
ന്യൂഡല്‍ഹി : തീരദേശ മേഖലാ ചട്ടം ലംഘിച്ചു എറണാകുളം ജില്ലയിലെ മരട് മുനിസിപ്പാലിറ്റിയില്‍ നിര്‍മിച്ച ഫ്‌ലാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിച്ചു നീക്കണമെന്നു നിര്‍ദേശിക്കുമ്പോഴും അത് ആരുടെ ചുമതലയെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നില്ല. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് കഴിഞ്ഞ 8 നു നല്‍കിയ ഉത്തരവിന്റെ പകര്‍പ്പ് ഇന്നലെ കോടതി വെബ്‌സൈറ്റിലൂടെ പരസ്യപ്പെടുത്തിയിരുന്നു. എന്നാല്‍ അതിലൊന്നും ആരാണ് ഇത് പൊളിച്ചുമാറ്റേണ്ടതെന്നു വ്യക്തമാക്കിയിട്ടില്ല എന്നതാണ് ഈ പ്രശ്‌ന സ്തംഭനത്തിന് കാരണം. കൂടാതെ ചട്ടം ലംഘിച്ചു കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും അക്കാര്യം മറച്ചുവെച്ച് വില്‍പ്പന നടത്തുകയും ചെയ്യുന്നവരില്‍ നിന്ന് നഷ്ടപരിഹാരവും പിഴയും ഈടാക്കാനുള്ള നിയമം നിര്‍മിക്കേണ്ടത് അത്യാവശ്യമെന്ന് നിയമ വിദഗ്ധര്‍ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു.
ഉത്തരവു നല്‍കുന്ന ദിവസം മുതല്‍ ഒരു മാസത്തിനകം കെട്ടിടം പൊളിച്ചുനീക്കി, ഉത്തരവു നടപ്പാക്കിയതായി റിപ്പോര്‍ട്ട് നല്‍കണമെന്നു മാത്രമാണ് നിര്‍ദേശമായി പറഞ്ഞിരിക്കുന്നത്. ഹര്‍ജി നല്‍കിയതു സംസ്ഥാന തീരദേശ മേഖലാ മാനേജ്‌മെന്റ് അതോറിറ്റിയാണ്, പ്രധാന എതിര്‍കക്ഷി മരട് മുനിസിപ്പാലിറ്റിയും. കേസില്‍ ഉന്നയിച്ച വിഷയം പരിശോധിക്കാന്‍ തദ്ദേശ ഭരണ വകുപ്പ് (റൂറല്‍) സെക്രട്ടറി, ജില്ലാ കലക്ടര്‍, മുനിസിപ്പല്‍ സെക്രട്ടറി എന്നിവരുടെ സമിതിയെ കഴിഞ്ഞ നവംബര്‍ 27ന് സുപ്രീം കോടതി നിയോഗിച്ചിരുന്നു. ഇവരുടെ അന്വേഷണ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കിയാണ് കെട്ടിടം പൊളിക്കാന്‍ നിര്‍ദ്ദേശിക്കുന്നതെന്ന് ഉത്തരവില്‍ പറയുന്നു. തീരദേശ മേഖലാ ചട്ടത്തിന്റെ അടിസ്ഥാനത്തില്‍ സിആര്‍സെഡ് 3 ലാണോ നിര്‍മാണപ്രദേശം ഉള്‍പ്പെടുന്നത് എന്ന പ്രശ്‌നം മാത്രമാണ് തീരുമാനിക്കാന്‍ ഇണ്ടായിരുന്നതെന്നു കോടതി വ്യക്തമാക്കി.
അന്വേഷണ സമിതിയുടെ കണ്ടെത്തല്‍ ഇങ്ങനെ: 1996ല്‍ അംഗീകരിച്ച തീരദേശ മേഖലാ മാനേജ്‌മെന്റ് പ്ലാനാണ് ബാധകമാകുന്നത്. ആ പ്ലാന്‍ അനുസരിച്ച് മരടിനെ പഞ്ചായത്തായും നിര്‍ദിഷ്ട പ്രദേശം സിആര്‍സെഡ് 3ല്‍ പെടുന്നതായുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2010ല്‍ മരട് മുനിസിപ്പാലിറ്റിയായി.. അതുകൊണ്ട് 2011ലെ സിആര്‍സെഡ് വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരട് രൂപരേഖയില്‍ പ്രദേശം സിആര്‍സെഡ് 2 ലാണ്. പുതിയ കരട് രൂപരേഖ കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി നല്‍കിയിരിക്കുകയാണ്. അതിന് അംഗീകാരം ലഭിക്കുംവരെയും 1996ലേതിന് സാധുതയുണ്ട്.’നിര്‍മാണം നടന്ന സമയത്ത് പ്രദേശം സിആര്‍സെഡ് 3 ലായിരുന്നുവെന്നു വ്യക്തമാണെന്ന് കോടതി വിശദീകരിച്ചു. വേലിയേറ്റ മേഖലയില്‍നിന്ന് 200 മീറ്റര്‍വരെ വികസന നിരോധിത പ്രദേശമാണെന്ന് 1991 ഫെബ്രുവരി 19 ലെ വിജ്ഞാപനം വ്യക്തമാക്കുന്നു.
കൊച്ചിയിലെ മരട് നഗരസഭയില്‍ തീരമേഖലാ ചട്ടം ലംഘിച്ച ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഒരു മാസത്തിനകം പൊളിക്കണമെന്ന സുപ്രീം കോടതി വിധിയോടെയാണ് സമാനമായ കേസുകള്‍ ഉയര്‍ന്നുവരുന്നത്. വിധി നടപ്പിലാക്കേണ്ടി വന്നാല്‍ 350 ഫ്ലാറ്റ് ഉടമകളാണ് കനത്ത വില നല്‍കേണ്ടിവരിക. ഇവരെല്ലാം നിയമലംഘനം അറിയാതെ ആയുസ്സിലെ സമ്പാദ്യം മുഴുവന്‍ കെട്ടിട നിര്‍മാതാവിനു നല്‍കി ഫ്ലാറ്റുകള്‍ സ്വന്തമാക്കിയവരും.തീര നിയമം ലംഘിച്ചു പണിത ഫ്ലാറ്റ് പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെതിരെ ഹോളി ഫെയ്ത്ത് എച്ച്ടുഒ അപ്പാര്‍ട്മെന്റിലെ ഫ്ലാറ്റ് ഉടമകള്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കാന്‍ തീരുമാനിച്ചു. ഗോള്‍ഡന്‍ കായലോരം ഫ്ലാറ്റ് ഉടമകള്‍ ഹര്‍ജി നല്‍കാന്‍ നേരത്തേ തീരുമാനിച്ചിരുന്നു. വ്യക്തികള്‍ പ്രത്യേകമായാണ് ഹര്‍ജി നല്‍കുക. എച്ച്ടുഒ ഫ്ലാറ്റ് ഉടമകളായ മേജര്‍ രവി, ഷംസുദീന്‍ കരുനാഗപ്പിള്ളി എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ വിഷയം സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധയില്‍ പെടുത്താനും തീരുമാനിച്ചു.
Post Your Comments