Latest NewsUAEGulf

ദുബായില്‍ പ്രവാസികളായ മൂന്ന് സഹോദരന്‍മാര്‍ക്ക് ജയില്‍ ശിക്ഷ

ദുബായ് : സിനിമാ കഥയെ പോലും വെല്ലുന്ന സംഭവമാണ് ദുബായില്‍ അന്നു നടന്നത്. തങ്ങളുടെ പ്രിയസഹോദരനെ ദുബായിലെ വ്യവസായി കൊലപ്പെടുത്തിയതിനുള്ള പ്രതികാരത്തിനായി അവര്‍ മൂന്ന് പോരും കാത്തിരുന്നത് 12 വര്‍ഷമായിരുന്നു. സഹോദരനെ കൊലപ്പെടുത്തിയ വ്യവസായിയെ അവര്‍ 12 വര്‍ഷത്തിനു ശേഷം ദുബായിലെത്തി കൊലപ്പെടുത്തി. കേസില്‍ മൂന്നു പാക്കിസ്ഥാന്‍ സ്വദേശികള്‍ക്കെതിരായ ശിക്ഷ കോടതി വിധിച്ചു. 32, 30, 46 വയസ്സുള്ള മൂന്ന് പാക്ക് സ്വദേശികള്‍ക്ക് ജീവപര്യന്തം ശിക്ഷയാണ് കോടതി വിധിച്ചത്. ശിക്ഷാകാലവധി പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്താനും ഉത്തരവില്‍ വ്യക്തമാക്കുന്നു. പാക്ക് സ്വദേശികളില്‍ ഒരാളുടെ സഹോദരനെ വ്യവസായി 2005ല്‍ കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ പകയാണ് 12 വര്‍ഷത്തിനുശേഷം സഹോദരനും സംഘവും ചേര്‍ന്ന് നടത്തിയത്. ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട വ്യക്തി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികള്‍ ദുബായില്‍ എത്തിയത്.

2017ല്‍ ആണ് വ്യവസായി ദുബായിലുള്ള കാര്യം പ്രതികളെ അറിയിച്ചത്. 32 വയസ്സുള്ള പാക്ക് സ്വദേശിയുടെ സഹോദരനെയാണ് വ്യവസായി 2005ല്‍ കൊലപ്പെടുത്തിയത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു സ്ത്രീയാണ് യുവാവിനെ ഫെയ്‌സ്ബുക്ക് വഴി ബന്ധപ്പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തന്റെ ഭര്‍ത്താവുമായി ബന്ധപ്പെടാനും യുവതി പറഞ്ഞുവെന്നാണ് കോടതി രേഖകള്‍ പറയുന്നത്. 32 വയസ്സുള്ള യുവാവ് സ്ത്രീയുടെ നിര്‍ദേശമനുസരിച്ച് അവരുടെ ഭര്‍ത്താവുമായി ബന്ധപ്പെടുകയും വ്യവസായിയുടെ നീക്കങ്ങള്‍ ചോദിച്ചു മനസിലാക്കുകയും ചെയ്തു. ഒപ്പം ഇയാള്‍ എവിടെയാണ് താമസിക്കുന്നതെന്നും എന്തെല്ലാം പ്രവര്‍ത്തിയാണ് ചെയ്യുന്നതെന്നും മനസ്സിലാക്കി.

തുടര്‍ന്ന്, മറ്റു രണ്ടു പേരെയും ഒപ്പം കൂട്ടി (30, 46 വയസ്സ് പ്രായമുള്ള മറ്റുപ്രതികള്‍) ദുബായിലേക്ക് വരികയായിരുന്നു. സഹോദരനെ കൊന്ന വ്യക്തിയോട് പകരം ചോദിക്കുന്നതിനായിരുന്നു ഈ വരവ്. കൃത്യം നടത്തിയ ഡിസംബര്‍ ഏഴിന് സംഘം ഒരു കാര്‍ വാടകയ്‌ക്കെടുക്കുകയും വ്യവസായിയുടെ പിന്നാലെ പോവുകയും ചെയ്തു. തുടര്‍ന്ന്, അല്‍ ഖുഹാസിലെ പാര്‍ക്കിങ് ഏരിയയില്‍ വച്ച് കത്തിയും ചുറ്റികയും ഉപയോഗിച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കോടതി രേഖകള്‍ പറയുന്നത്. പ്രതികള്‍ കൃത്യം നടത്തുന്നത് നേരില്‍ കണ്ട ഇന്ത്യക്കാരനായ ദൃക്‌സാക്ഷിയാണ് വിവരം പുറത്തെത്തിച്ചത്. പ്രതികളില്‍ രണ്ടു പേര്‍ പാര്‍ക്കിങ് ഏരിയയില്‍ നിന്നും രക്ഷപ്പെടുന്നതും വ്യവസായി തറയില്‍ കിടക്കുന്നതും കണ്ട ഇയാള്‍ പൊലീസിനെ വിളിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button