Latest NewsKuwaitGulf

നഴ്‌സുമാരുടെ നിയമന രീതിയില്‍മാറ്റം വരുന്നു; സ്ഥിരം നിയമനം ഉണ്ടാകില്ലെന്ന് സൂചന

കുവൈത്ത് സിറ്റി : കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിലേക്കുള്ള നഴ്സുമാരുടെ നിയമന രീതിയില്‍ മാറ്റം വരുത്താന്‍ അധികൃതര്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. സ്ഥിരം നിയമനത്തിന് പകരം കുറഞ്ഞ കാലത്തേക്ക് കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനമാണ് മന്ത്രാലയം പരിഗണിക്കുന്നത്. ജാബിര്‍ ആശുപത്രി ഉള്‍പ്പെടെ അടുത്തിടെ തുറന്നതും ഇപ്പോള്‍ നിര്‍മാണവും നവീകരണവും നടക്കുന്നതുമായ ആതുരാലയങ്ങളിലേക്ക് നിരവധി നഴ്‌സുമാരെ ആവശ്യമാണ്. സബാഹ് ആശുപത്രി നവീകരണം ജൂലൈയിലും അദാന്‍ ആശുപത്രി വികസനം 2020 ഏപ്രിലിലും പൂര്‍ത്തിയാവും. ഇന്‍ഷുറന്‍സ് ആശുപത്രിയും 2020ല്‍ പൂര്‍ത്തിയാവുമെന്നാണ് കരുതുന്നത്. ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നിരവധി ക്ലിനിക്കുകളും വരുന്നുണ്ട്.

നഴ്‌സുമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചാല്‍ സേവനാനന്തര ആനുകൂല്യങ്ങള്‍ നല്‍കേണ്ടിവരില്ല എന്നതാണ് അധികൃതര്‍ കാണുന്ന നേട്ടം. വിദേശ നഴ്‌സുമാരില്‍ പലരും നാലോ അഞ്ചോ വര്‍ഷത്തെ സേവനത്തിന് ശേഷം കാനഡ, ഓസ്‌ത്രേലിയ തുടങ്ങിയിടങ്ങളിലേക്ക് മാറിപ്പോകുന്നതും അധികൃതരെ പുനരാലോചനക്ക് പ്രേരിപ്പിച്ചിട്ടുണ്ട്. കുവൈത്തിലെ സേവനം പരിശീലനകാലമായി പ്രയോജനപ്പെടുത്താനാണ് വിദേശി നഴ്‌സുമാര്‍ ശ്രമിക്കുന്നതെന്നാണ് മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.
ഇവിടങ്ങളിലേക്കുള്ള ആയിരക്കണക്കിന് ഒഴിവുകളില്‍ ഹ്രസ്വകാല കരാര്‍ നിയമനത്തിന് ഊന്നല്‍ നല്‍കിയുള്ള പുതിയ നയം നടപ്പാക്കിയാല്‍ മലയാളികള്‍ ഉള്‍പ്പെടെയുളള തൊഴിലന്വേഷകര്‍ക്ക് വന്‍ തിരിച്ചടിയാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button