Latest NewsKeralaIndia

വിമുക്തഭടനെ കൊന്ന് കുഴിച്ചു മൂടിയ നിലയില്‍ കണ്ടെത്തി: മൂന്നു പേർ അറസ്റ്റിൽ

ഹരിപ്പാട്: വിമുക്തഭടനെ കൊന്ന് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി, മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. പള്ളിപ്പാട് തെക്കേക്കര കിഴക്ക് കൊണ്ടൂരേത്ത് പടീറ്റതില്‍ രാജന്‍ (75) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 10ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടില്‍ നിന്നിറങ്ങിയ രാജനെ പിന്നീട് കാണാതാവുകയായിരുന്നു. കാറില്‍ കയറ്റിക്കൊണ്ടുപോയി കഴുത്തില്‍ വയര്‍ മുറുക്കി കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ തെക്കേക്കര കിഴക്ക് അമ്പിയിൽ ശ്രീകാന്ത് (26),രാജന്റെ അയല്‍വാസികളായ കൊണ്ടൂരേത്ത് രാജേഷ് (36), കൊണ്ടൂരേത്ത് വിഷ്ണു (23) എന്നിവരാണ് അറസ്റ്റിലായത്.

രാജനില്‍ നിന്നും ഒന്നാംപ്രതി ശ്രീകാന്ത് മൂന്ന് ലക്ഷം രൂപ വാങ്ങിയിരുന്നു. ഇതില്‍ ഒരുലക്ഷം മടക്കികൊടുത്തു. ബാക്കിയും പലിശയും നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് കാറില്‍ കയറ്റിക്കൊണ്ടുപോയതെന്ന് പോലീസ് പറഞ്ഞു. കാറിന്റെ മുന്‍സീറ്റിലിരുന്ന രാജനെ പിന്നിലിരുന്ന ശ്രീകാന്താണ് വയര്‍ മുറുക്കി കൊന്നത്. തുടര്‍ന്ന് മൃതദേഹവുമായി പല സ്ഥലങ്ങളില്‍ യാത്രചെയ്തു. രാത്രി പള്ളിപ്പാട് ചന്തയ്ക്ക് സമീപം ആള്‍താമസമില്ലാത്ത വീടിന് പിന്നില്‍ മൃതദേഹം കുഴിച്ചിട്ടു.

സംഭവ ദിവസം അഞ്ച് മണിക്കൂറോളം പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചിരുന്നില്ല. രണ്ടാം പ്രതി രാജേഷ് ഫോണ്‍ വീട്ടില്‍ തന്നെ സൂക്ഷിച്ചു. മറ്റുള്ളവരുടെ കൈവശം ഫോണുകളുണ്ടായിരുന്നെങ്കിലും ആരെയും വിളിച്ചില്ല. അന്വേഷണം തങ്ങളിലേക്ക് എത്താതിരിക്കാനാണ് പ്രതികള്‍ ഇതിലൂടെ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.സൈന്യത്തിലും തുടര്‍ന്ന് ഗള്‍ഫിലുമായിരുന്ന രാജന്‍ പലര്‍ക്കായി ലക്ഷക്കണക്കിന് രൂപ പലിശയ്ക്ക് നല്‍കിയിട്ടുണ്ട്. എത്ര രൂപയാണ് ഇയാള്‍ പലിശയ്ക്ക് കൊടുത്തിരിക്കുന്നതെന്ന് പോലീസ് അന്വേഷിക്കുകയാണ്.

തൃക്കുന്നപ്പുഴ സ്വദേശിയായ രാജന്‍ 48 വര്‍ഷം മുന്‍പ് പള്ളിപ്പാട് സ്വദേശിനിയെ വിവാഹം കഴിച്ചിരുന്നു. പിന്നീട് സൈന്യത്തില്‍ ജോലികിട്ടി. ഇതിന് ശേഷം തിരുവനന്തപുരം സ്വദേശിനിയെ വിവാഹം കഴിച്ച്‌ അവിടെ താമസമാക്കി. ഒന്നര വര്‍ഷം മുന്‍പാണ് പള്ളിപ്പാട്ട് ആദ്യ ഭാര്യയുടെ വീട്ടില്‍ മടങ്ങിവരുന്നത്. തുടര്‍ന്ന്, പണം പലിശയ്ക്ക് കൊടുത്തും തടിക്കച്ചവടം നടത്തിയും വരികയായിരുന്നു.

അയല്‍വാസിയായ രാജേഷായിരുന്നു രാജന്റെ സന്തതസഹചാരി. പലിശയ്ക്ക് കൊടുക്കുന്നതിന്റെ ഇടനിലക്കാരനും ഇയാളായിരുന്നു. രാജേഷിന്റെ മൊബൈല്‍ ഫോണിലേക്കാണ് രാജന്‍ അവസാനമായി ഫോണ്‍ വിളിച്ചത്. ഇതും പ്രതികള്‍ യാത്രചെയ്ത കാറിന്റെ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button