കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീയെ അടക്കം കേട്ടാലറക്കുന്ന തെറിപറയുകയും, അപമാനിക്കുകയും, സ്ത്രീയും കുട്ടിയും അടങ്ങുന്ന കുടുംബത്തെ നടുറോഡിൽ കയ്യേറ്റം ചെയ്യാനായും ആക്രമിക്കാനായും ശ്രമിക്കുകയും ചെയ്തിട്ടും പോലീസിന്റെ നിലപാട് മോശമായിരുന്നു എന്നും അവർ പറയുന്നു. തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് ഇവർ ഇത് പറഞ്ഞിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ,

കല്ലടയിൽ നിന്നും എനിക്കും ദുരനുഭവം ഉണ്ടായിട്ടുണ്ട്..

ഒരുവർഷം മുമ്പ് വൈകീട്ട് എറണാകുളത്ത് ഞങ്ങൾ താമസ്സിക്കുന്ന കുണ്ടന്നൂരിൽ നിന്നും വൈറ്റില ഗോൾഡ് സൂക്കിൽ സിനിമക്കായി സ്കൂട്ടറിൽ പോകുകയാരിന്നു ഞാനും മകനും വിനുവും കൂടെ. വിനുവാണ് സ്കൂട്ടർ ഓടിച്ചിരുന്നത്, മകൻ എന്റെ കൂടെ പിന്നിലും. കുണ്ടന്നൂർ ജംങ്ഷൻ കഴിഞ്ഞ പാടെ സുരേഷ് കല്ലടയുടെ ബാംഗ്ലൂർ ബസ് ഇടതുവശത്തെ ട്രാക്കിൽ നിന്നും പെട്ടന്ന് തന്നെ വലതുവശത്തെ ട്രാക്കിലേക്ക് പിന്നിൽ നിന്നും ഞങ്ങളെ അതിവേഗതയിൽ മറികടന്ന് കയറുകയും, സ്കൂട്ടറിൽ ബസിന്റെ പിൻഭാഗം തട്ടുമെന്നായപ്പോൾ ഞങ്ങൾ സ്കൂട്ടർ പെട്ടന്ന് വെട്ടിച്ച് മാറ്റി വലിയൊരു അപകടത്തിൽ നിന്നും രക്ഷപ്പെട്ടു. വെട്ടിച്ച് മാറ്റാതിരുന്നെങ്കിൽ ഞങ്ങൾ മൂന്നുപേരും ബസിനടിയിൽ പെട്ടേനെ.

ഞങ്ങൾ പേടിച്ച് വിറച്ച് പോയി, പുറകിൽ വന്ന കാറുകാരൊക്കെ ഇത് കണ്ട് പേടിച്ച അവസ്ഥയിലായിരുന്നു. നിർത്താതെ പോയ ബസിനെ തൈക്കൂടം ബ്രിഡ്ജിന് തൊട്ടു മുമ്പ് വെച്ച്, ഞങ്ങൾ ഫോളോചെയ്ത് എത്തി, ബസിന്റെ ക്യാബിനിലുള്ളത് ഡ്രൈവറും ക്ലീനറും മാത്രം. സ്കൂട്ടറിൽ നിന്ന് തന്നെ “എന്ത് പണിയാണ് ചേട്ടാ” എന്ന് വിനു ഡ്രൈവറോട് ചോദിക്കുകസും ചെയ്തു, പിന്നെ ക്യാബിനുള്ളിൽ നിന്നും കേട്ടാലറക്കുന്ന തെറിയുമായാണ് അവർ ഓടുന്ന ബസിൽ നിന്നും ഞങ്ങളെ നേരിട്ടത്. അവരെ വെറുതേ വിടാതെ, ഞങ്ങൾ ബസിന് മുന്നിൽ സ്കൂട്ടർ കയറ്റി പിടിച്ച് ബ്ലോക്കിട്ട് കൊണ്ടുപോയി. സഹായത്തിന് അപകടസാധ്യത നേരിട്ട് കണ്ട കാറുകാരും ഉണ്ടായിരുന്നു. അവർ വൈറ്റിലയിലെ അവരുടെ ഓഫീസിന് മുന്നിൽ ബസടുപ്പിച്ചു.

ബസ് നിർത്തിയ പാടെ ക്ലീനർ ചാടിയിറങ്ങി ഞങ്ങളെ തല്ലാനായി വന്നു. വിനുവും, പുറകേ വന്ന കാറുകാരനും, ക്ലീനർ തല്ലാനായി വരുന്നത് കണ്ട നാട്ടുകാരും എല്ലാം കൂടെ ആകെ ബഹളമായി. കല്ലടയുടെ ജോലിക്കാർ ഓഫീസിൽ നിന്നും ചാടി വന്നു. അപ്പോഴേക്കും കാറുകാരൻ വിളിച്ച് പറഞ്ഞത് പ്രകാരം, കൺട്രോൾ റൂമിൽ നിന്നും, മരട് പോലീസ് സ്റ്റേഷനിൽ നിന്നും പോലീസ് ജീപ്പും എത്തി. പരാതിയുമായി മുന്നോട്ട പോകാനായി നോക്കിയപ്പോൾ, ട്രിപ്പ് മുടങ്ങും, യാത്രക്കാരെ ബാധിക്കും, പകരം ജീവനക്കാരില്ല തുടങ്ങിയ മുടന്തൻ ന്യായങ്ങൾ കല്ലടജീവനക്കാർ പറഞ്ഞത് അനുസരിച്ച് പോലീസ് അവരെ വാഹനവുമായി പോകാൻ അനുവദിക്കുകയും, പ്രശ്നമുണ്ടാക്കിയ ജീവനക്കാർ തന്നെ ബസ് നിറയെ യാത്രക്കാരുമായി ബാംഗ്ലൂരിലേക്ക് പോകുകയും ചെയ്തു. പോലീസ് അന്ന് പറഞ്ഞത്, നാളെ സ്റ്റേഷനിൽ വന്ന് പരാതി തരൂ എന്നാണ്.

നടുറോഡിൽ അതീവ അപകടകരമായി വാഹനമോടിക്കുകയും, കൈക്കുഞ്ഞുമായി യാത്രചെയ്യുന്ന സ്ത്രീയെ അടക്കം കേട്ടാലറക്കുന്ന തെറിപറയുകയും, അപമാനിക്കുകയും, സ്ത്രീയും കുട്ടിയും അടങ്ങുന്ന കുടുംബത്തെ നടുറോഡിൽ കയ്യേറ്റം ചെയ്യാനായും ആക്രമിക്കാനായും ശ്രമിക്കുകയും ചെയ്തിട്ടും പോലീസിന്റെ നിലപാട് ഇടായിരുന്നു എങ്കിൽ, സുരേഷ് കല്ലട ഗ്രൂപ്പിന് വഴിവിട്ട് പോലീസ് സഹായം കിട്ടുന്നുണ്ട് എന്നത് വ്യക്തമാണ്. കേരളത്തിലെ പ്രധാന നഗരങ്ങളിലെ പോലീസിലെ പല ഉന്നതരുടേയും വഴിവിട്ട സഹായം സുരേഷ് കല്ലട ഗ്രൂപ്പിന് ലഭിക്കാതെ, ഇതൊന്നും കേരളത്തിൽ നടക്കില്ല എന്നതാണ് വസ്തുത. കൊടുക്കേണ്ടത് കൊടുക്കേണ്ടവർക്ക് കൊടുത്തുതന്നെയാണ് സുരേഷ് കല്ലട ബസ് സർവ്വീസ് നമ്മുടെ റോഡുകളിലൂടെ കുതിച്ച് പായുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button