Latest NewsKadhakal

കനവിലെ മഴവില്ല്

അഖില്‍ ശശിധരന്‍

ആമുഖം

പ്രിയരെ ”കൊച്ചിന്‍ ഡയറി”ക്കുശേഷം മനസ്സിലേക്കുവന്ന രണ്ടാമത്തെ തിരക്കഥയാണ് ” കനവിലെ മഴവില്ല് ”. ഇവിടെ ഞാനെഴുതുന്നത് ആ തിരക്കഥയുടെ മൂലകഥയാണ്. ഇതുവായിക്കുന്നതിനുമുന്‍പ് കുറച്ച് കാര്യങ്ങള്‍. എന്റെ ഭാവനയില്‍ സൃഷ്ടിച്ചെടുത്ത ഒരു കഥയല്ലയിത്. എനിക്കുചുറ്റുമുള്ള ചില പച്ചയായ ജീവിതയാഥാര്‍ത്ഥ്യങ്ങളെ അതുപോലെതന്നെ അക്ഷരക്കൂട്ടുകളാക്കി അവതരിപ്പിച്ചിരിക്കുകയാണിവിടെ. കഥയും
കഥാപാത്രങ്ങളും, പശ്ചാത്തലവും ഒന്നും സാങ്കല്‍പ്പികമല്ല. ഇത് യാഥാര്‍ത്ഥ്യമാണ്.

എന്നെങ്കിലും ഒരിക്കല്‍ ഈ തിരക്കഥ അഭ്രപാളിയില്‍ എത്തിക്കാന്‍ കഴിയുമെങ്കില്‍ ഇതില്‍ ഞാന്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ദുരൂഹതകളും,പറയാതെപോയ ചില കഥാപാത്രങ്ങളും, കഥാഗതികളും കൂട്ടിചേര്‍ത്ത് ”കനവിലെ മഴവില്ല്” പ്രേക്ഷക ഹൃദയങ്ങളിലേക്ക് ഞാന്‍ ഒരു ദൃശ്യമായി എത്തിക്കുന്നതായിരിക്കും.

ഈ കഥയും തിരക്കഥയും ഏതെങ്കിലും സ്ഥാപനത്തേയോ , വ്യക്തികളെയോ ആക്ഷേപിച്ചുള്ളതല്ല.
ഇത് എന്റെ ആവിഷ്‌ക്കാരസ്വാതന്ത്ര്യമാണ്.

എന്നും സ്‌നേഹത്തോടെ എന്നെ വായിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്കുമുന്നില്‍ സവിനയം ഞാന്‍ സമര്‍പ്പിക്കുന്നു.
” കനവിലെ മഴവില്ല് ‘ (ഒരു തിരക്കഥയുടെ മൂലകഥ).

ഭാഗം1
കൂടിക്കാഴ്ച

ഇന്നാണ് വിവേക് കാത്തിരുന്ന ദിവസം. തന്റെ പ്രണയ സാക്ഷാത്കാരം എന്നതിനുമപ്പുറം ഒരിക്കല്‍ വഴിപിരിഞ്ഞ തന്റെ സൗഹൃദങ്ങളെ വീണ്ടും ഒരു നോക്കുകാണുവാന്‍ കഴിയും എന്ന മുഹൂര്‍ത്തതിനുവേണ്ടിയുള്ള കാത്തിരിപ്പ്. തൊട്ടടുത്ത് സ്വന്തം പ്രണയിനി ഗൗരി, പത്‌നി വേഷധാരിയായി ഇരിക്കുമ്പോഴും വിവേകിന്റെ കണ്ണുകള്‍ ആ വേദിയിലേക്ക് കടന്നുവരുന്ന പ്രധാന വാതിലിലേക്കായിരുന്നു. ജീവിതത്തിന്റെ പുത്തന്‍ വഴിത്തിരിവിലേക്ക് കടക്കുമ്പോള്‍ തന്റെ ജീവിതത്തില്‍ എന്നും സ്വാധീനിച്ചിരുന്ന ആ മൂവര്‍ സംഘത്തെ സാക്ഷിയാക്കുക എന്നതായിരുന്നു അയാളുടെ സ്വപ്നം. ഗൗരിയും വിവേകിനൊപ്പം ആ മൂവര്‍ സംഘത്തെ കാത്തിരിക്കുകയാണ്.

തിരക്കുകള്‍ ഒഴിഞ്ഞു. നേരം ഒരുപാട് വൈകിയിരുന്നു. ” വിവേക് ഇനിയുമവരെ കാത്തിരിക്കണോ അവര്‍ വരില്ല” ഗൗരി വിവേകിന്റെ കൈവിരലുകള്‍ അമര്‍ത്തിക്കൊണ്ട് പതിയെ പറഞ്ഞു.
”ഇല്ല ..ഗൗരി, വരും എന്നെ മറക്കില്ല അവര്‍” വിവേക് ഗൗരിയോടായി പറഞ്ഞു.

