News

ശക്തമായ മഴ; കണ്ട്രോൾ റൂമുകൾ തുറക്കും

പത്തനംതിട്ട: എല്ലാ താലൂക്ക് ആഫീസുകളിലും ഏപ്രില്‍ 26 മുതല്‍ മെയ് അഞ്ച് വരെ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. ഡെപ്യൂട്ടി തഹസില്‍ദാര്‍ തസ്തികയിലുള്ള ഉദ്യോഗസ്ഥന്റെ മേല്‍നോട്ടത്തില്‍ അഞ്ച് പേരടങ്ങുന്ന ടീമിനെ 24 മണിക്കൂറും നിയോഗിക്കും. താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ലഭിക്കുന്ന വിവരങ്ങള്‍ യഥാസമയം ജില്ലാ ദുരന്തനിവാരണ അതോറിറ്റിയിലേക്ക് അറിയിക്കും. എല്ലാ വില്ലേജ് ആഫീസുകളും ഏപ്രില്‍ 26 മുതല്‍ മെയ് അഞ്ച് വരെയുള്ള കാലയളവില്‍ രാത്രിയില്‍ തുറന്ന് പ്രവര്‍ത്തിക്കും. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ അനുമതി കൂടാതെ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 26 മുതല്‍ മെയ് അഞ്ച് വരെയുള്ള കാലയളവില്‍ അവധി അനുവദിക്കാന്‍ പാടില്ല. പ്രദേശങ്ങളിലെ വൈദ്യുത ബന്ധവും ഫോണ്‍ബന്ധവും തകരാറിലാവുകയാണെങ്കില്‍ എത്രയും പെട്ടെന്ന് പുനസ്ഥാപിക്കുവാനുള്ള അടിയന്തിര നടപടികള്‍, കെഎസ്ഇബി, ബിഎസ്എന്‍എല്‍ അധികൃതര്‍ സ്വീകരിക്കും. ഉരുള്‍പൊട്ടല്‍/ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലങ്ങളില്‍, അപകടകരം എന്ന് ജിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്‍ഡ്യ കണ്ടെത്തി അറിയിച്ചിട്ടുള്ള സ്ഥലങ്ങളില്‍ വസിക്കുന്നവര്‍ക്കായി ഏപ്രില്‍ 28 വൈകുന്നേരം മുതല്‍ അതത് പ്രദേശങ്ങളിലെ സാഹചര്യം അനുസരിച്ച് ക്യാമ്പുകള്‍ ഒരുക്കുവാന്‍ എല്ലാ തഹസില്‍ദാര്‍മാര്‍ക്കും കളക്ടര്‍ നിര്‍ദേശം നല്‍കി. ശക്തമായ മഴയുടെ സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് ഏറ്റവും അടുത്തുള്ള ക്യാമ്പിലേക്ക് മാറി താമസിക്കാം. ജില്ലയിലെ എല്ലാ ഉദ്യോഗസ്ഥരും ജാഗരൂകരായിരിക്കേണ്ടതും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയില്‍ നിന്നും അറിയിപ്പ് ലഭിക്കുന്ന മുറയ്ക്ക് ഹാജരാകണമെന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button