KeralaLatest News

ചക്ക കൊണ്ട് എന്തൊക്കെയുണ്ടാക്കാം; പരീശീലനവുമായി കൃഷി വിജ്ഞാന കേന്ദ്രം

 

പത്തനംതിട്ട: ചക്ക കൊണ്ട് എന്തുണ്ടാക്കാം? ഇനി ഈ ചോദ്യത്തിന് പ്രസക്തിയില്ല. ചക്കകൊണ്ട് എന്താണ് ഉണ്ടാക്കാന്‍ കഴിയാത്തത് എന്ന് നാം കണ്ടെത്തേണ്ടിയിരിക്കുന്നു. സംസ്ഥാന ഫലമായ ചക്കയുടെ മൂല്യവര്‍ധനയ്ക്കുള്ള സാങ്കേതിക വിദ്യാപരിശീലനം നല്‍കുകയാണിപ്പോള്‍ പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിമൂന്ന് സംരംഭകര്‍ക്കാണ് അഞ്ചുദിവസത്തെ പരിശീലനം നല്‍കിയത്.

ചക്കയെന്ന ഫലത്തില്‍നിന്ന് എന്തൊക്കെയുണ്ടാക്കാമെന്ന് ചോദിച്ചാല്‍ ഉല്‍പന്നങ്ങളുടെ നീണ്ടനിരതന്നെ നിരത്താനാകും എന്നാണ് കെ.വി.കെ ഉദ്യോഗസ്ഥര്‍ പറയുന്നത്. പക്ഷേ അവശ്യവസ്തുക്കളുടെ ലഭ്യത വര്‍ഷത്തില്‍ മൂന്നുമാസമായി ചുരുങ്ങുന്നുവെന്നതാണ് ചക്കയുപയോഗിക്കുന്ന വ്യാവസായിക സംരംഭങ്ങള്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിനുള്ള പരിഹാരമാണ് ചക്കയുടെ ശാസ്ത്രീയ സംസ്‌കരണവും ശേഖരണവും. സീസണില്‍ പരമാവധി ചക്ക സംസ്‌കരിച്ച് സൂക്ഷിക്കുന്നതിനുള്ള പരിശീലനമാണ് കെ.വി.കെയില്‍നിന്ന് സംരംഭകര്‍ക്ക് നല്‍കിയത്. പച്ചയ്ക്കും പഴമായും ചക്ക സൂക്ഷിക്കുന്നതിനുള്ള നിര്‍ജലീകരണ വിദ്യയ്ക്കായിരുന്ന പരിശീലനത്തില്‍ പ്രാമുഖ്യം. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ചക്ക മുറിക്കുന്നതുമുതല്‍, അരിയുന്നതിനും, നിയന്ത്രിത പാകം ചെയ്യലും, നിര്‍ജലീകരണത്തിനുമെല്ലാമുള്ള പരിശീലനം പദ്ധതിയുടെ ഭാഗമായിരുന്നു. ഡ്രൈയര്‍, പാക്കിങ് സംവിധാനം എന്നിവയിലും പരിശീലനം നല്‍കി.

സംസ്ഥാനത്തിന് പുറത്ത് ഈ സാങ്കേതികവിദ്യാ കൈമാറ്റത്തിന് ഒരുലക്ഷം രൂപവരെ ഈടാക്കുന്ന സാഹചര്യത്തിലാണ് കെവികെ സംരംഭകര്‍ക്ക് സൗജന്യമായി പരിശീലനം നല്‍കിയതെന്നത് ഏറെ ശ്രദ്ധേയമാണ്. യൂണിറ്റ് ആരംഭിക്കുന്നതുവരെ എല്ലാവിധ സാങ്കേതിക പിന്തുണയും കെ.വി.കെ ലഭ്യമാക്കും. സംസ്‌കരിച്ചെടുത്ത ചക്കയുപയോഗിച്ച് ഭക്ഷ്യോല്‍പന്നങ്ങളുണ്ടാക്കുന്നതിനുള്ള അവസരവും പരിശീലനത്തിനെത്തിയവര്‍ക്ക് ലഭിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button