KeralaLatest News

ലൈസന്‍സില്ലാത്ത ട്രാവല്‍ ഏജന്‍സികള്‍ പൂട്ടിടാന്‍ നിയമോപദേശം തേടാനൊരുങ്ങി സര്‍ക്കാര്‍

മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഒട്ടാകെ 266 ട്രാവല്‍ ഏജന്‍സികള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്

തിരുവനന്തപുരം: ലൈസന്‍സില്ലാത്തെ നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രാവല്‍ ഏജന്‍സികള്‍ക്ക് പൂട്ടിടാന്‍ നിയമോപദേശം തേടാനൊരുങ്ങി സര്‍ക്കാര്‍. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ വിളിച്ച യോഗത്തിലാണ് തീരുമാനം. ഇതോടെ ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയുള്ള നടപടി വൈകും.

മോട്ടോര്‍ വാഹന വകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഒട്ടാകെ 266 ട്രാവല്‍ ഏജന്‍സികള്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തിനകം ലൈസന്‍സ് ഹാജരാക്കണമെന്നും ഇല്ലെങ്കില്‍ സ്ഥാപനം പൂട്ടുമെന്നായിരുന്നു ഗതാഗത വകുപ്പിന്റെ നോട്ടീസ്. എന്നാല്‍ ഒരാഴ്ച കഴിഞ്ഞിട്ടും പലരും നോട്ടീസിന് മറുപടി പോലും നല്‍കാത്ത സാഹചര്യത്തിലാണ് ഗതാഗത സെക്രട്ടറി, ഗതാഗത കമ്മീഷണര്‍ എന്നിവരെ മന്ത്രി യോഗത്തിന് വിളിച്ചത്.

ശക്തമായ നടപടികളെടുക്കും മുന്‍പ് നിയമവശങ്ങളെക്കുറിച്ച് വിശദമായ പരിശോധന വേണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. അല്ലെങ്കില്‍ ട്രാവല്‍ ഏജന്‍സികള്‍ കോടതിയെ സമീപിക്കാനിടയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ വിഷയത്തില്‍ നിയമ വകുപ്പിനോട് നിയമോപദേശം തേടാന്‍ യോഗത്തില്‍ തീരുമാനമായി.

ലൈസന്‍സിനുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയതിനെതിരെ ട്രാവല്‍ ഏജന്റുമാര്‍ ആരും പരാതിയുമായി മോട്ടോര്‍ വാഹന വകുപ്പിനെ സമീപിച്ചിട്ടുമില്ലെന്നും ജോയിന്റ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു. അതേസമയം പെര്‍മിറ്റ്ചട്ടം ലംഘിച്ച 1133 അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകള്‍ക്കെതിരെ ഇതുവരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. പിഴയിനത്തില്‍ 41,84000 രൂപയാണ് ഇതിലൂടെ ഖജനാവില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button