Latest NewsUAE

വിമാനയാത്രയ്ക്കിടെ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം അബുദാബിയില്‍ കുടുങ്ങി

അബുദാബി:വിമാനത്തില്‍ മരിച്ച ഇന്ത്യക്കാരന്റെ മൃതദേഹം അബുദാബിയില്‍ കുടുങ്ങി. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അധികൃതര്‍ ക്ലിയറന്‍സ് നല്‍കാന്‍ വിസമ്മതിച്ചതിനെ തുടർന്നാണ് മൃതദേഹം നാട്ടിലെത്തിക്കാനാകാത്തത്. കഴിഞ്ഞ ദിവസം ദില്ലിയില്‍ നിന്ന് ഇറ്റലിയിലെ മിലാനിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ വെച്ച് മരിച്ച രാജസ്ഥാന്‍ സ്വദേശി കൈലേശ് ചന്ദ്ര സൈനിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമിച്ചപ്പോഴാണ് അധികൃതര്‍ ക്ലിയറന്‍സ് നല്‍കാതിരുന്നത്.

ദില്ലിയില്‍ നിന്ന് മിലാനിലേക്കുള്ള അലിറ്റാലിയ എയര്‍ലൈന്‍സ് വിമാനം യുഎഇയുടെ വ്യോമാതിര്‍ത്തിക്കുള്ളില്‍ ആയിരുന്നപ്പോഴാണ് കൈലേശ് ചന്ദ്ര സൈനി മരിച്ചത്. മകന്‍ ഹീര ലാലും ഈ സമയം ഒപ്പമുണ്ടായിരുന്നു. തുടര്‍ന്ന് വിമാനം എമര്‍ജന്‍സി ലാന്റിങിനുള്ള അനുമതി തേടുകയും അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറക്കുകയും ചെയ്തു. ഇവിടെ നിന്ന് മഫ്റഖ് ആശുപത്രിയിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. ചൊവ്വാഴ്ച തന്നെ മരണസര്‍ട്ടിഫിക്കറ്റ് ലഭിച്ചു.

ഇന്നലെ രാവിലെ ഇത്തിഹാദ് വിമാനത്തില്‍ മൃതദേഹം ദില്ലിയിലേക്ക് കൊണ്ടുപോകാന്‍ സാമൂഹിക പ്രവര്‍ത്തകര്‍ ശ്രമിച്ചപ്പോഴാണ് ദില്ലി വിമാനത്താവളം അധികൃതര്‍ ക്ലിയറന്‍സ് നിഷേധിച്ചത്. മൃതദേഹത്തിന് സാംക്രമിക രോഗങ്ങളൊന്നുമില്ലെന്ന സര്‍ട്ടിഫിക്കറ്റ് യുഎഇ ആരോഗ്യ വകുപ്പില്‍ നിന്ന് വാങ്ങി സാക്ഷ്യപ്പെടുത്തി അയക്കണമെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ മരണ സര്‍ട്ടിഫിക്കറ്റില്‍ തന്നെ മരണകാരണം വ്യക്തമാക്കുന്നതല്ലാതെ ഇത്തരമൊരു സര്‍ട്ടിഫിക്കറ്റ് യുഎഇ അധികൃതര്‍ സാധാരണ നല്‍കാറില്ലെന്ന് സാമൂഹിക പ്രവര്‍ത്തകര്‍ പറയുന്നു. മറ്റ് വിമാനത്താവളങ്ങളിലേക്ക് ഇങ്ങനെ മൃതദേഹങ്ങള്‍ എത്തിക്കാറുണ്ടെന്നും അവര്‍ പറഞ്ഞു.

ഒടുവില്‍ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ ദില്ലി വിമാനത്താവള അധികൃതരുമായി നേരിട്ട് സംസാരിച്ച ശേഷമാണ് മൃതദേഹം കൊണ്ടുവരാനുള്ള സമ്മതപത്രം ദില്ലിയില്‍ നിന്ന് ഇത്തിഹാദ് അധികൃതര്‍ക്ക് കൈമാറിയത്.

shortlink

Post Your Comments


Back to top button