Latest NewsIndia

കര്‍ണാടകയിൽ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ പ്രതിസന്ധി, സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം

അടുത്ത രണ്ടാഴ്ച വലിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് കര്‍ണാടക സാക്ഷിയാകുമെന്ന സൂചനകളാണ് ഉള്ളത്.

ബെംഗളൂരു: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കര്‍ണാടകയിലെ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിൽ കൂടുതൽ പ്രതിസന്ധി. അടുത്ത രണ്ടാഴ്ച വലിയ രാഷ്ട്രീയ കരുനീക്കങ്ങള്‍ക്ക് കര്‍ണാടക സാക്ഷിയാകുമെന്ന സൂചനകളാണ് ഉള്ളത്. മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിയെ മാറ്റി സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തിപ്പെടുന്നതിനിടെ ഇരു നേതാക്കളും കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു.

ലോക്‌സഭാ സീറ്റു വിഭജനം മുതല്‍ ഇരുപാര്‍ട്ടികളും തമ്മില്‍ ആരംഭിച്ച തര്‍ക്കം ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വര്‍ധിച്ചു. കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കൂമാരസ്വാമി മത്സരിച്ച മാണ്ഡ്യ ഉള്‍പ്പെടെ ജെഡിഎസ് സ്ഥാനാര്‍ത്ഥികളുടെ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിലെ ചില നേതാക്കളും പ്രവര്‍ത്തകരും എതിര്‍ സ്ഥാനാര്‍ത്ഥിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.മാണ്ഡ്യയില്‍ നിഖിലിനെതിരെ ബിജെപി പിന്തുണയില്‍ മത്സരിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുമലത അംബരീഷിന്റെ അത്താഴ വിരുന്നില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുത്തത് വലിയ വിവാദമായി.

ഇവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കുമാരസ്വാമി കെപിസിസി പ്രസിഡന്റ് ദിനേശ് ഗുണ്ടുറാവുവിന് കത്തെഴുതി. തുടര്‍ന്ന്, അത്താഴ വിരുന്നില്‍ പങ്കെടുത്ത നേതാക്കളോട് കെപിസിസി വിശദീകരണം ആവശ്യപ്പെട്ടെങ്കിലും നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ജെഡിഎസിനെ സന്തോഷിപ്പിക്കുകയല്ല കോണ്‍ഗ്രസിന്റെ ജോലിയെന്ന് സിദ്ധരാമയ്യ കെപിസിസി പ്രസിഡന്റിനോട് പറഞ്ഞതായുള്ള വാര്‍ത്തകളും പുറത്തുവന്നു.ഇതിനു പിന്നാലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യം മുന്നോട്ടു പോകണമെങ്കില്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന് കോണ്‍ഗ്രസിലെ ഒരു വിഭാഗം എംഎല്‍എമാര്‍ പരസ്യമായി ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം കുന്ദ്‌ഗോല്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ സിദ്ധരാമയ്യയും കുമാരസ്വാമിയും ഹുബ്ബള്ളിയിലെ ഒരു ഹോട്ടലില്‍ അടുത്തടുത്ത മുറികളിലായിരുന്നു താമസം. ഇരുനേതാക്കളും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്ന് നേതാക്കള്‍ പ്രതീക്ഷിച്ചെങ്കിലും ഇരുവരും അതിനു തയാറായില്ല.കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കള്‍ ഈ ആവശ്യം മുന്നോട്ടുവച്ചെങ്കിലും സിദ്ധരാമയ്യയും കുമാരസ്വാമിയും വിസമ്മതിച്ചു. ഒടുവില്‍ നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കുമാരസ്വാമി ഫോണില്‍ സംസാരിക്കാന്‍ തയാറായി.

പിന്നീട് മാധ്യമങ്ങളെ കണ്ട സിദ്ധരാമയ്യ, കുമാരസ്വാമി ഫോണ്‍ വിളിച്ചെന്നും സംസാരിച്ചെന്നും സമ്മതിച്ചു. എന്നാല്‍, കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ തയാറായില്ല.കുമാരസ്വാമിയുടെ ഭരണം മോശമാണെന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ ആവര്‍ത്തിച്ചതോടെ കുമാരസ്വാമി കോണ്‍ഗ്രസ്, ദേശീയ-സംസ്ഥാന നേതൃത്വങ്ങളോട് സഖ്യധര്‍മത്തിന് നിരക്കാത്ത പരാമര്‍ശങ്ങള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇതിനു ശേഷവും വിവാദ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തുടര്‍ന്നു.

ഇതിനു പിന്നില്‍ സിദ്ധരാമയ്യയാണെന്ന് ജെഡിഎസ് നേതൃത്വം ഉറച്ചു വിശ്വസിക്കുന്നു.സിദ്ധരാമയ്യ അധികാരമോഹത്താലാണ് ജെഡിഎസ് വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന ബിജെപിയുടെ ആരോപണത്തിനുള്ള സിദ്ധരാമയ്യയുടെ മറുപടിയും വിവാദമായി. താന്‍ ജെഡിഎസ് വിട്ടതല്ലെന്നും തെറ്റായ പ്രവണതകളെ ചോദ്യം ചെയ്തതിന് ജെഡിഎസ് തന്നെ പുറത്താക്കുകയായിരുന്നുവെന്ന് സിദ്ധരാമയ്യ പറഞ്ഞു. ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച്‌.ഡി. ദേവഗൗഡയെ ലക്ഷ്യം വച്ചുള്ള ഈ പരാമര്‍ശവും ജെഡിഎസ് നേതൃത്വത്തിന് സിദ്ധരാമയ്യയോടുള്ള അതൃപ്തി വര്‍ധിക്കാന്‍ കാരണമാകുകയും ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button