KeralaLatest News

ദേശീയപാതാ വികസനം സ്റ്റേ ചെയ്ത സംഭവം രാഷ്ട്രീയ പകപോക്കലെന്ന് ആരോപണം; ഉടന്‍ ചര്‍ച്ച നടത്തും

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത 66 നാലുവരിയാക്കുന്ന പദ്ധതിയെ കേന്ദ്രസര്‍ക്കാര്‍ തടഞ്ഞ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്ന് കേരളം. ഇക്കാര്യത്തില്‍ ദേശീയപാത അതോറിറ്റി ചെയര്‍മാന്‍ എന്‍.എന്‍.സിന്‍ഹയുമായി മരാമത്തു വകുപ്പു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജി.കമലവര്‍ധന റാവു 13നു ചര്‍ച്ച നടത്തും. കാസര്‍കോട് ഒഴികെയുള്ള ജില്ലകളെ രണ്ടാം മുന്‍ഗണനാ പട്ടികയിലേക്കു മാറ്റിയ നടപടി തിരുത്തി സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ക്ക് അനുമതി നല്‍കണമെന്ന ആവശ്യമാണു കേരളം ഉന്നയിക്കുക.

കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് ഉള്‍പ്പെടെ നിര്‍ത്തിവയ്ക്കാനായിരുന്നു ദേശീയ പാത അരോറിറ്റിയുടെ ഉത്തരവ്. ഈ ജില്ലകളിലെ പാത വികസനം രണ്ടാം മുന്‍ഗണനാ പട്ടികയിലേക്കു മാറ്റിയതോടെ 2 വര്‍ഷത്തേക്കു തുടര്‍നടപടികളൊന്നും നടക്കില്ല. വിവിധ സംസ്ഥാനങ്ങളിലെ ദേശീയപാത വികസനപദ്ധതികളെ മുന്‍ഗണനാടിസ്ഥാനത്തില്‍ രണ്ടുതട്ടിലാക്കി തിരിച്ചിട്ടുണ്ട്.

കേരളത്തില്‍ കാസര്‍കോട് ജില്ലയിലെ തലപ്പാടി ചെങ്ങള, ചെങ്ങള നീലേശ്വരം പാതകള്‍ മാത്രമാണ് ഒന്നാം പട്ടികയിലുള്ളത്. ഇവയ്ക്കുള്ള 1600 കോടി രൂപ മാത്രമേ ഈ സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരില്‍നിന്നു ലഭിക്കൂ. സ്ഥലമേറ്റെടുപ്പു നടപടികള്‍ വടക്കന്‍ ജില്ലകളില്‍ 80 ശതമാനവും തെക്കന്‍ ജില്ലകളില്‍ 60 ശതമാനവും പൂര്‍ത്തിയായിരിക്കെയാണു പദ്ധതി സ്തംഭനത്തിലാകുന്നത്. ആകെ 1111 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.സ്ഥലമേറ്റെടുപ്പ് 2 വര്‍ഷം വൈകിയാല്‍ ഭൂമിയുടെ വില ഇനിയും വര്‍ധിക്കും. ഭൂമിവില കൂടുതലാണെന്ന പേരില്‍ കേരളത്തിനു ഫണ്ട് അനുവദിക്കാന്‍ കേന്ദ്രം നേരത്തേ തന്നെ തടസ്സവാദം ഉന്നയിച്ചിരുന്നു.

സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്നാണു കേന്ദ്ര റോഡ് ഉപരിതല ഗതാഗത മന്ത്രാലയം ഈ തീരുമാനമെടുത്തതെന്നാണു വിലയിരുത്തല്‍. കേരളത്തില്‍ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ടു വര്‍ഷങ്ങളായി മുടങ്ങിക്കിടന്ന വികസനം ഇപ്പോള്‍ അതിവേഗം മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെടും. എന്‍എച്ച്എഐയുടെ ഉത്തരവ് വന്നതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഉറപ്പു ലഭിച്ചിരുന്നു. അതേസമയം സംസ്ഥാനത്തു ദേശീയപാതാ വികസനം സ്തംഭിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം പ്രതിഷേധാര്‍ഹമാണെന്നും കേരളത്തെ എല്ലാ രീതിയിലും വരിഞ്ഞുമുറുക്കി രാഷ്ട്രീയ പകപോക്കലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button