Latest NewsIndia

നാടിനെ നടുക്കിയ യുവതിയുടെ കൊല : ദമ്പതികള്‍ അറസ്റ്റില്‍

മംഗളൂരു : നാടിനെ നടുക്കിയ യുവതിയുടെ കൊല യില്‍ ദമ്പതികള്‍ അറസ്റ്റിലായി. യുവതിയെ വെട്ടി നുറുക്കി ശരീരഭാഗങ്ങള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തിലാണ് ദമ്പതികള്‍ അറസ്റ്റിലായത്. മംഗളൂരു വലന്‍ഷ്യ സൂതര്‍പേട്ടില്‍ താമസിക്കുന്ന അത്താവര്‍ സ്വദേശി ജോണസ് ജൂലിന്‍ സാംസണ്‍(36), ഭാര്യ വിക്‌ടോറിയ മത്തായിസ്(46) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പൊലീസ് തന്നെ തിരിച്ചറിഞ്ഞെന്നു മനസിലായതോടെ കഴുത്തിലെ ഞരമ്പു മുറിച്ച് ആത്മഹത്യക്കു ശ്രമിച്ച ജോണ്‍സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ആശുപത്രി വിടുന്നതോടെ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യും. അത്താവറില്‍ ഇലക്ട്രിക് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടയുടമ മങ്കിസ്റ്റാന്‍ഡ് അമര്‍ ആല്‍വാ റോഡില്‍ താമസിക്കുന്ന പൊളാളി മൊഗരു സ്വദേശിനി ശ്രീമതി ഷെട്ടി(35)യാണു ശനിയാഴ്ച കൊല്ലപ്പെട്ടത്. പ്രതി ജോണസ് നന്ദിഗുഡ്ഡെയില്‍ ഫാസ്റ്റ് ഫുഡ് കട നടത്തിയിരുന്നു. നഷ്ടത്തിലായതോടെ അടുത്തിടെ അടച്ചു. കട നടത്താനായി ശ്രീമതിയില്‍ നിന്ന് ജോണസ് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു.

ഇതില്‍ അറുപതിനായിരം രൂപ തിരികെ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു. പല തവണ ആവശ്യപ്പെട്ടിട്ടും ജോണസ് ഇതു നല്‍കിയില്ല. ശനിയാഴ്ച രാവിലെ പണം തിരികെ ആവശ്യപ്പെട്ട് ജോണസിന്റെ വീട്ടിലെത്തിയ ശ്രീമതിയെ ജോണസ് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്നു മൃതദേഹം മൂന്ന് കഷണങ്ങളാക്കി.

തലയും കുറച്ചു ശരീര ഭാഗങ്ങളും കദ്രിയില്‍ ദേശീയപാതയോരത്തും കുറച്ച് ഭാഗങ്ങള്‍ നന്ദിഗുഡ ശ്മശാനത്തിനു സമീപവും ഉപേക്ഷിച്ചു.കാല്‍പ്പാദവും കൈപ്പത്തിയും ശ്രീമതിയുടെ സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ ലഗേജ് വെക്കുന്ന ഭാഗത്ത് ഒളിപ്പിച്ച് സ്‌കൂട്ടര്‍ നാഗൂരിയില്‍ ഉപേക്ഷിച്ചു. ഇതും കഴിഞ്ഞ ദിവസം കണ്ടെത്തിരുന്നു. അന്വേഷണം വഴിതെറ്റിക്കാനാണ് ശരീര ഭാഗങ്ങല്‍ പലയിടങ്ങളിലായി ഉപേക്ഷിച്ചതെന്ന് പൊലീസ് കമ്മിഷണര്‍ സന്ദീപ് പാട്ടീല്‍ പറഞ്ഞു.

ശ്രീമതി അണിഞ്ഞിരുന്ന സ്വര്‍ണാഭരണങ്ങളും മൃതദേഹം ഉപേക്ഷിക്കാന്‍ ഉപയോഗിച്ച സ്‌കൂട്ടറും, കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളും പൊലീസ് കണ്ടെടുത്തു. ഇവ ഒളിപ്പിക്കാന്‍ സഹായിച്ച രാജു എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഹോക്കി സ്റ്റിക്കു കൊണ്ട് ഒരാളെ അടിച്ചു കൊന്ന കേസിലും ജോണസ് പ്രതിയാണ്. ശ്രീമതിയുടെ ഫോണ്‍ വിളികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളെ കണ്ടെത്താന്‍ സഹായിച്ചത്. മുപ്പതംഗങ്ങള്‍ അടങ്ങിയ മൂന്ന് പൊലീസ് സംഘങ്ങളാണ് അന്വേഷണം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button