Latest NewsIndia

ദിവ്യാസ്പന്ദനയുടെ മാനനഷ്ടക്കേസില്‍ മലയാളം ചാനലിനും കന്നഡ ചാനലിനും വന്‍തുക പിഴ

ബംഗളൂരു•മാനഷ്ടക്കേസില്‍ നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യാ സ്പന്ദനയ്ക്ക് ഏഷ്യാനെറ്റും ഏഷ്യാനെറ്റിന്റെ കന്നഡ ചാനലായ സുവര്‍ണ ന്യൂസും 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന്‍ ഉത്തരവ്. 2013 ല്‍ ദിവ്യ ഫയല്‍ ചെയ്ത കേസില്‍ അഡിഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതി-7 ന്റെതാണ് വിധി.

2013 ല്‍ ഐ.പി.എല്‍ വാതുവെപ്പുമായി ബന്ധപ്പെട്ട് സുവര്‍ണ ന്യൂസ് സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളിലും പരിപാടികളിലും, വാതുവെയ്പ്പിൽ ദിവ്യ സ്പന്ദനയ്ക്ക് ബന്ധമുണ്ടെന്ന തരത്തിൽ പരാമര്‍ശമുണ്ടായി എന്ന് ചൂണ്ടിക്കാട്ടിയാണ് ദിവ്യ കോടതിയെ സമീപിച്ചത്. 2013 മേയ് 31 ന് സംപ്രേക്ഷണം ചെയ്ത വാര്‍ത്ത‍യില്‍ വാതുവെപ്പില്‍ രണ്ട് കന്നഡ നടിമാര്‍ക്ക് ബന്ധമുണ്ടെന്ന് പറഞ്ഞിരുന്നു. സ്പന്ദനയുടെ പേര് ചാനല്‍ പരാമര്‍ശിച്ചിരുന്നില്ലെങ്കിലും ചിത്രം പരിപാടിക്കിടെ കാണിച്ചിരുന്നു. ഇത് തനിക്ക് മാനനഷ്ടം ഉണ്ടാക്കിയതായി കാണിച്ചാണ് അവർ കോടതിയെ സമീപിച്ചത്.

മാച്ച് ഫിക്‌സിംഗുമായി ഒരു വിധത്തിലും ദിവ്യക്ക് ബന്ധമില്ലെന്ന് കോടതി കണ്ടെത്തി. ഇത് സംബന്ധിച്ച കേസിൽ ഒരിടത്തും ദിവ്യയുടെ പേര് പരാമർശിക്കപ്പെട്ടിട്ടില്ല. അതുകൊണ്ട് അവരുടെ പരാതിയിൽ കഴമ്പുണ്ടെന്ന് കോടതി കണ്ടെത്തി. തുടര്‍ന്നാണ് കോടതി വിധി പ്രഖ്യാപിച്ചത്.

സ്പോട്ട് ഫിക്സിംഗ്, മാച്ച് ഫിക്സിംഗ് തുടങ്ങിയ വിവാദങ്ങളിൽ ദിവ്യ സ്പന്ദനയുടെ പേര് പരാമർശിക്കുന്ന ഒരു വാർത്തയും നൽകരുതെന്നും ജഡ്ജി പാട്ടീൽ നാഗലിംഗന ഗൗഡ ഉത്തരവിൽ വ്യക്തമാക്കിയതായി പ്രമുഖ കോടതി വാർത്താ പോർട്ടലായ ബാര്‍ ആന്‍ഡ്‌ ബെഞ്ച് റിപ്പോർട്ട് ചെയ്യുന്നു.

ദിവ്യക്ക് വേണ്ടി അരിസ്ഥ ചെമ്പേഴ്സിലെ പ്രമോദ് നായര്‍ കോടതിയില്‍ ഹാജരായി. ഏഷ്യാനെറ്റിനും സുവര്‍ണ ന്യൂസിനും വേണ്ടി പൂവയ്യ ആന്‍ഡ്‌ കമ്പനിയാണ് ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button