ആ വേദിയിലെ ലൈറ്റുകള്‍ ഓരോന്നായി അണഞ്ഞു തുടങ്ങി. വീട്ടുകാരുടെ നിര്‍ബന്ധത്തിനുവഴങ്ങി വിവേകും ഗൗരിയും വേദിയില്‍ നിന്നിറങ്ങി വാതിലിനുനേര്‍ക്ക് നടന്നു.
അപ്പോള്‍ മുറ്റത്ത് ഒരു കാര്‍ വന്നു നിന്നു. വിവേകും ഗൗരിയും കാറിനടുത്തേക്കുനടന്നു. കാറിന്റെ മുന്നിലെ ഡോറാണ് ആദ്യം തുറന്നത് . അതില്‍ നിന്നും പുറത്തേക്കിറങ്ങിയത് വിദ്യയായിരുന്നു.
”എടാ ഭര്‍ത്താവേ നീയങ്ങ് തടിച്ചു കൊഴുത്തല്ലോടാ പുല്‍ച്ചാടി….! ” വിദ്യ വിവേകിനടുത്തേക്ക് വന്നു. ഡ്രൈവിംഗ് സീറ്റില്‍ നിന്നും ജെയിംസും ഇറങ്ങി….” എടാ അച്ചായാ എന്ന് വിളിച്ചുകൊണ്ട് വിവേക് കാറിനടുത്തേക്കുവന്നു.. വിവേക് കാറിലേക്ക് നോക്കി . ”എവിടെയാടാ നിഖില്‍? അവനെപ്പറ്റി ഒരു വിവരവും ഇല്ലല്ലോടാ…. അതുവരെ ചിരിച്ചുനിന്ന ജെയിംസും വിദ്യയും നിശബ്ദരായി. അവര്‍ രണ്ടു പേരും ആ കാറിലേക്കുനോക്കി. പുറകിലെ സീറ്റില്‍ നിന്നും ഒരമ്മയിറങ്ങി.
” ആഹാ.. അവന്‍ വന്നില്ലേ അമ്മയെയാണോ പറഞ്ഞു വിട്ടത്. ഗീതുവിനെക്കൂടി കൊണ്ടു വരാമായിരുന്നു.” വിവേക് ഓടിച്ചെന്ന് ആ അമ്മയുടെ കൈകളില്‍ പിടിച്ചു.
വിവേകും ഗൗരിയും അവരെ മൂവരേയും അകത്തേക്ക് ക്ഷണിച്ചു. മൂവരും വിവേകിനും ഗൗരിക്കുമൊപ്പം അകത്തേക്കുനടന്നു.

ഭക്ഷണം കഴിച്ച് മൂവരും തിരിച്ചു പോകാനൊരുങ്ങുകയായിരുന്നു.” അച്ചായാ ഇവിടെ ഒരു ദിവസം ഞങ്ങളുടെ കൂടെ നില്‍ക്ക്. വര്‍ഷങ്ങള്‍ക്കു ശേഷമല്ലേ ഇങ്ങനെയൊരു കൂടിക്കാഴ്ച….” വിവേക് ജെയിംസിനോടായി പറഞ്ഞു. വിവേകിന്റെ നിര്‍ബന്ധപ്രകാരം അവര്‍ അന്നവിടെ തങ്ങി….

”അച്ചായാ ..എന്നതാ വിശേഷങ്ങള്‍ നീലിമയ്ക്കും കുട്ടികള്‍ക്കും സുഖമാണോ…”ഗ്ലാസിലേക്ക് മദ്യം പകര്‍ന്നു കൊണ്ട് വിവേക് ജെയിംസിനോടായി ചോദിച്ചു.
”അതേ അളിയാ സുഖം..അവള്‍ക്ക് ബെഡ്‌റെസ്റ്റ് ആയതുകൊണ്ടാണ് കൊണ്ടുവരാഞ്ഞത്…” ജെയിംസ് മറുപടി പറഞ്ഞു.
” ആഹാ …അച്ചായോ നിങ്ങളിവിടെ സെറ്റാകാന്‍ നില്‍ക്കുവാണോ…അവനെ മണിയറയിലേക്ക് പറഞ്ഞുവിട് അച്ചായോ…ഇന്നവന്റെ ആദ്യരാത്രിയല്ലേ…” അവര്‍ക്കിടയിലേക്ക് വിദ്യ കയറി വന്നു..
” ഡാ നീ പോയി കിടന്നുറങ്ങെടാ…ഗൗരി കാത്തിരിക്കുന്നുണ്ടാകും….” വിവേകിനെ റൂമിനടുത്തേക്ക് വിദ്യ തള്ളിക്കൊണ്ടുപോയി..

” ഡാ.. നമുക്ക് നാളെ സംസാരിക്കാം…ഇന്ന് നിന്റെ ആഘോഷം നടക്കട്ടെ….”ജെയിംസ് അവനെ റൂമിനകത്തേക്ക് തള്ളിയിട്ടു.

” അപ്പോ …ഗൗരിയേ, ഞങ്ങള്‍ സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ആകണില്ല്യാ…. ഗുഡ്‌നൈറ്റ് ”’ ഒരു കള്ളച്ചിരിയോടെ വിദ്യ ആ മണിയറ വാതിലടച്ചു.

ഭാഗം 2
കണ്ണുനീരിന്റെ പ്രഭാതം

” കുഞ്ഞേ, ദേ അവരെയൊക്കെ വിളിച്ചിട്ടുവാ” കൊച്ചാവച്ചേച്ചി പ്രാതലൊക്കെ ഒരുക്കിവെച്ചിട്ട് അടുക്കളയില്‍ നിന്ന ഗൗരിയോടായി പറഞ്ഞു. ഗൗരി മുറ്റത്തേക്ക് നടന്നു. ” ദേ …ആ അമ്മയെ ഒന്ന് വിളിക്കൂട്ടോ…നിങ്ങളും വാ…” മുറ്റത്ത് നില്‍ക്കുകയായിരുന്ന വിദ്യയും ജെയിംസും വിവേകും ഗൗരിയുടെ ശബ്ദം കേട്ട് തിരിഞ്ഞു നോക്കി.
” ആഹ്… വിദ്യ നീ പോയി അമ്മയെ വിളിച്ചിട്ടു വാ..” വിദ്യയെ മുറിയിലേക്ക് പറഞ്ഞയച്ച് ജെയിംസും വിവേകും ഡൈനിങ്ങ് റൂമിലേക്ക് നടന്നു. അവരെ പിന്തുടര്‍ന്ന് ഗൗരിയും.

