Latest NewsIndia

റോഡ് ഷോയില്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് സിആര്‍പിഎഫ് ജവാന്‍ കാരണമെന്ന് അമിത്ഷാ, ബംഗാളില്‍ പരസ്യപ്രചാരണം വെട്ടിക്കുറച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡല്‍ഹി: സിആര്‍പിഎഫ് ജവാന്‍ കാരണമാണ് താന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും അയാളില്ലായിരുന്നെങ്കില്‍ മാരകമായി പരിക്കേല്‍ക്കുമായിരുന്നു എന്നും ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത്ഷാ. കൊല്‍ക്കത്തയില്‍ ഇന്നലെ ബിജെപിയുടെ റോഡ്‌ഷോയില്‍ അക്രമമുണ്ടായ സംഭവത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണം ഉയര്‍ത്താനും അദ്ദേഹം മടിച്ചില്ല.അതെ സമയം പശ്ചിമബംഗാളില്‍ അസാധാരണമായ നടപടിയുമായി തെരഞ്ഞടുപ്പ് കമ്മീഷന്‍. ബംഗാളിലെ പരസ്യപ്രചാരണത്തിന്റെ ഒരു ദിവസം വെട്ടിക്കുറച്ചു.

ഇതോടെ ബംഗാളില്‍ പരസ്യപ്രചാരണം നാളെ രാത്രി പത്തുമണിക്ക് അവസാനിക്കും. വ്യാപക ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.മമതാബാനര്‍ജിയും തൃണമൂല്‍ കോണ്‍ഗ്രസുമാണ് അക്രമം നടത്തിയത്. ബംഗാള്‍ എന്ന ഒരു സംസ്ഥാനത്ത് നിങ്ങള്‍ക്ക് വെറും 42 സീറ്റേയുള്ളൂ. മറ്റെല്ലാ സംസ്ഥാനത്തും ബിജെപി മത്സരിക്കുന്നുണ്ട്. ബംഗാളില്‍ മാത്രം ബിജെപിയ്‌ക്കെതിരേ അക്രമം ഉണ്ടാകുന്നുണ്ടെങ്കില്‍ അതിന് കാരണം തൃണമൂല്‍ കോണ്‍ഗ്രസാണ്. ബിജെപി അദ്ധ്യക്ഷന്‍ പറഞ്ഞു. ഈ സംഭവം ബംഗാളില്‍ തൃണമൂലിന്റെ കൗണ്ട്ഡൗണാണെന്ന് മുന്നറിയിപ്പും നല്‍കി.

ഇവിടെ രാഷ്ട്രപതി ഭരണം ആവശ്യമില്ല. അവരുടെ ഭരണം ജനങ്ങള്‍ തന്നെ അവസാനിപ്പിച്ചുകൊള്ളും. മെയ് 23 ന് ശേഷം മമതാദീദിയുടെ ദിവസങ്ങള്‍ എണ്ണിത്തുടങ്ങുമെന്നും അമിത് ഷാ പറഞ്ഞു. കൊല്‍ക്കത്തയിലെ കോളേജ് സ്ട്രീറ്റിലൂടെ റോഡ്‌ഷോ നടത്തുമ്പോള്‍ ബിജെപി റാലി അക്രമിക്കപ്പെട്ടിരുന്നു.രാമായണത്തിലെ സൂക്തങ്ങള്‍ എഴുതിയ കൊടിയേന്തിയ ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം എട്ടു കിലോമീറ്ററാണ് അമിത്ഷാ റോഡ്‌ഷോ നടത്തിയത്. എന്നാല്‍ കല്‍ക്കട്ട, വിദ്യാസാഗര്‍ യൂണിവേഴ്‌സിറ്റിക്ക് പുറത്ത് നിന്നുള്ള പ്രവര്‍ത്തകര്‍ ‘അമിത്ഷാ ഗോ അവേ’ എന്ന പോസ്റ്ററുകള്‍ പിടിച്ചായിരുന്നു തൃണമൂൽ ഗുണ്ടകളുടെ ആക്രമണം.

റോഡ്‌ഷോയിലേക്ക് തള്ളിക്കയറിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ കല്ലേറു നടത്തിയെന്നും തന്റെയും നരേന്ദ്രമോഡിയുടെയും പോസ്റ്ററുകള്‍ വലിച്ചു കീറിയെന്നും പറഞ്ഞ അമിത് ഷാ ബിജെപി ബംഗാളിലെ 23 സീറ്റുകളിലും വിജയം നേടുമെന്നും പറഞ്ഞു. തൃണമൂല്‍ അക്രമത്തിന്റെ എഞ്ചിനീയര്‍മാരാണെന്ന് ആക്ഷേപിച്ച ഷാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കാലത്ത് 60 ബിജെപിക്കാരാണ് കൊല്ലപ്പെട്ടതെന്നും ചൊവ്വാഴ്ചത്തെ അക്രമം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണെന്നും പറഞ്ഞു.തെരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയത് മുതല്‍ ബംഗാളില്‍ അക്രമമാണ്.

അതേസമയം ഇതുവരെ കണ്ടിട്ടില്ലാത്ത വിധമുള്ള റാലിയാണ് കൊല്‍ക്കത്തയില്‍ ബിജെപി നടത്തിയത്. കാവി ബലൂണിനാല്‍ വഴി മുഴുവന്‍ അലങ്കരിച്ചിരുന്നു. ശ്രീരാമന്റെയും ലക്ഷ്മണന്റെയും ഹനുമാന്റെയും വേഷധാരികള്‍ ജയ് ശ്രീറാം വിളികള്‍ മുഴക്കി. 10,000 കിലോ ചെണ്ടുമല്ലിപ്പൂവിതളാണ് പരിപാടിക്കായി ഒഴുക്കിയത്. അതെ സമയം ഭരണഘടനയുടെ പ്രത്യക അധികാരം ഉപയോഗിച്ചാണ് തെരഞ്ഞടുപ്പ് കമ്മീഷന്റെ നടപടി. മറ്റന്നാള്‍ വൈകീട്ടാണ് പരസ്യപ്രചാരണം അവസാനിക്കേണ്ടിയിരുന്നത്.

രാജ്യത്ത് ആദ്യമായാണ് തെരഞ്ഞടുപ്പ് കമ്മീഷന്‍ പരസ്യപ്രചാരണം ഇത്തരത്തില്‍ വെട്ടിക്കുറയ്ക്കുന്നത്. അവസാനഘട്ട തെരഞ്ഞടുപ്പില്‍ 9 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞടുപ്പ്. റോഡ് ഷോയ്ക്കിടെ വ്യാപകമായ ആക്രമണമാണ് അരങ്ങേറിയത്. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ഏറ്റുമുട്ടുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button