Latest NewsKerala

‘ഫാനി’ ചുഴലിക്കാറ്റ്; നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി

കൊച്ചി: ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ട സാഹചര്യത്തില്‍ ജനങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നല്‍കുന്ന നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ ചില ജില്ലകളില്‍ മഴയും കാറ്റും ശക്തിപ്പെടും എന്ന വിവരം ലഭിച്ചിട്ടുണ്ടെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും കലക്ടര്‍മാര്‍ക്കും ഈ സാഹചര്യം നേരിടാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ‘ഫാനി’ ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ല. അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല.

എന്നാൽ ചുഴലിക്കാറ്റ് പ്രഭാവത്തിൽ കേരളത്തിലെ ചില ജില്ലകളിൽ മഴയും കാറ്റും ശക്തിപ്പെടും എന്ന വിവരം ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾ സുരക്ഷയ്ക്കായി പാലിക്കേണ്ട നിർദ്ദേശങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്കും കലക്ടർമാർക്കും ഈ സാഹചര്യം നേരിടാൻ ആവശ്യമായ നിർദ്ദേശങ്ങൾ നൽകിയിട്ടുമുണ്ട്. തുടർന്നും ദുരന്ത നിവാരണ അതോറിറ്റി നൽകുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നഭ്യർത്ഥിക്കുന്നു.

ഏപ്രിൽ 28 (മണിക്കൂറിൽ 30-50 കിലോമീറ്റർ വേഗതയിൽ) ഏപ്രിൽ 29, 30 (മണിക്കൂറിൽ 40-60 കി.മീ വരെ വേഗത്തിൽ) കേരളത്തിൽ ശക്തമായ കാറ്റ് വീശുവാൻ സാധ്യത ഉണ്ട്.

കേരളത്തിൽ ചില സ്ഥലങ്ങളിൽ ഏപ്രിൽ 29,30 തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 29 /04 /2019 ന് എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിട്ടുണ്ട്. 30/ 04/ 2019 ന് കോട്ടയം ,എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം , കോഴിക്കോട് , വയനാട് എന്നി ജില്ലകളിൽ ശക്തമായ മഴ സൂചിപ്പിക്കുന്ന മഞ്ഞ അലേർട്ട് (Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നു.

cyclone

shortlink

Related Articles

Post Your Comments

Related Articles


Back to top button