Latest NewsIndia

ശ്രീലങ്കയിലെ ചാവേറാക്രമണം, തൗഹീദ് ജമാ അത്തുമായി ബന്ധമുള്ള നിരവധി മലയാളികള്‍ തമിഴ്നാട്ടിൽ നിരീക്ഷണത്തിൽ

കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും യുവാക്കളെ തൗഹീദ് ജമാ അത്തിന്റെ ആശയത്തിലേക്ക് അടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സഹ്രാന്‍ ഹാഷ്മിന്റെ മലയാളത്തിലും തമിഴിലുമുള്ള വീഡിയോ ദൃശ്യങ്ങളാണ് തെരച്ചിലില്‍ നിന്ന് പിടിച്ചെടുത്തത്.

ചെന്നൈ: ശ്രീലങ്കയിലെ ചാവേറാക്രമണവുമായി ബന്ധപ്പെട്ട് തൗഹീദ് ജമാ അത്തുമായി ബന്ധമുള്ള 65ഓളം മലയാളികള്‍ തമിഴ്‌നാട്ടില്‍ നിരീക്ഷണത്തില്‍. മലയാളികള്‍ അടക്കം പങ്കെടുത്ത തൗഹീദ് ജമാഅത്തിന്റെ മധുരയിലെയും നാമക്കലിലെയും യോഗ വിവരങ്ങള്‍ എന്‍ഐഎക്ക് ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപകമായി എന്‍ഐഎ റെയ്ഡ് തുടരുകയാണ്. തെരച്ചിലില്‍ സഹ്രാന്‍ ഹാഷ്മിന്റെ വീഡിയോകള്‍ റെയ്ഡില്‍ പിടിച്ചെടുത്തിട്ടുണ്ട്.കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും യുവാക്കളെ തൗഹീദ് ജമാ അത്തിന്റെ ആശയത്തിലേക്ക് അടുപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന സഹ്രാന്‍ ഹാഷ്മിന്റെ മലയാളത്തിലും തമിഴിലുമുള്ള വീഡിയോ ദൃശ്യങ്ങളാണ് തെരച്ചിലില്‍ നിന്ന് പിടിച്ചെടുത്തത്.

കോയമ്പത്തൂര്‍, ചെന്നൈ എന്നിവടങ്ങളിലെ റെയ്ഡില്‍ നിന്നാണ് രേഖകള്‍ പിടിച്ചെടുത്തത്. കുംഭകോണത്ത് മലയാളികളെ അടക്കം ചോദ്യം ചെയ്ത വരികയാണ്.അതേസമയം, കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം പരിശോധന തുടരുകയാണ്. ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പിടിയിലായവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തുന്നത്. തിരുവള്ളൂര്‍ പൂനമല്ലിയില്‍ നിന്ന് തൗഹീദ് ജമാഅത്തുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റോഷന്‍ ഉള്‍പ്പടെയുള്ളവരെ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ചെന്നൈയ്ക്ക് സമീപം മന്നാടിയില്‍ നിന്ന് ഒരു ശ്രീലങ്കന്‍ സ്വദേശിയെയും കഴിഞ്ഞ ദിവസം തമിഴ്‌നാട് കസ്റ്റഡിയിലെടുത്തിരുന്നു.

ശ്രീലങ്കന്‍ സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന റിയാസ് അബൂബക്കറിനെ കൂടുതല്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലായിരുന്നു തമിഴ്‌നാട്ടിലെ റെയ്ഡ്. ദേശീയ അന്വേഷണ ഏജന്‍സിയുടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും ഉദ്യോഗസ്ഥര്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തിയത്. കുംഭകോണം, രാമനാഥപുരം, തഞ്ചാവൂര്‍ കാരയ്ക്കല്‍ അടക്കം എസ്ഡിപിഐയുടേയും പോപ്പുലര്‍ ഫ്രണ്ടിന്റെയും തൗഹീദ് ജമാഅത്തിന്റെ ഓഫീസുകളില്‍ മണിക്കൂറുകളോളം കഴിഞ്ഞ ദിവസം പരിശോധന നടന്നു.അതേസമയം, കേരളത്തില്‍ പുതുവത്സര രാവില്‍ കൊച്ചിയിലടക്കം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായി എന്‍ഐഎ അറസ്റ്റിലായ് റിയാസ് അബൂബക്കര്‍ മൊഴി നല്‍കിയിരുന്നു. സ്‌ഫോടന സാമഗ്രികള്‍ സംഘടിപ്പിക്കാന്‍ റിയാസിനോട് ഐഎസില്‍ ചേര്‍ന്നവര്‍ നിര്‍ദ്ദേശിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

ഐഎസില്‍ ചേരുന്നതിനായി കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും പോയവരാണ് ചാവേറാക്രമണം നടത്തണമെന്ന് തന്നോട് ആവശ്യപ്പെട്ടതെന്നാണ് റിയാസ് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇക്കാര്യം തനിക്കൊപ്പമുളളവരോട് പറഞ്ഞെങ്കിലും അവര്‍ അനുകൂലിച്ചില്ല. എന്നാല്‍ താന്‍ സ്വന്തം നിലയ്ക്ക് തയാറെടുപ്പുകള്‍ നടത്തി വരികയായിരുന്നു. ഐഎസില്‍ ചേര്‍ന്ന റാഷിദാണ് ബോംബ് നിര്‍മാണത്തിന് ആവശ്യമായ സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കണമന്ന് ആവശ്യപ്പെട്ടതെന്നും മൊഴിയിലുണ്ട്.ശ്രീലങ്കയിലെ സ്‌ഫോടന പരമ്പരയ്ക്ക് മൂന്ന് ദിവസം മുമ്ബ് കോയമ്പത്തൂരിലെത്തിയ അജ്ഞാതനെ കുറിച്ചും ദേശീയ അന്വേഷണ ഏജന്‍സി പരിശോധിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button