മേശയ്ക്കുചുറ്റും അവര്‍ ഇരുന്നു..” കൊച്ചാവ ചേട്ടത്തി ഇന്ന് എന്നതാ സ്‌പെഷ്യല്‍ ” അവിടേക്ക് പാത്രങ്ങളുമായി നടന്നു വന്ന കൊച്ചാവ ചേട്ടത്തിയോടായി വിവേക് ചോദിച്ചു.
” കുഞ്ഞേ ഇന്ന് പപ്പയുടെ ഇഷ്ടവിഭവം അപ്പവും ബീഫ് റോസ്റ്റും..”അവര്‍ മറുപടി നല്‍കി.
ഗൗരി ആ പാത്രങ്ങള്‍ അവര്‍ക്ക് മുന്നിലേക്കുവച്ചു. വിദ്യയും അമ്മയും കൂടി അവിടേക്കുകടന്നുവന്നു.
പ്രാതല്‍ കഴിക്കുന്നതിനിടയില്‍ വിവേക് അമ്മയോട് ചോദിച്ചു ” നിഖിലും ഗീതുവും എന്ത് പറയുന്നു അമ്മ”
കഴിച്ചു കൊണ്ടിരുന്ന ആ അമ്മ പെട്ടെന്ന് നിശ്ചലമായി, കണ്ണില്‍ നിന്നും കണ്ണുനീര്‍ ഒഴുകി പാത്രത്തിലേക്ക് വീണു.
ഇതുകണ്ട് വിവേക് ഞെട്ടിത്തരിച്ചിരുന്നു.
”അമ്മ കഴിക്കൂട്ടോ നമുക്ക് ഇറങ്ങാറായി ”ആ നിശബ്ദതയുടെ ഇടയിലേക്ക് ജെയിംസിന്റെ ശബ്ദം.

കഴിച്ചുകഴിഞ്ഞെഴുന്നേറ്റതും വിവേക് ജെയിംസിനടുത്തേക്കുചെന്നു.”എന്തിനാ അച്ചായാ അമ്മ കരഞ്ഞത്.
”നമുക്ക് ഒരിടം വരെ പോകണം .ആ അമ്മയുടെ കൂടെ, നമ്മുടെ നിഖിലിനടുത്തേക്ക്….”ജെയിംസ് അത്രയും പറഞ്ഞിട്ട് അവിടെ നിന്നും മുറ്റത്തേക്കുനടന്നു.
”വിവേക്, അവനിപ്പോള്‍ നമ്മുടെ പഴയ നിഖില്‍ അല്ല….നമുക്ക് കാണാന്‍ പോകണം നിഖിലിനെ. നീ ഗൗരിയേയും കൂട്ടിവാ നമുക്ക് ഇന്നുതന്നെ പോകാം…” വിദ്യ വിവേകിനരികില്‍ വന്നുപറഞ്ഞു…..
കണ്ണുതുടച്ചുകൊണ്ട് വിദ്യയ്‌ക്കൊപ്പം നടന്നുപോകുന്ന ആ അമ്മയെ നോക്കി വിവേക് നിന്നു, എന്താണ് നടക്കുന്നതെന്നറിയാതെ….

വിവേക് റൂമിലേക്ക് വന്നു. ഗൗരി അവനരികിലേക്കുവന്നിരുന്നു.”എന്താ വിവേക് എല്ലാവരും വല്ലാത്ത ഒരവസ്ഥയില്‍…”

”ഗൗരി ഈ അധ്യായം ഒന്നുവായിച്ചേ…ഞാന്‍ ഒരിക്കല്‍ എഴുതി പൂര്‍ത്തിയാക്കിയതായിരുന്നു. ഇതാണ് ആ അമ്മയുടെ മകന്‍ നിഖിലിന്റെ കഥ. അവന്റെയും അവന്റെ കുഞ്ഞൂട്ടിയുടേയും കഥ….നീ ഇതുവായിക്കണം. നമുക്ക് പോകണം നിഖിലിനടുത്തേക്ക്…..”ഒരു ഡയറി ഗൗരിക്കുനേരെ നീട്ടി വിവേക് പറഞ്ഞു.

ഗൗരി ആ ഡയറി തുറന്നു. വിവേക് എഴുതിയ ആ പ്രണയകഥയിലൂടെ കണ്ണോടിച്ചു…

ഭാഗം 3

ഒരു പ്രണയകാലം.

അങ്കമാലിയിലെ, മിയാമി ആയുര്‍വ്വേദ ക്ലിനിക്ക് അവിടെവച്ചാണ് ആദ്യമായി നിഖിലും ഗീതുവും തമ്മില്‍ കാണുന്നത്. ആ ക്ലിനിക്കിലെ തെറാപ്പിസ്റ്റ് ആയിരുന്നു ഗീതു. നിഖില്‍ അമ്മയുടെ ട്രീറ്റ്‌മെന്റിനായി അവിടെ എത്തിയതും ഗീതുവുമായി പരിചയപ്പെട്ടതും എല്ലാം യാദൃശ്ചികമായിരുന്നു. കുറേ മാസങ്ങള്‍ കഴിഞ്ഞതോടുകൂടി ഒരിക്കലും പിരിയാന്‍പറ്റാത്തവിധം അവര്‍ അടുത്തിരുന്നു. ബോംബെയിലെ പ്രോജക്ടിലാണ് താനെങ്കിലും നാട്ടിലെ ഗീതുവിന്റെ ഓരോ ദിവസത്തെ കാര്യങ്ങളും നിഖിലിന് നല്ലതുപോലെ അറിയാമായിരുന്നു. എന്തിനേറെ പറയുന്നു വിരലുകളിലെ നെയില്‍ പോളിഷിന്റെ നിറംവരെ.

പ്രണയം അതിന്റെ ഉച്ചസ്ഥായിയില്‍ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. ഗീതുവിന്റെ വീട്ടില്‍ കാര്യം അവതരിപ്പിക്കണമല്ലോ. അതായിരുന്നു ജെയിംസിനും വിദ്യയ്ക്കുമുണ്ടായിരുന്ന റോള്‍. അങ്ങനെ എറണാകുളം ജില്ലയിലെ പിറവത്തെ ഗീതുവിന്റെ വീട്ടിലേക്ക് ജെയിംസും വിദ്യയും നിഖിലിന്റെ അമ്മയ്‌ക്കൊപ്പം എത്തി.

ഈ ഇഷ്ടം പറഞ്ഞതും അവര്‍ക്ക് താത്പര്യക്കുറവൊന്നുമുണ്ടായിരുന്നില്ല. അവര്‍ സമ്മതിച്ചു.

അങ്ങനെ നിഖിലിന്റെയും ഗീതുവിന്റെയും പ്രണയസാഫല്യം നിറവേറി. അടുത്തുതന്നെയുള്ള ശുഭ മുഹൂര്‍ത്തത്തില്‍ വിവാഹം നടന്നു.

” കുഞ്ഞൂട്ടി ” എന്നായിരുന്നു വിവേക് ഗീതുവിനെ വിളിച്ചിരുന്നത്.

പ്രണയമെന്നാല്‍ ഇതായിരുന്നു. ഇത്രത്തോളം ഒരു ഭാര്യയും ഭര്‍ത്താവും പ്രണയിച്ചിട്ടുണ്ടാവില്ല.
വിവാഹം കഴിഞ്ഞതിനുശേഷമായിരുന്നു അവര്‍ കൂടുതല്‍ പ്രണയിച്ചത്.

ജന്മദിനങ്ങളും, ആദ്യമായി കണ്ടതും, പ്രണയം തുറന്നുപറഞ്ഞതും, വിവാഹദിനവും, എല്ലാം അവര്‍ക്ക് ആഘോഷിക്കുവാനുള്ള കാരണങ്ങളായിരുന്നു.

ഈ ദിവസങ്ങളിലൊക്കെ സമ്മാനങ്ങള്‍ വാങ്ങാനും, അത് അയക്കുവാനുമെല്ലാം അവര്‍ ഓടി നടക്കുന്നതുകാണുമ്പോള്‍ ഏതൊരാള്‍ക്കും അസൂയ തോന്നുമായിരുന്നു.

നിഖിലിന്റെ വീട്ടിലെ ചുമരുകള്‍ക്കുപോലും അവരുടെ പ്രണയത്തിന്റെ സുഗന്ധമായിരുന്നു.
നിഖിലും ഗീതുവും അവരുടെ ജീവിതാവസാനം വരെ പ്രണയിക്കട്ടെ……

ഇതായിരുന്നു വിവേക് എഴുതിയ ആ ഡയറിക്കുറിപ്പിന്റെ അവസാന വരികള്‍.
ഗൗരി ആ ഡയറി അടച്ചുവെച്ചു.

എല്ലാവരും യാത്രയ്ക്കായി ഒരുങ്ങിയിറങ്ങിയിരുന്നു. വിവേകിന്റെയും ഗൗരിയുടേയും വിവാഹത്തിനുശേഷമുള്ള ആദ്യയാത്ര.

ആ സൗഹൃദക്കൂട്ടം തങ്ങളുടെ പ്രിയ സുഹൃത്തിനടുത്തേക്ക് പോവുകയാണ് ആ അമ്മയോടൊപ്പം…
കാര്‍ നീങ്ങിതുടങ്ങിയിരുന്നു.

”അമ്മേ എന്താണ് ഞങ്ങളുടെ നിഖിലിന് പറ്റിയത്…..” വിവേക് ആ അമ്മയോട് തിരക്കി. ആ കാറില്‍ മുഴുവന്‍ നിശബ്ദത പരന്നു… ഒരു വിങ്ങലോടെ ആ അമ്മ തന്റെ മകനെക്കുറിച്ച് പറഞ്ഞുതുടങ്ങി…

വിവേക് എഴുതി നിര്‍ത്തിയ ആ ഡയറിക്കുറിപ്പിന്റെ ബാക്കിപത്രമായിരുന്നു ആ അമ്മ പറഞ്ഞു തുടങ്ങിയത്.

ഭാഗം4
പ്രണയത്തിന്റെ ബാക്കിപത്രം.

നിഖിലിന്റെയും ഗീതുവിന്റെയും ജീവിതം ഏവര്‍ക്കും അസൂയയുളവാക്കുന്ന ഒന്നു തന്നെയായിരുന്നു.
അങ്ങനെയാണ് നിഖിലിന്റെ ഒരു ഒഴിവുകാലം വന്നത്. അവരുടെ ജീവിതത്തെ ആകെ മാറ്റി മറിച്ച സംഭവങ്ങളുടെ നിമിത്തമായിരുന്നു ആ ഒഴിവുകാലം.
എയര്‍പോര്‍ട്ടില്‍ ഗീതു കാത്തുനിന്നിരുന്നു. മുംബൈയില്‍ നിന്നും കൊച്ചിയിലേക്ക് വന്ന ഇന്‍ഡിഗോ ഫ്‌ലൈറ്റ് എയര്‍പോര്‍ട്ടില്‍ ലാന്റ് ചെയ്തു. എയര്‍പോര്‍ട്ടിന് വെളിയിലേക്കുവന്ന നിഖില്‍ ഗീതുവിനെ കെട്ടിപ്പിടിച്ച് കവിളില്‍ ചുംബിച്ചു.
”നിഖിയേട്ടാ…ഏട്ടനൊരുപാടങ്ങ് ക്ഷീണിച്ചു പോയല്ലോ…ഫുഡൊന്നും കഴിക്കുന്നില്ലേ…”കാറിനടുത്തേക്ക് നടക്കുന്നതിനിടയില്‍ ഗീതു നിഖിലിനോടായി ചോദിച്ചു . നിഖില്‍ ഗീതുവിന്റെ തോളില്‍ അമര്‍ത്തിപ്പിടിച്ചിട്ട് ചെറുതായൊന്ന് പുഞ്ചിരിച്ചു. അവര്‍ നേരെ പോയത് എയര്‍പോര്‍ട്ടിനടുത്തുള്ള റോയല്‍ കാസില്‍ എന്ന ഹോട്ടലിലേക്കായിരുന്നു. ഗീതു അതിനടുത്തുതന്നെയാണ് ജോലി ചെയ്യുന്നതും.

അവര്‍ ഹോട്ടലില്‍ എത്തി റൂമിലേക്കുനടന്നു. അവരുടെ ഇഷ്ടപ്പെട്ട ഒരു മുറിയുണ്ട് അവിടെ, റൂം നമ്പര്‍ മുന്നൂറ്റി രണ്ട്. ആ മുറിക്കൊരു പ്രത്യേകതയുണ്ട്, ആദ്യമായി വിവാഹത്തിനുശേഷം ഗുരുവായൂര്‍ ക്ഷേത്രത്തിലേക്കുവന്നപ്പോള്‍ താമസിച്ചിരുന്ന മുറിയായിരുന്നു അത്. പിന്നെ എപ്പോഴും ഗീതുവിനടുത്തേക്കുവരുമ്പോള്‍ നിഖില്‍ ആ മുറിയായിരുന്നു എടുത്തിരുന്നത്.

റൂമില്‍ വന്നുകയറിയതും ഗീതു നിഖിലിനെ കെട്ടിപ്പിടിച്ചു അധരത്തില്‍ ചുംബിച്ചു. നിഖില്‍ ഗീതുവിനെ പതിയെ പിടിച്ചു മാറ്റി.
”കുഞ്ഞൂട്ടി…ഏട്ടന് നല്ല ക്ഷീണം ഞാനൊന്ന് മയങ്ങട്ടെ…”
” അതിനെന്താ ഏട്ടാ ഉറങ്ങിക്കോളൂ…”

നിഖിലിന്റെ നെഞ്ചില്‍ തല ചേര്‍ത്തുവച്ച് അവന്റെ കൈയിലേക്ക് അവള്‍ കിടന്നു.

അടുത്ത പ്രഭാതം.
” നിഖിയേട്ടാ എന്തുപറ്റി…വന്ന സമയം മുതല്‍ ഒരു വല്ലാത്ത അവസ്ഥയില്‍, എന്ത് പറ്റിയേട്ടാ…” രാവിലെ കോഫി എടുത്ത് നിഖിലിന് കൊടുക്കുന്നതിനിടയില്‍ ഗീതു ചോദിച്ചു ..
അത് കേട്ടതും നിഖില്‍ പൊട്ടിക്കരഞ്ഞു.

”കുഞ്ഞുട്ടി, ഏട്ടന് ജോലി നഷ്ടമായി…ഇനി നമ്മളെങ്ങനെ ജീവിക്കും…”

”അതിനെന്താ ഏട്ടാ…നമുക്കടുത്തൊരു ജോലിക്ക് ശ്രമിക്കാലോ..ഏട്ടന്‍ വിഷമിക്കണ്ടാ… ഏട്ടന്റെ കുഞ്ഞൂട്ടിയുണ്ടല്ലോ കൂടെ വിഷമിക്കണ്ട..”
ഗീതു നിഖിലിനെ സമാധാനിപ്പിച്ചു.

ഗീതുവും നിഖിലും കൊല്ലത്തെ നിഖിലിന്റെ വീട്ടിലേക്കുവന്നു. ഗീതു പറഞ്ഞതനുസരിച്ച് അമ്മയോടൊന്നും നിഖില്‍ ഇക്കാര്യം പറഞ്ഞിരുന്നില്ല..

എല്ലാ തവണത്തേയും പോലെ ആ വീട്ടില്‍ സന്തോഷം അലയടിച്ചു നിന്നു.

ഒരു മാസം കഴിഞ്ഞു. നിഖിലിന്റെ ജോലിക്കുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു. പതുക്കെ കാര്യങ്ങളെല്ലാം വീട്ടില്‍ അമ്മയും അറിഞ്ഞു.

അങ്കമാലിയിലെ ക്ലിനിക്കില്‍ തിരക്ക് കൂടിയതുകൊണ്ടുതന്നെ മഞ്ഞപ്രയ്ക്കടുത്തുള്ള താബോര്‍ എന്ന സ്ഥലത്തുകൂടി മിയാമി ക്ലിനിക്ക് ആരംഭിച്ചു. ഗീതുവിനെ അങ്ങോട്ടേക്ക് സ്ഥലം മാറ്റുകയും ചെയ്തു.

അതിന് നിഖിലിന് താത്പര്യമില്ലായിരുന്നു പക്ഷേ അവസ്ഥ മറ്റൊന്നായതുകൊണ്ട് മനസ്സില്ലാമനസ്സോടെ അവന്‍ അത് സമ്മതിക്കുകയായിരുന്നു.
”ദാ..ഏട്ടാ പഴയതുപോലെ എപ്പോഴുമൊന്നും വിളിക്കാന്‍ പറ്റുകയില്ലാട്ടോ…ഞാന്‍ ഫ്രീയാകുമ്പോള്‍ വിളിക്കാം …..ഏട്ടന്‍ വിഷമിക്കണ്ടാ..ട്ടോ..” ഗീതു നിഖിലിനെ സമാധാനിപ്പിച്ചു.

സാമ്പത്തികമായി നിഖില്‍ ഏറെ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ജോലി തിരക്കി നടന്ന് പാദം തേഞ്ഞുപോയതല്ലാതെ ഒരു ജോലിയും അയാള്‍ക്ക് ലഭിച്ചിരുന്നില്ല…

മാനസികമായും നിഖില്‍ ഒരുപാട് തളര്‍ന്നിരുന്നു. ഗീതുവിന്റെ കോളും വരുന്നില്ലായിരുന്നു. ദിവസവും ഒരഞ്ചുമിനിട്ട് പോലും അവര്‍ക്ക് സംസാരിക്കുവാന്‍ കഴിയുമായിരുന്നില്ല. തിരക്ക് എന്നായിരുന്നു ഗീതു അയാളോട് പറഞ്ഞിരുന്നത്.

അങ്ങനെ ഒരു ദിവസം, നിഖില്‍ ഒരു ഇന്റര്‍വ്യൂ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. അപ്പോള്‍ത്തന്നെ ഗീതുവിനെ അയാള്‍ ഫോണില്‍ വിളിച്ചു.
അപ്പോള്‍ അവള്‍ മറ്റാരുമായോ സംസാരിക്കുവായിരുന്നു. പിന്നെയും കുറെ പ്രാവശ്യം ശ്രമിച്ചു. അപ്പോഴും അവള്‍ ആരോടോ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇവിടെയായിരുന്നു അവരുടെ ജീവിതത്തില്‍ വിള്ളല്‍ വീണ ആ ദിവസം. ഗീതു നിഖിലിനെ വിളിക്കുന്നുണ്ടായിരുന്നില്ല. പക്ഷേ നിഖിലിനത് കഴിയുന്നില്ലായിരുന്നു. അവളുടെ ശബ്ദം ഇല്ലാതെ നിഖിലിന് ഒരു ദിവസം കഴിച്ചു കൂട്ടുകയെന്നത് ചിന്തിക്കുവാന്‍ കഴിയില്ലായിരുന്നു. അയാള്‍ അവളോട് സംസാരിക്കുവാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. പക്ഷേ ഓരോ കാരണങ്ങള്‍ നിരത്തി ഗീതു അയാളില്‍ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു. നിഖിലത് അറിഞ്ഞിരുന്നില്ല.
എല്ലാ ദിവസവും ഗീതുവിന്റെ കോളിനുവേണ്ടി അയാള്‍ പ്രതീക്ഷയോടെ കാത്തിരുന്നു.

ദിവസങ്ങള്‍ കഴിഞ്ഞു .ഗീതു ഓരോ കാരണങ്ങള്‍ നിരത്തി അയാളില്‍ നിന്നും പൂര്‍ണ്ണമായും അകന്നിരുന്നു. അങ്ങനെയാണ് ഒരു ദിവസം നിഖിലിന് ഒരു കോള്‍ വരുന്നത്. നിഖിലിന്റെ ഒരു സുഹൃത്തായിരുന്നു അത്. ആ കോള്‍ വന്ന സമയം മുതല്‍ അയാള്‍ അസ്വസ്ഥനായിരുന്നു. അടുത്ത ദിവസം തന്നെ നിഖില്‍ അങ്കമാലിയിലേക്കുതിരിച്ചു.
ഇങ്ങനൊരു യാത്ര നിഖില്‍ സ്വപ്നം കണ്ടിട്ടു കൂടിയില്ലായിരുന്നു. നിഖിലിന്റെ സ്വപ്നങ്ങളെ വകഞ്ഞുമാറ്റി തീവണ്ടി അങ്കമാലിയിലേക്കുകുതിച്ചു.

അങ്കമാലി റെയില്‍വേസ്റ്റേഷനില്‍ നിഖിലിനേയും കാത്ത് ആ സുഹൃത്ത് നില്‍ക്കുന്നുണ്ടായിരുന്നു.
”അളിയാ ..നിനക്കീ അവസ്ഥ വന്നല്ലോടാ…ഇങ്ങനെയൊരവസ്ഥ ലോകത്തെ ഒരു ഭര്‍ത്താവിനും ഉണ്ടാകരുത്.”
ആ സുഹൃത്ത് നിഖിലിന്റെ തോളില്‍ തട്ടി പറഞ്ഞു. അവര്‍ കാറിനടുത്തേക്കുനടന്നു. ആ കാര്‍ ചെന്നുനിന്നത് കൊച്ചിയിലെ ഒരു ഹോട്ടലിന് മുന്നിലായിരുന്നു. അവര്‍ ആ ഹോട്ടലിനുള്ളിലേക്കുനടന്നു.

ലിഫ്റ്റ് കയറി ഒരു മുറിയുടെ വാതില്‍ക്കല്‍ അവര്‍ വന്നു നിന്നു. നിഖിലിന്റെ സുഹൃത്ത് കോളിംഗ് ബെല്ലടിച്ചു. ആ വാതില്‍ തുറന്ന് അകത്ത് നില്‍ക്കുന്നയാളിനെക്കണ്ട നിഖില്‍ ഞെട്ടിത്തരിച്ചു. അത് തന്റെ കുഞ്ഞൂട്ടിയായിരുന്നു. നിഖിലിനെ കണ്ടതും അവള്‍ ഡോര്‍ വലിച്ചടയ്ക്കാന്‍ ശ്രമിച്ചു . നിഖിലിനോടൊപ്പമുണ്ടായിരുന്ന സുഹൃത്ത് അതിനനുവദിച്ചില്ല. അയാള്‍ കതക് ബലമായി തള്ളി തുറന്ന് അകത്തുകയറി കൂടെ നിഖിലും. അവിടെ മുറിയില്‍ കട്ടിലില്‍ മറ്റൊരാള്‍. നിഖിലിനത് ഒട്ടും സഹിക്കാന്‍ പറ്റുന്ന ഒന്നായിരുന്നില്ല. അയാള്‍ കരഞ്ഞുകൊണ്ട് ദേഷ്യത്തോടെ ആ കട്ടിലില്‍ കിടന്നയാളുടെ മുകളിലേക്ക് ചാടി വീണു. ” നീയാരാടാ…” അയാളുടെ മുടിയില്‍ പിടിച്ചു വലിച്ച് കട്ടിലില്‍ നിന്നും അയാളെ വലിച്ച് താഴെയിട്ടു. നിഖില്‍ ഭ്രാന്തമായ ഒരവസ്ഥയിലേക്ക് എത്തിയിരുന്നു. ആരാണ് എന്ന ചോദ്യത്തിന് മറുപടി പറയാനാകാതെ അയാള്‍ തല കുമ്പിട്ടുനിന്നു.

”ഞാന്‍ പറഞ്ഞാല്‍ മതിയോ ഇതാരാണെന്ന്” ഗീതുവിന്റെ ശബ്ദം കേട്ട് ദയനീയമായി നിഖില്‍ അവളെ നോക്കി.
”കുഞ്ഞൂട്ടി” എന്ന ഒരു വിളി മാത്രമാണ് അയാളില്‍ നിന്നും പുറത്തുവന്നത്.

” നിഖിയേട്ടാ..ഇത് മിസ്റ്റര്‍ ജോണ്‍ എന്റെ ലവറാണ്..ഞങ്ങള്‍ കല്യാണം കഴിക്കാന്‍ പോവുകയാണ്. ഞങ്ങളെ വെറുതേ വിടണം….”

അതിശയത്തോടെ, അതിലേറെ നിസ്സഹായാവസ്ഥയോടെ ഗീതു പറഞ്ഞത് നിഖില്‍ കേട്ടുനിന്നു.

അയാള്‍ മിയാമിയുടെ സഹോദരസ്ഥാപനമായ എഞ്ചിനീയറിംഗ് കോളേജിന്റെ ഫിനാന്‍സ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് വര്‍ക്കുചെയ്യുന്നത് എന്ന് തന്റെ സുഹൃത്തില്‍ നിന്നും നിഖില്‍ അറിഞ്ഞു.

”കുഞ്ഞൂട്ടി ഹി ഈസ് എ ഫ്‌ലര്‍ട്ട്…ഹീ വില്‍ ചീറ്റഡ് യൂ..പ്ലീസ് കുഞ്ഞു …എന്റെ കൂടെ വാ…നീയില്ലാതെ ഞാനില്ല കുഞ്ഞൂട്ടി…. എല്ലാം ഞാന്‍ ക്ഷമിക്കാം എന്നെ തനിച്ചാക്കല്ലേ കുഞ്ഞൂട്ടി….എന്നോടൊപ്പം വാ കുഞ്ഞാ….’
കണ്ണുനീരോടെ നിഖില്‍ ഗീതുവിനോട് അപേക്ഷിച്ചു..

”നിഖിയേട്ടാ പ്ലീസ് ഗെറ്റ്ഔട്ട് ഫ്രം ഹിയര്‍. ജോണിനെ വിട്ട് എനിക്ക് വരാന്‍ പറ്റില്ല..” വാതില്‍ക്കലേക്ക് വിരല്‍ ചൂണ്ടി ഗീതു പറഞ്ഞു.

ലോകമെല്ലാം തലകീഴായ് മറിയുന്നതുപോലെ നിഖിലിനുതോന്നി. നിഖില്‍ ഒരു സൈഡിലേക്ക് മറിഞ്ഞു. അയാളുടെ സുഹൃത്ത് അയാളെ താങ്ങിപ്പിടിച്ചു റൂമിന് പുറത്തേക്കുനടന്നു. കണ്ണുകള്‍ അടയുമ്പോഴും റൂമിന്റെ വാതില്‍ ഗീതു അടയ്ക്കുന്നത് അയാള്‍ കണ്ടു.

ഭാഗം 5
കാത്തിരിപ്പ്…

കാര്‍ നിഖിലിന്റെ വീടിനടുത്തെത്തിയിരുന്നു. ആ അമ്മ പറഞ്ഞ കഥ കേട്ട് എല്ലാവരും കരയുന്നുണ്ടായിരുന്നു. വിവേകിന് ഇത് വിശ്വസിക്കാനേ കഴിയുന്നുണ്ടായിരുന്നില്ല. എല്ലാവരും മാതൃകയാക്കേണ്ടിയിരുന്ന ഒരു ജീവിതം ഇങ്ങനെയൊരു അവസ്ഥയിലേക്കുമാറിയത് ആര്‍ക്കും വിശ്വസിക്കാന്‍ കഴിയുന്ന ഒന്നായിരുന്നില്ല.

ഇനിയെന്താണ് ഈ വീട്ടില്‍ തങ്ങളെ കാത്തിരിക്കുന്നത്.

വീടിനു മുന്നിലെത്തി കാര്‍ നിന്നു. എല്ലാവരും ഇറങ്ങി. കാറിനടുത്തേക്ക് ഒരു പെണ്‍കുട്ടി ഓടി വന്നു.

” മക്കളേ ഇത് മോന്റെ കാര്യങ്ങളൊക്കെ നോക്കുന്ന ഒരു കുട്ടിയാണ് പേര് ഹരിത…”
അമ്മ അവളെ അവര്‍ക്ക് പരിചയപ്പെടുത്തി.

” എവിടെ നിഖില്‍?”
ഗൗരിയായിരുന്നു ആ കുട്ടിയോടങ്ങനെ ചോദിച്ചത്.
”വരൂ” അവരെ ഹരിത അകത്തെ ഒരു മുറിയിലേക്കുകൊണ്ടുപോയി.

വാതില്‍ തുറന്ന് എല്ലാവരും അകത്തുകയറി.
ആ മുറിയുടെ ഉള്ളില്‍ മുഴുവന്‍ ഗീതുവിന്റെ ഫോട്ടോകളായിരുന്നു. കട്ടിലില്‍ അവളുടെ വിവാഹസാരി വിരിച്ചിട്ടിരുന്നു. അലമാരയില്‍ മുഴുവന്‍ അവള്‍ അവന് വാങ്ങിക്കൊടുത്ത സമ്മാനങ്ങള്‍ അടുക്കിവെച്ചിരുന്നു. അവിടെ ആ മുറിയുടെ മൂലയില്‍ ഒരു കസേരയില്‍ നിഖില്‍ ഇരിക്കുന്നുണ്ടായിരുന്നു. വിവേക് അവനടുത്തേക്ക് ഓടിച്ചെന്നു.

”അളിയാ….അറിയുമോടാ എന്നെ”
നിഖിലിന് മുന്നില്‍ തറയില്‍ ഇരുന്ന് അവന്റെ മുഖത്തേക്കുനോക്കി വിവേക് ചോദിച്ചു.

” എന്റെ കുഞ്ഞൂട്ടിയെ കണ്ടോ നീ..”
ആ മുറിയുടെ മൂലയിലെ ശൂന്യതയിലേക്ക് വിരല്‍ ചൂണ്ടി നിഖില്‍ വിവേകിനോടായി ചോദിച്ചു..
വിവേകിന്റെ കണ്ണ് നിറഞ്ഞൊഴുകി.

ആ മുറിയില്‍ ഉണ്ടായിരുന്ന ഗീതുവിന്റെ ഫോട്ടോകളും അവള്‍ തന്ന സമ്മാനങ്ങളും ചൂണ്ടിക്കാട്ടി നിഖില്‍ ഓരോന്ന് പുലമ്പിക്കൊണ്ടിരുന്നു.

വിദ്യ, നിഖിലിരുന്ന കസേരയില്‍ കിടന്ന ഒരു പേപ്പര്‍ എടുത്തു. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

”എന്റെ പ്രണയം എനിക്ക് ചുറ്റുമുള്ള ശൂന്യതയോടാണ്. കാരണം അവിടെ നീയുണ്ട് നിന്റെ ഓര്‍മ്മകളുണ്ട്…”

വിദ്യയുടെ കണ്ണുനീര്‍ ആ പേപ്പറിലേക്കുവീണു.

ജെയിംസ് നിഖിലിന്റെ തോളില്‍ കൈവച്ചു അപ്പോഴും ഗീതുവിനെപ്പറ്റി ഓരോന്നുപുലമ്പുകയായിരുന്നു അയാള്‍.

”ഈ മുറിയിലെ ശൂന്യതയോട്, ഗീതുവിനോടെന്ന പോലെ സംസാരിക്കും…പിന്നെ ദാ ആ സാരി കെട്ടിപ്പിടിച്ച് കുറേനേരം കിടക്കും….രാത്രിയില്‍ മുഴുവന്‍ ഇരുന്ന് കരയും…വല്ലാത്ത ഒരവസ്ഥയാണ് നിഖിലിന്റെ ഇപ്പോഴത്തേത്….മരുന്നൊന്നും കഴിക്കില്ല….” ഹരിത എല്ലാവരോടുമായി പറഞ്ഞു.

അതുകേട്ടതും വിവേക് വന്നു നിഖിലിനെ കെട്ടിപ്പിടിച്ചു.
”’എന്റെ കുഞ്ഞൂട്ടി വന്നിട്ട് പോയാല്‍ മതി കേട്ടോ…”നിഖില്‍ ആരോടെന്നില്ലാതെ പുലമ്പിക്കൊണ്ടിരുന്നു. കണ്ണുകള്‍ ആ മുറിയിലെ എല്ലാ കോണുകളിലേക്കും അയാള്‍ പായിച്ചു കൊണ്ടിരുന്നു. വിവേക് അയാളെപ്പിടിച്ച് കസേരയില്‍ കൊണ്ടിരുത്തി. എന്നിട്ട് എല്ലാവരോടും പുറത്തിറങ്ങാന്‍ പറഞ്ഞു.
എല്ലാവരും പുറത്തിറങ്ങി.

”അവന്‍ മറ്റൊരു ലോകത്താണ്..അവിടെ അവന് അവന്റെ കുഞ്ഞൂട്ടി മാത്രമേയുള്ളൂ…എന്നെങ്കിലും ഒരിക്കല്‍ അവള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയാണവന്. അതാണ് ഇനി അവന്റെ ജീവിതവും. അവിടെ നമ്മളില്ല ആരുമില്ല..അവന്റെ ജീവിതം ആ പ്രതീക്ഷകളോടെ മുന്നോട്ട് പോകട്ടെ….”
വിവേക് എല്ലാവരോടുമായി പറഞ്ഞു.

ആ ചങ്ങാതിമാര്‍ തങ്ങളുടെ പ്രിയപ്പെട്ട സുഹൃത്തിനെ അവന്റെ ലോകത്ത് തനിച്ചാക്കി തിരിച്ച് പോവുകയാണ് . അവര്‍ക്ക് അവനോട് യാത്ര പറയാന്‍ പോലും സാധിക്കുന്നില്ലായിരുന്നു. അമ്മയോട് യാത്ര പറഞ്ഞ് അവര്‍ പിരിഞ്ഞു.

മാസങ്ങള്‍ക്കുശേഷം ഒരു ദിവസം വിവേകിന്റെ വീട്ടില്‍. കട്ടിലില്‍ വിവേകിന്റെ മടിയില്‍ കിടക്കുകയായിരുന്നു ഗൗരി.
” വിവേക് ആ കഥ എഴുതിയോ” ഗൗരി ചോദിച്ചു.

” ഇതുവരെയുള്ളത് എഴുതിയിട്ടുണ്ട്….അത് ഞാന്‍ പൂര്‍ണ്ണമാക്കിയില്ല….. കാരണം ഒരിക്കല്‍ ഞാന്‍ ഈ കഥ പൂര്‍ണ്ണമാക്കിയതായിരുന്നു. പക്ഷേ വീണ്ടും അവിടെ നിന്നും എനിക്ക് തുടങ്ങേണ്ടി വന്നു….എനിക്കുറപ്പാണ് ഗൗരി ഈ കഥ ഇനിയും തുടരും…..”ആ ഡയറി ഗൗരിയുടെ മുന്നില്‍ വിവേക് തുറന്നു. അവസാന വരികളിലൂടെ ഗൗരി കണ്ണോടിച്ചു.

”ഒരിക്കല്‍ യാഥാര്‍ത്ഥ്യമായ നിഖിലിന്റെ സ്വപ്നങ്ങള്‍ അവന് ഇന്ന് നഷ്ടമായി…ആ സ്വപ്നങ്ങള്‍ ഇനി അവന്റെ ലൈഫില്‍ ഉണ്ടാകുമോ എന്നറിയില്ല, എങ്കിലും അവന്‍ കാത്തിരിക്കുന്നു അവന്റെ കുഞ്ഞൂട്ടിയ്ക്കായ്… കാരണം അവന് അവള്‍ കനവിലെ മഴവില്ലായിരുന്നു. സ്വപ്നങ്ങളുള്ളിടത്തോളം ഒരിക്കലും മായാത്ത മഴവില്ല് …”

സ്‌നേഹപൂര്‍വ്വം
അഖില്‍ ശശിധരന്‍

PH.8129358332

shortlink

Related Articles

Post Your Comments


Back to top button